യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി പരാതി

0

കോഴിക്കോട് പെരുവണ്ണാമൂഴിയിൽ യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു. പെരുവണ്ണാമൂഴി സ്വദേശി ഇർഷാദിനെയാണ് കാണാതായത്. മെയ് 13ന് ദുബായിൽ നിന്നും എത്തിയ ഇർഷാദ് സ്വർണം എടുത്തെന്നും തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട് നിരന്തരം ഭീഷണി സന്ദേശം വരാറുണ്ടെന്നും വീട്ടുകാർ പറഞ്ഞു.

ദുബായിൽ നിന്നും നാട്ടിലെത്തിയ ശേഷം മെയ് 23ന് ജോലിക്കെന്ന് പറഞ്ഞ് കോഴിക്കോടേക്ക് പോയിരുന്നു. പിന്നീടാണ് ഇർഷാദിന്റെ വീട്ടിലേക്ക് ഭീഷണി സന്ദേശം വന്നത്. ഇർഷാദ് ദുബായിയിൽ നിന്ന് വരുമ്പോൾ സ്വർണം കൊണ്ടുവന്നിരുന്നുവെന്നും അത് തിരിച്ചുതരണമെന്നും പറഞ്ഞാണ് സന്ദേശങ്ങൾ വരുന്നത്. പൊലീസിൽ അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പൊലീസിൽ പരാതി നൽകിയിരുന്നില്ല.

കഴിഞ്ഞ ദിവസം സംഘം ഇർഷാദിനെ തട്ടിക്കൊണ്ടു പോയി. ഇർഷാദിനെ കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ അയച്ചുകൊടുത്തതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്. നിരന്തരം ഭീഷണി കോളുകൾ വരാറുണ്ടെന്നും പൊലീസിനെ അറിയിച്ചാൽ മകനെ കൊലപ്പെടുത്തി ചാക്കിലാക്കി ഉപേക്ഷിക്കുമെന്ന് നാസർ എന്ന് പേരുള്ളയാൾ ഫോണിൽ പറഞ്ഞെന്നും ഇർഷാദിന്റെ മാതാവ് നബീസ പറഞ്ഞു.

Leave a Reply