ഫ്ലഷിന്റെ ട്രെയിലർ ഇരു കൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ഐഷ സുൽത്താന

0

തന്റെ ഏറ്റവും പുതിയ ചിത്രമായ ഫ്ലഷിന്റെ ട്രെയിലർ ഇരു കൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ഐഷ സുൽത്താന. ലക്ഷദ്വീപിന്‍റെ ഭൂപ്രകൃതി പശ്ചാത്തലമാക്കി ഒരുക്കിയ  ചിത്രം ലക്ഷദ്വീപിന്‍റെ  തന്നെ കഥയാണ്  പറയുന്നത്. 
ട്രെയിലറിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായിക ഐഷാ സുല്‍ത്താന പറഞ്ഞു. പക്ഷേ വര്‍ഗ്ഗീയത ആരോപിക്കുന്നതില്‍ ഏറെ സങ്കടമുണ്ട്.  ഫ്ലഷ് ഒരു കലാസൃഷ്ടിയാണ്. കലാമൂല്യവും ജനപ്രിയവുമായ ഒരു സിനിമയാണ്. ഞാനുള്‍പ്പെടെ ഒരുപാട് പേരുടെ വിയര്‍പ്പ് ആ ചിത്രത്തിന് പിന്നിലുണ്ട്. എത്രയോ പേരുടെ ദിവസങ്ങള്‍ നീണ്ട അദ്ധ്വാനത്തിലൂടെയാണ് സിനിമ നിങ്ങളിലേക്ക് എത്തുന്നത്. എന്‍റെ നാടിന്‍റെ കഥയാണ് ആ സിനിമ പറയുന്നത്. സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരി എന്ന നിലയില്‍ നാടിനോടും നാട്ടുകാരോടും എനിക്ക് പ്രതിബദ്ധതയുണ്ട്. ആരെയും അപകീര്‍ത്തിപ്പെടുത്താനും വേദനിപ്പിക്കാനും ഞാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ ഉള്‍പ്പെടെയുള്ള ഒരു വലിയ സമൂഹത്തിന്‍റെ പതിറ്റാണ്ടുകളായുള്ള ആശങ്കകളും ആകുലതകളും എന്‍റെ ചിത്രം നിങ്ങളുമായി പങ്കുവെയ്ക്കുന്നുണ്ട്. ദയവുചെയ്ത് വര്‍ഗ്ഗീയതയും രാഷ്ട്രീയ മുതലെടുപ്പും ഞങ്ങളുടെ ഈ പുതിയ ചിത്രത്തോട് പ്രകടിപ്പിക്കരുത്.

ഫ്ലഷ് മനുഷ്യരുടെ ജീവിതമാണ് പറയുന്നത്. സ്നേഹത്തിന്‍റെ ഭാഷയാണ് ആ സിനിമയുടെ ഭാഷ. കൂടെ നില്‍ക്കണം എന്‍റെ പോരാട്ടവഴിയില്‍ എന്നോടൊപ്പം നിങ്ങളും ഉണ്ടാവണം. ഫ്ലഷ് എന്‍റേയോ ലക്ഷദ്വീപുകാരുടെയോ മാത്രം സിനിമയല്ല. അവഗണനയുടെ സങ്കടകടലുകളില്‍ ഒറ്റപ്പെട്ട് പോകുന്ന എല്ലാ മനുഷ്യരുടെയും കഥയാണ് -ഐഷാ സുല്‍ത്താന വ്യക്തമാക്കി.
പുതുമുഖ താരങ്ങളെയും ദ്വീപ് നിവാസികളെയും ഉള്‍പ്പെടുത്തിയാണ് ഫ്ലഷ് ചിത്രീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ 17 ന് ചിത്രം പ്രദർശിപ്പിച്ചിരുന്നു. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ മുംബൈ മോഡലായ ഡിമ്പിള്‍ പോള്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബീനാ കാസിം നിര്‍മ്മിച്ചിരിക്കുന്ന ഫ്ളഷിന്‍റെ ക്യാമറ കെ ജി രതീഷാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് – നൗഫല്‍ അബ്ദുള്ള, സംഗീതം- വില്യം ഫ്രാന്‍സിസ്, കൈലാഷ് മേനോന്‍. 

LEAVE A REPLY

Please enter your comment!
Please enter your name here