അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുത്തനെ താഴുകയാണ്

0

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുത്തനെ താഴുകയാണ്. സ്വർണവിലയിലുണ്ടാകുന്ന ഇടിവിന്റെ ട്രെൻഡ് ഇപ്പോഴും തുടരുന്നു. ഇന്ന് 1710 ഡോളറിലാണ് സ്വർണ്ണത്തിന്റെ വ്യാപാരം നടക്കുന്നത്. ഇതാണ് സ്ഥിതി എങ്കിലും കേരളത്തിലോ ഇന്ത്യയിലോ സ്വർണത്തിന് വില കുറയുന്നില്ല. കാരണം എന്താണെന്നോ, രൂപയുടെ മൂല്യം കുത്തനെ കുറയുന്നത് തന്നെ.
സ്വർണ വില ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞെങ്കിലും കൂടിയും കുറഞ്ഞും സ്വർണവില ചാഞ്ചാടുകയാണ്. രൂപയുടെ വിനിമയ നിരക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവിലാണ് ഇന്ന്. 79.99 ലാണ് യുഎസ് ഡോളറിനെതിരെ ഇന്ന് രൂപയുടെ വിനിമയം നടക്കുന്നത്. ഒരു കിലോ സ്വർണ കട്ടിയുടെ ബാങ്ക് നിരക്ക് 52 ലക്ഷത്തിനു മുകളിലാണ്. ഇന്ത്യൻ രൂപ നാൾക്കുനാൾ തളരുന്നതാണ് അന്താരാഷ്ട്ര വിപണിയിലെ സ്വർണ്ണ വിലയിൽ ഉള്ള കുറവ് ഇവിടെ പ്രതിഫലിക്കാതിരിക്കാൻ കാരണം.
ഇപ്പോഴത്തെ നിലയിൽ ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം 82 രൂപയ്ക്ക് മുകളിലേക്ക് താഴും എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണ്ണത്തിന്റെ അന്താരാഷ്ട്ര വിലയിൽ 350 ഡോളറോളം കുറവുണ്ടായി. ഇതിനു മുൻപ് ഇത്രയും വില കുറഞ്ഞത് 2012ലാണ്. സ്വർണത്തേക്കാൾ മികച്ച നിക്ഷേപമായി വൻകിട നിക്ഷേപകർ ഡോളറിനെ കാണുന്നതാണ് ഇപ്പോഴത്തെ ഇടിവിന് കാരണം എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
അമേരിക്കൻ ഫെഡറൽ റിസർവ് ജൂലൈ 26, 27 തീയതികളിൽ പലിശനിരക്ക് ഉയർത്തും എന്നതും സ്വർണത്തിന് മുന്നിലെ വെല്ലുവിളിയാണ്. അതേസമയം കേരളത്തിൽ കർക്കിടക മാസം ആരംഭിക്കാൻ ഇരിക്കുന്നത് സ്വർണ്ണ വിപണിയെ കൂടുതൽ സമ്മർദ്ദത്തിലേക്ക് എത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here