ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സർക്കാർ വ്യാജരേഖ ചമച്ചെന്ന കേസിൽ മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു

0

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സർക്കാർ വ്യാജരേഖ ചമച്ചെന്ന കേസിൽ മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. . മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തെ ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയിൽവിട്ടു. ഭട്ടിനെ ചോദ്യംചെയ്തുവരുകയാണെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. ലോക്കപ്പ് മരണക്കേസിൽ ശിക്ഷിക്കപ്പെട്ട് പാലൻപുർ ജയിലിൽക്കഴിയുകയായിരുന്ന ഭട്ടിനെ ട്രാൻസ്ഫർ വാറന്റിലൂടെയാണ് കസ്റ്റഡിയിലെടുത്തത്.

ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ഭട്ടിനെ അഹമ്മദാബാദിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാമൂഹികപ്രവർത്തക തീസ്ത സെതൽവാദും മുൻ ഡി.ജി.പി.യും മലയാളിയുമായ ആർ.ബി. ശ്രീകുമാറും കൂട്ടുപ്രതികളായ വ്യാജരേഖാ കേസിലാണ് ഭട്ടിനെയും അറസ്റ്റുചെയ്തത്. അന്വേഷണക്കമ്മിഷനുകൾക്ക് നൽകാനായി സർക്കാർരേഖകൾ തിരുത്തിയതും മുഖ്യമന്ത്രിക്കൊപ്പം യോഗത്തിൽ പങ്കെടുത്തെന്ന് വ്യാജരേഖയുണ്ടാക്കിയതും സഞ്ജീവ് ഭട്ടിനെതിരായ ആരോപണങ്ങളിൽപ്പെടും.

തീസ്തയും ശ്രീകുമാറും ഈ കേസിൽ ജൂലായ് രണ്ടുമുതൽ ജയിലിൽ റിമാൻഡിലാണ്. ഗുജറാത്ത് കലാപത്തിനിടെ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എംപി. ഇഹ്സാൻ ജഫ്രിയുടെ ഭാര്യ സാക്കിയയുടെ പരാതി തള്ളിയ സുപ്രീംകോടതിവിധിയിൽ ഇവർക്കെതിരേ നടപടിയെടുക്കാൻ നിർദേശമുണ്ടായിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് കേസെടുത്തതും അറസ്റ്റുചെയ്തതും.

LEAVE A REPLY

Please enter your comment!
Please enter your name here