സംസ്ഥാനത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കി

0

 
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കി. രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച വിമാനത്തില്‍ ഉണ്ടായിരുന്ന 35 പേരുടെ സ്വദേശമായ അഞ്ചുജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാനിര്‍ദേശവും നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളോട് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

മങ്കിപോക്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രത്യേക സൗകര്യമൊരുക്കാന്‍ യോഗം തീരുമാനിച്ചു. കൊല്ലം സ്വദേശിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ 16 പേരെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. വിമാനത്തില്‍ രോഗബാധിതന്റെ അരികില്‍ ഇരുന്ന 11 പേരെ ഹൈ റിസ്‌ക് പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരോട് സ്വയം നിരീക്ഷണം നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 11 പേര്‍ അടക്കം വിമാനത്തിലുണ്ടായിരുന്ന 35 പേര്‍ക്കും സമാനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  രാവിലെയും വൈകീട്ടും ഫോണില്‍ വിളിച്ച് ആരോഗ്യവിവരങ്ങള്‍ തിരക്കാന്‍ ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. നമ്പര്‍ ലഭ്യമല്ലാത്തത് കൊണ്ട് ചിലരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ഇവരെയും കണ്ടെത്തി നിര്‍ദേശങ്ങള്‍ നല്‍കാന്‍ യോഗം തീരുമാനിച്ചു.

മങ്കിപോക്‌സിന് 21 ദിവസമാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്. 21 ദിവസമാണ് മങ്കി പോക്‌സിന്റെ ഇന്‍ക്യൂബേഷന്‍ പിരീഡ്. അതിനിടെ കൊല്ലം സ്വദേശി തിരുവനന്തപുരത്ത് എത്തിയ വിമാനത്തിന്റെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. 12ന് ഷാര്‍ജ- തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് കൊല്ലം സ്വദേശി തിരുവനന്തപുരത്ത് എത്തിയത്. വിമാനത്തില്‍ 160ല്‍പ്പരം യാത്രക്കാര്‍ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here