തന്റെ പേരും വിലാസവും ഉപയോഗിച്ച് ആരൊക്കെയോ മുഖ്യമന്ത്രിക്കും ഡിജിപിക്കും വ്യാജപരാതികൾ അയച്ചപ്പോൾ സ്വസ്ഥത നഷ്ടപ്പെട്ട് വട്ടം കറങ്ങുകയാണ് തൊടുപുഴക്കാരനായ റിജോ എബ്രഹാം എന്ന യുവാവ്

0

തൊടുപുഴ: തന്റെ പേരും വിലാസവും ഉപയോഗിച്ച് ആരൊക്കെയോ മുഖ്യമന്ത്രിക്കും ഡിജിപിക്കും വ്യാജപരാതികൾ അയച്ചപ്പോൾ സ്വസ്ഥത നഷ്ടപ്പെട്ട് വട്ടം കറങ്ങുകയാണ് തൊടുപുഴ ക്കാരനായ റിജോ എബ്രഹാം എന്ന യുവാവ്. റിജോയുടെ പേരും വിലാസവും ഉപയോഗിച്ച് 32 പരാതികളാണ് അജ്ഞാതർ അയച്ചിരിക്കുന്നത്. ഇതോടെ പൊലീസ് സ്‌റ്റേഷനുകളിൽ നിന്നും മൊഴി എടുക്കാൻ ചെല്ലാനാവശ്യപ്പെട്ട് നിരന്തരം വിളിയാണ്. പോരാത്തതിന് ഭീഷണി കോളുകൾ വേറെയും.

മണക്കാട് പുതുപ്പരിയാരം സ്വദേശി റിജോയുടെ പേരും ഔദ്യോഗിക വിലാസവും ഒപ്പും ഫോൺ നമ്പരും ഉപയോഗിച്ചാണ് ആരൊക്കെയോ തിരുവനന്തപുരത്തേക്ക് വ്യാജ പരാതികൾ അയച്ചിരിക്കുന്നത്. കൂടുതലും ഇടുക്കിയിലെ പൊലീസ് സേനയെ കുറിച്ചുള്ള പരാതികളാണ്. ഒടുവിൽ, ഇതിനു പിന്നിൽ താനല്ലെന്നും പേര് ദുരുപയോഗപ്പെടുത്തുകയാണെന്നും കാണിച്ച് ഇടുക്കി എസ്‌പിക്കും തൊടുപുഴ ഡിവൈ.എസ്‌പിക്കും പരാതി നൽകി. എന്നിട്ടും പരാതിയിന്മേൽ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുകളിൽനിന്ന് റിജോയുടെ ഫോണിലേക്ക് വിളി തുടരുകയാണ്.

നിർത്താതെയുള്ള ഫോൺവിളികൾക്കുപുറമേ, ഇടുക്കി ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലെത്തി മൊഴി നൽകാൻ കൂടി നിർബന്ധിക്കപ്പെടുകയാണെന്ന് റിജോ പറയുന്നു. പൊതുപ്രവർത്തകനും, ഹ്യൂമൻ റൈറ്റ്സ് ഫോറം ഇടുക്കി ജില്ലാ സെക്രട്ടറിയും കൂടിയാണ് റിജോ. സംഘടനയുടെ വിലാസവും റിജോയുടെ സ്ഥാനനാമവും ഉപയോഗിച്ച് ഇടുക്കി ജില്ലയിലെ പൊലീസ് സേനയെക്കുറിച്ചുള്ള പരാതികളാണ് കത്തുകളായി അജ്ഞാതർ തിരുവനന്തപുരത്തേക്ക് അയച്ചത്.

പരാതി അന്വേഷിക്കാനായി ഡി.ജി.പിയുടെ ഓഫീസിൽനിന്ന് താഴേക്ക് കൈമാറി. തുടർന്ന് നർകോട്ടിക് സെൽ അടക്കമുള്ള ഓഫീസുകളിൽ മൊഴി നൽകാൻ ഹാജരാവണമെന്നാവശ്യപ്പെട്ട് റിജോയ്ക്ക് നിരന്തരം ഫോൺ വിളികളെത്തുന്നുണ്ട്. താനല്ല പരാതി നൽകിയതെന്ന് പലവട്ടം പറഞ്ഞിട്ടും എത്താൻ നിർബന്ധിക്കുകയാണെന്നും റിജോ പറയുന്നു.

അവസാനമായി തൊടുപുഴ സിഐക്കെതിരേ ആരോ റിജോയുടെ പേരിൽ പരാതി അയച്ചു. ഇതിൽ ഹാജരാകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഡിവൈ.എസ്‌പി. ഓഫീസിലെത്തി സത്യാവസ്ഥ ബോധ്യപ്പെടുത്തി പരാതിയും നൽകി. തന്നെ കുടുക്കാൻ ലക്ഷ്യം വെച്ചുള്ളതാണ് ഈ വ്യാജ പരാതികളെന്ന് റിജോ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here