സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞും അമ്മയും മരിച്ചു

0

സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞും അമ്മയും മരിച്ചു. ചികിത്സാപ്പിഴവ്‌ ആരോപിച്ച്‌ ആശുപത്രിക്കുമുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം. ചിറ്റൂര്‍ തത്തമംഗലം ചെമ്പകശേരി സ്വദേശി എം. രഞ്‌ജിത്തിന്റെ ഭാര്യ ഐശ്വര്യ (23) ആണ്‌ തിങ്കളാഴ്‌ച രാവിലെ മരിച്ചത്‌. ഐശ്വര്യയുടെ കുഞ്ഞ്‌ ഞായറാഴ്‌ച പുലര്‍ച്ചെ മരിച്ചിരുന്നു. രഞ്‌ജിത്തിന്റെ പരാതിയില്‍ ടൗണ്‍ സൗത്ത്‌ പോലീസ്‌ കേസെടുത്തു.
പ്രസവശേഷം ഗുരുതരാവസ്‌ഥയിലായ ഐശ്വര്യ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ്‌ മരിച്ചത്‌. കുഞ്ഞു മരിച്ചപ്പോള്‍ തന്നെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു. ഐശ്വര്യയെ ഒന്‍പതു മാസം ചികിത്സിച്ച ഡോക്‌ടര്‍ പ്രസവസമയം ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. ശസ്‌ത്രക്രിയ മതിയെന്ന്‌ അറിയിച്ചിട്ടും ഡോക്‌ടര്‍ തയാറായില്ല. മരണശേഷമാണ്‌ ഐശ്വര്യയുടെ ഗര്‍ഭപാത്രം നീക്കിയ വിവരം പോലും ആശുപത്രി അധികൃതര്‍ പറഞ്ഞതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
കുഞ്ഞിനു പിന്നാലെ ഇന്നലെ ഐശ്വര്യയും മരിച്ചതോടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കു മുന്നില്‍ തടിച്ചുകൂടി മരണത്തിന്‌ ഉത്തരവാദികളായ ഡോക്‌ടര്‍മാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ടു. പോലീസ്‌ ഇടപെട്ടാണ്‌ സംഘര്‍ഷാവസ്‌ഥ നിയന്ത്രിച്ചത്‌.
ജൂണ്‍ 29 നാണ്‌ പ്രസവത്തിനായി ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ശനിയാഴ്‌ച രാത്രി പ്രസവമുറിയിലേക്ക്‌ കൊണ്ടുപോയി. ഞായറാഴ്‌ച പുലര്‍ച്ചെ രണ്ടരയോടെ കുഞ്ഞ്‌ മരിച്ചതായി അറിയിച്ചു. അതിനു പിന്നാലെയാണ്‌ ഐശ്വര്യയും മരിച്ചത്‌. അമിത രക്‌തസ്രാവമാണ്‌ ഐശ്വര്യയുടെ ആരോഗ്യനില വഷളാക്കിയതെന്നാണ്‌ ആശുപത്രി അധികൃതര്‍ പറയുന്നത്‌. ജില്ലാ ആശുപത്രിയിലെ ഇന്‍ക്വസ്‌റ്റിനു ശേഷം ഐശ്വര്യയുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. ഐശ്വര്യയുടെ നീക്കിയ ഗര്‍ഭപാത്രം പരിശോധനയ്‌ക്ക്‌ അയച്ചിട്ടുണ്ട്‌.
കുഞ്ഞിന്റെ മരണത്തില്‍ പരാതിയുള്ളതിനാല്‍ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത്‌ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി. കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിവരിഞ്ഞിരുന്നു. ഇതുമൂലം വാക്വം ഉപയോഗിച്ച്‌ കുഞ്ഞിനെ പുറത്തെടുക്കാന്‍ പ്രയാസപ്പെട്ടിട്ടുണ്ടെന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്‌. ഇതിന്റെ ലക്ഷണങ്ങള്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെകൂടി അടിസ്‌ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നു പോലീസ്‌ അറിയിച്ചു. നിലവില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്‌ക്കാണ്‌ കേസെടുത്തിട്ടുള്ളത്‌.
കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സോഫ്‌റ്റ്‌വേര്‍ കമ്പനിയില്‍ എന്‍ജിനീയര്‍മാരാണ്‌ ഐശ്വര്യയും രഞ്‌ജിത്തും. കൊഴിഞ്ഞാമ്പാറ അത്തിക്കോട്‌ പണിക്കര്‍കളം സ്വദേശികളായ മോഹനന്‍-ഓമന ദമ്പതികളുടെ മകളാണ്‌ ഐശ്വര്യ. സഹോദരി: അശ്വതി.

LEAVE A REPLY

Please enter your comment!
Please enter your name here