ഏകദിന ക്രിക്കറ്റിലെ തുടര്‍ച്ചയായ പരമ്പര നേട്ടങ്ങളില്‍ പാകിസ്‌താനെ ഇന്ത്യ മറികടന്നു

0

ഏകദിന ക്രിക്കറ്റിലെ തുടര്‍ച്ചയായ പരമ്പര നേട്ടങ്ങളില്‍ പാകിസ്‌താനെ ഇന്ത്യ മറികടന്നു. വെസ്‌റ്റിന്‍ഡീഡിനെതിരായ മൂന്ന്‌ ഏകദിനങ്ങളുടെ പരമ്പര 2-0 ത്തിന്‌ ഉറപ്പാക്കിയതോടെയാണ്‌ ഇന്ത്യ പാകിസ്‌താനെ മറികടന്നത്‌.
വെസ്‌റ്റിന്‍ഡീസിനെതിരായ ഇന്ത്യയുടെ തുടര്‍ച്ചയായ 12-ാം ഏകദിന പരമ്പര വിജയമായിരുന്നു ഇത്‌. ഒരു രാജ്യത്തിനെതിരേ തുടര്‍ച്ചയായി ഏറ്റവുമധികം ദ്വിരാഷ്‌ട്ര ഏകദിന പരമ്പരകള്‍ നേടുന്ന ടീമെന്ന നേട്ടമാണ്‌ ഇന്ത്യക്ക്‌ സ്വന്തമായത്‌. 2007 മുതല്‍ വിന്‍ഡീസിനെതിരേ നടന്ന ഏകദിന പരമ്പരകളെല്ലാം ഇന്ത്യ സ്വന്തമാക്കി. ഇത്തവണ ഒന്നാം ഏകദിനത്തില്‍ മൂന്ന്‌ റണ്ണിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ രണ്ടു വിക്കറ്റിനു ജയിച്ചതോടെയാണു പരമ്പര സ്വന്തമാക്കിയത്‌. 1996 മുതല്‍ 2021 വരെ സിംബാബ്‌വെയ്‌ക്കെതിരേ തുടര്‍ച്ചയായി 11 പരമ്പരകള്‍ വിജയിച്ച പാകിസ്‌താന്റെ റെക്കോഡാണ്‌ ഇന്ത്യ പഴങ്കഥയാക്കിയത്‌.
തുടച്ചയായ ഏകദിന പരമ്പര വിജയങ്ങളുടെ റെക്കോഡ്‌: ഇന്ത്യ – വിന്‍ഡീസ്‌ (2007-… ) 12 പരമ്പര വിജയങ്ങള്‍. പാകിസ്‌താന്‍ – സിംബാബ്‌വേ (1996 – 2021) 11 പരമ്പര വിജയങ്ങള്‍. പാകിസ്‌താന്‍ – വെസ്‌റ്റിന്‍ഡീസ്‌ (1999 – 2022) 10 പരമ്പര ജയങ്ങള്‍. ദക്ഷിണാഫ്രിക്ക – സിംബാബ്‌വേ (1995-2018) ഒന്‍പത്‌ പരമ്പര ജയങ്ങള്‍. ഇന്ത്യ – ശ്രീലങ്ക (2007 – 2021) ഒന്‍പത്‌ പരമ്പര ജയങ്ങള്‍.
ഇന്ത്യയും വെസ്‌റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേതുമായ മത്സരം ബുധനാഴ്‌ച നടക്കും. രണ്ടാം ഏകദിനത്തില്‍ അവസാന ഓവര്‍ വരെ ആവേശം നിറച്ചാണ്‌ ഇന്ത്യ ജയിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ്‌ ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 311 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ കളി തീരാന്‍ രണ്ടു പന്തുകള്‍ ശേഷിക്കേ ജയത്തിലെത്തി. അക്ഷര്‍ പട്ടേലിന്റെ മിന്നും പ്രകടനമാണ്‌ (35 പന്തില്‍ അഞ്ച്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം പുറത്താകാതെ 64) ഇന്ത്യയെ ജയത്തിലെത്തിച്ചത്‌.
ഏകദിനത്തിലെ കന്നി അര്‍ധ സെഞ്ചുറി നേടിയ സഞ്‌ജു സാംസണ്‍ (51 പന്തില്‍ മൂന്ന്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 54), ശ്രേയസ്‌ അയ്യര്‍ (71 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം 63) എന്നിവരുടെ ഇന്നിങ്‌സുകള്‍ ഇന്ത്യക്ക്‌ മികച്ച അടിത്തറ നല്‍കി. വെടിക്കെട്ട്‌ ബാറ്റിങ്ങിനു പുറമേ ഒരു വിക്കറ്റുമെടുത്ത അക്ഷറാണു മത്സരത്തിലെ താരം. വിന്‍ഡീസ്‌ മുന്നോട്ടുവച്ച 312 റണ്‍ പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം ശുഭമായിരുന്നില്ല.
നായകന്‍ ശിഖര്‍ ധവാന്‍ (31 പന്തില്‍ 13) റൊമാരിയോ ഷെപ്പേഡിനു വിക്കറ്റ്‌ നല്‍കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ശുഭ്‌മന്‍ ഗില്ലും (49 പന്തില്‍ 43) സൂര്യകുമാര്‍ യാദവും (ഒന്‍പത്‌) മടങ്ങിയതോടെ ഇന്ത്യ ഞെട്ടി. പിന്നീട്‌ ഒത്തുചേര്‍ന്ന ശ്രേയസ്‌ അയ്യര്‍-സഞ്‌ജു സാംസണ്‍ സഖ്യമാണ്‌ ഇന്ത്യയെ പതിയെ മത്സരത്തിലേക്ക്‌ തിരിച്ചെത്തിച്ചത്‌. ഇരുവരും ചേര്‍ന്ന്‌ നാലാം വിക്കറ്റില്‍ 99 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശ്രേയസ്‌ പുറത്തായതിന്‌ പിന്നാലെ സഞ്‌ജു റണ്ണൗട്ടായി മടങ്ങിയോതോടെ വിന്‍ഡീസ്‌ പിടിമുറുക്കി. ദീപക്‌ ഹൂഡയും (36 പന്തില്‍ 33) സഞ്‌ജുവും ചേര്‍ന്ന്‌ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടു പോകവേയാണു റണ്ണൗട്ട്‌ വരുന്നത്‌. അവസാന മൂന്ന്‌ പന്തില്‍ ആറ്‌ റണ്ണായിരുന്നു ഇന്ത്യക്ക്‌ വേണ്ടത്‌. കെയ്‌ല്‍ മായേഴ്‌സ് എറിഞ്ഞ നാലാം പന്ത്‌ സിക്‌സര്‍ പറത്തിയാണ്‌ അക്ഷര്‍ വിജയ റണ്‍ കുറിച്ചത്‌. വിന്‍ഡീസിലെ ഏകദിനത്തില്‍ ഒരു ടീം പിന്തുടര്‍ന്ന്‌ ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണിത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത് വിന്‍ഡീസ്‌ നൂറാം മത്സരത്തില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ ഷായ്‌ ഹോപ്പിന്റെ ബാറ്റിങ്‌ മികവിലാണു 300 കടന്നത്‌. വിക്കറ്റ്‌ കീപ്പര്‍ കൂടിയായ ഹോപ്പ്‌ 135 പന്തില്‍ മൂന്ന്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം 115 റണ്ണെടുത്തു.
ടോസ്‌ നേടിയ വിന്‍ഡീസ്‌ നായകന്‍ നികോളാസ്‌ പൂരാന്‍ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. കെയ്‌ല്‍ മായേഴ്‌സും (23 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 39) ഹോപ്പും ചേര്‍ന്ന്‌ ഓപ്പണിങ്‌ വിക്കറ്റില്‍ 65 റണ്ണെടുത്തു. ഷാംറ ബ്രൂക്‌സ് (36 പന്തില്‍ 35), പൂരാന്‍ (77 പന്തില്‍ ആറ്‌ സിക്‌സറും ഒരു ഫോറുമടക്കം 74), റോവ്‌മാന്‍ പവല്‍ (13) എന്നിവരും ഹോപ്പിനു മികച്ച പിന്തുണ നല്‍കി. ബ്രാണ്ടന്‍ കിങ്‌ (0) മാത്രമാണു മുന്‍നിരയില്‍ നിരാശപ്പെടുത്തിയത്‌. ഇന്ത്യക്കു വേണ്ടി ശാര്‍ദൂല്‍ ഠാക്കൂര്‍ മൂന്ന്‌ വിക്കറ്റെടുത്തു. യുവ പേസര്‍ ആവേശ്‌ ഖാന്‍ രാജ്യാന്തര ഏകദിനത്തില്‍ അരങ്ങേറി.

Leave a Reply