ആരോപണം തെളിയിക്കാന്‍ സ്വപ്‌നയുടെ മൊബൈല്‍ ഫോണിലെ തെളിവുകള്‍ അനിവാര്യമെന്ന്‌ ഇ.ഡി.

0

കൊച്ചി: സ്വര്‍ണക്കടത്തുകേസ്‌ പ്രതി സ്വപ്‌നാ സുരേഷ്‌ തന്റെ രഹസ്യമൊഴിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ അവരുടെ മൊബൈല്‍ ഫോണ്‍ പരിശോധനാ റിപ്പോര്‍ട്ട്‌ പരിശോധിക്കേണ്ടത്‌ അനിവാര്യമാണെന്നു എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി).
മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, എം. ശിവശങ്കര്‍, മുന്‍ മന്ത്രി കെ.ടി. ജലീല്‍ തുടങ്ങിയവര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണു സ്വപ്‌ന ഉന്നയിച്ചിട്ടുള്ളത്‌. ഇതിനു തെളിവ്‌ തന്റെ മൊബൈലില്‍ ഉണ്ടെന്നാണു സ്വപ്‌ന അറിയിച്ചിരിക്കുന്നത്‌. ഈ ഫോണ്‍ എന്‍.ഐ.എ. കസ്‌റ്റഡിയിലാണ്‌. എന്‍.ഐ.എ. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതിനാല്‍, ഫോണ്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു സ്വപ്‌ന കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്‌. ഫോറന്‍സിക്‌ ലാബില്‍ നിന്ന്‌ മൊബൈല്‍ ഡേറ്റകളുടെ പകര്‍പ്പ്‌ എന്‍.ഐ.എ. എടുത്തിട്ടുണ്ട്‌.
കോണ്‍സുലേറ്റില്‍ നടന്ന ഇടപാടുകളുടെയും കോണ്‍സുല്‍ ജനറലിന്റെ സന്ദര്‍ശനങ്ങളുടെയും രേഖകളും ചിത്രങ്ങളും ഫോണില്‍ ഉണ്ടെന്നാണു സ്വപ്‌ന പറയുന്നത്‌. ഇതു ലഭ്യമാകാതെ ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ കഴിയില്ല. കൃത്യമായ തെളിവുകളുടെ പിന്‍ബലത്തില്‍ മാത്രമേ ഉന്നതരെ ചോദ്യം ചെയ്യാനാകൂവെന്നാണ്‌ ഇ.ഡിക്കു ലഭിച്ച നിയമോപദേശം. അല്ലെങ്കില്‍ കോടതിയില്‍ തിരിച്ചടിയുണ്ടാകുമെന്നു മാത്രമല്ല കേസ്‌ രാഷ്‌ട്രീയ പ്രേരിതമാണെന്ന ആരോപണമുയരുകയും ചെയ്യും.
ഈ സാഹചര്യത്തില്‍ സ്വപ്‌നയുടെ മൊബൈല്‍ ഫോറന്‍സിക്‌ പരിശോധനാ ഫലം ലഭിച്ചശേഷമാകും തുടര്‍ചോദ്യം ചെയ്യല്‍. അതിനുശേഷമാകും ആരോപണ വിധേയരെ ചോദ്യംചെയ്യുന്നത്‌. ഷാജ്‌ കിരണിനെ വീണ്ടും ചോദ്യംചെയ്യനാണ്‌ ഇ.ഡി. തീരുമാനം.

Leave a Reply