സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

0

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളിൽ നിന്നുള്ളവർ ഫ്ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാൽ ആ ജില്ലകൾക്ക് പ്രത്യേക ജാഗ്രത നൽകിയിട്ടുണ്ട്. രാവിലേയും വൈകുന്നേരവും ആരോഗ്യ പ്രവർത്തകർ ഇവരെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്നതാണ്. ഇവർക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ കോവിഡ് ഉൾപ്പെടെയുള്ള പരിശോധന നടത്തുന്നതാണ്. മങ്കിപോക്സിന്റെ ലക്ഷണങ്ങളുണ്ടെങ്കിൽ ആ പരിശോധനയും നടത്തും. എല്ലാ ജില്ലകളിലും ഐസൊലേഷൻ സജ്ജമാക്കും. മെഡിക്കൽ കോളേജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും യാത്രക്കാർ ഉള്ളതിനാൽ വിമാനത്താവളങ്ങളിൽ ജാഗ്രത പാലിക്കേണ്ടതാണ്. അനാവശ്യമായ ഭീതിയോ ആശങ്കയോ വേണ്ട. രോഗി യാത്ര ചെയ്ത വിമാനത്തിൽ വന്നവർ സ്വയം നിരീക്ഷിക്കേണ്ടതാണ്. സംസ്ഥാന തലത്തിൽ മോണിറ്ററിംഗ് സെൽ രൂപീകരിക്കും. എല്ലാ ജില്ലകൾക്കും ഗൈഡ്ലൈൻ നൽകുകയും ചെയ്യും.
കഴിഞ്ഞ പന്ത്രണ്ടാം തീയതി യു.എ.ഇ. സമയം വൈകുന്നേരം അഞ്ചു മണിക്കുള്ള ഷാർജ- തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലാണ് (6E 1402, സീറ്റ് നമ്പർ 30 സി) ഇദ്ദേഹം എത്തിയത്. വിമാനത്തിൽ 164 യാത്രക്കാരും ആറ് കാബിൻ ക്രൂവുമാണ് ഉണ്ടായിരുന്നത്. അതിൽ ഇദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 പേർ ഹൈ റിസ്ക് കോണ്ടാക്ട് പട്ടികയിലുള്ളവരാണ്. ഈ വിമാനത്തിൽ യാത്ര ചെയ്തവർ സ്വയം നിരീക്ഷണം നടത്തുകയും 21 ദിവസത്തിനകം എന്തെങ്കിലും രോഗലക്ഷണമുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും വേണം. പലരുടേയും ഫോൺ നമ്പർ ലഭ്യമല്ലാത്തതിനാൽ പോലീസിന്റെ സഹായത്തോടു കൂടി ഇവരെ ബന്ധപ്പെട്ടു വരുന്നതായും ആരോഗ്യ മന്ത്രി അറിയിച്ചു.

കുടുംബാംഗങ്ങളിൽ അച്ഛനും അമ്മയും, ഓട്ടോ ഡ്രൈവർ, ടാക്സി ഡ്രൈവർ, സ്വകാര്യ ആശുപത്രിയിലെ ഡെർമറ്റോളജിസ്റ്റ്, തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 യാത്രക്കാർ എന്നിവരാണ് ഇപ്പോൾ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. എമിഗ്രേഷൻ ക്ലിയറൻസ് ഉദ്യോഗസ്ഥരേയും രോഗിയുടെ ബഗേജ് കൈകാര്യം ചെയ്തവരേയും നിരീക്ഷിക്കുന്നതാണ്.
രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കും. രോഗിയുമായി മുഖാമുഖം വരിക, രോഗി ധരിച്ച വസ്ത്രങ്ങൾ, പാത്രങ്ങൾ, കിടക്ക എന്നിവ ഉപയോഗിക്കുക, പി.പി.ഇ. കിറ്റ് ഇടാതെ സമീപിക്കുക, രോഗം വന്നയാളുമായി ലൈംഗിക ബന്ധം പുലർത്തുക എന്നിവ ക്ലോസ് കോണ്ടാക്ട് ആയി വരും.

LEAVE A REPLY

Please enter your comment!
Please enter your name here