മങ്കിപോക്സ് പ്രാഥമിക സമ്പർക്കപട്ടികയിൽ 16 പേർ. 5 ജില്ലകളിൽ ജാഗ്രത

0

മങ്കിപോക്സ് പ്രാഥമിക സമ്പർക്കപട്ടികയിൽ 16 പേർ. 5 ജില്ലകളിൽ ജാഗ്രത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് ജാഗ്രത.

കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് ജനങ്ങൾ. യുഎഇയിൽ നിന്നും വന്ന കൊല്ലം സ്വദേശിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഈ മാസം 12 ന് ആണ് കൊല്ലം സ്വദേശി നാട്ടിലെത്തിയത്. ടാക്സിയിൽ ആയിരുന്നു തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഇയാൾ വന്നത്. ഇയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ പത്തോളം പേർ ഉണ്ട്. ഇവരെല്ലാം കൊല്ലം സ്വദേശികളാണ്. വീട്ടുകാർ, ടാക്സി ഡ്രൈവർ, ഓട്ടോ ഡ്രൈവർ, സ്വകാര്യ ആശുപത്രി ജീവനക്കാർ എന്നിവരെല്ലാമാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ പെടുന്നത്. ഇവർക്കാർക്കും ഇതുവരെ രോഗലക്ഷണങ്ങൾ ഒന്നുമില്ല.

അതേസമയം മങ്കിപോക്സ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാലംഗ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും.സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന് വേണ്ട നിർദേശങ്ങളും സഹായങ്ങളും സംഘം നൽകും. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിലെ ഒരു അംഗവും, ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഉപദേഷ്ടാവും, രണ്ട് ഡോക്ടർമാരുമാണ് സംഘത്തിലുള്ളത്.സംഘത്തിൽ ഒരു മലയാളിയുമുണ്ട്. കേരളത്തിലെ സ്ഥിതി കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഇതിനിടെ കേരളത്തിൽ കൂടുതൽ പേരെ ആവശ്യമെങ്കിൽ ആശുപത്രികളിലെ നിരീക്ഷണത്തിലേക്ക് മാറ്റാൻ നടപടി എടുക്കും. പൊസിറ്റിവ് ആയ കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തിൽ അടുത്തു യാത്ര ചെയ്ത 11 പേർ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. സ്വയം നിരീക്ഷണം പാലിക്കാനും, ലക്ഷണങ്ങൾ കണ്ടെത്തിയാൽ പരിശോധിക്കാനും ആണ് ഇപ്പോൾ നിർദേശം നൽകിയിട്ടുള്ളത്. ചികിത്സ, ഐസൊലേഷൻ, വിമാന താവളങ്ങളിൽ ഉൾപ്പടെ നിരീക്ഷണം എന്നിവയിൽ വിശദമായ മാർഗ രേഖയും തയാറാണ്.

LEAVE A REPLY

Please enter your comment!
Please enter your name here