കോട്ടയം ജില്ലാ ജയിലില്‍നിന്നു രക്ഷപ്പെട്ട പ്രതി പിടിയില്‍

0

കോട്ടയം ജില്ലാ ജയിലില്‍നിന്നു രക്ഷപ്പെട്ട പ്രതി പിടിയില്‍. യുവാവിനെ കൊന്ന്‌ പോലീസ്‌ സ്‌റ്റേഷനു മുന്നിലിട്ട കേസിലെ പ്രതികളിലൊരാളായ പാറമ്പുഴ മോളയില്‍ ബിനുമോനാ (38)ണ്‌ ഇന്നലെ പുലര്‍ച്ചെ 4.50നു ജില്ലാ ജയിലില്‍നിന്നു രക്ഷപ്പെട്ടത്‌. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഇന്നലെ രാത്രി മീനടത്തുനിന്നും അയാളെ പിടികൂടി.
കഴിഞ്ഞ ജനുവരിയില്‍ മുട്ടമ്പലം ഉറുമ്പനത്തു ഷാന്‍ ബാബു(19)നെ കൊലപ്പെടുത്തി ഈസ്‌റ്റ്‌ പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ കൊണ്ടിട്ട കേസിലെ അഞ്ചാം പ്രതിയാണ്‌ ബിനുമോന്‍.
പാചകജോലിക്കു നിയോഗിക്കപ്പെട്ടിരുന്ന ബിനു ഉള്‍പ്പെടെ അഞ്ചു പ്രതികളെ രാവിലെ 4.30ന്‌ സെല്ലില്‍ നിന്നു പുറത്തിറക്കിയിരുന്നു. പ്രാഥമികകൃത്യങ്ങള്‍നിര്‍വഹിക്കാന്‍ പോയതിനിടെയായിരുന്നു രക്ഷപ്പെടല്‍. ജയിലിന്റെ കിഴക്കു ഭാഗത്തു പലക മതിലിലേക്കു ചാരി അവിടെ നിന്നു കേബിള്‍ വഴി തൂങ്ങി പുറത്തുകടന്നെന്നാണു സൂചന.
തടവുചാടിയ ബിനു ഈസ്‌റ്റ്‌ പോലീസ്‌ സ്‌റ്റേഷനു സമീപത്തു കൂടി നടന്നു പോകുന്നതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്‌. കഞ്ഞിക്കുഴിയിലെ ഒരു സുഹൃത്തിന്റെ വീട്ടിലും എത്തിയിരുന്നു. എന്നാല്‍, ജയില്‍ചാടി എത്തിയതാണെന്നു വ്യക്‌തമായതിനാല്‍ പോലീസില്‍ അറിയിക്കുമെന്നു സുഹൃത്ത്‌ പറഞ്ഞതോടെ ഇവിടെനിന്നു കടന്നു. കഞ്ഞിക്കുഴി സ്വദേശിയെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു ചോദ്യംചെയ്‌തു. ബിനു സ്‌ഥിരമായി പണം കടം വാങ്ങിയിരുന്നവര്‍, പണം ചോദിച്ചിരുന്നവര്‍ ഉള്‍പ്പെടെ എട്ടുപേരെ ചോദ്യം ചെയ്‌തു. ഇയാളെ കണ്ടെന്ന വിവരത്തിന്റെ കൊല്ലാട്‌ ഭാഗത്തു വൈകിട്ടു തെരച്ചില്‍ നടത്തി.
രാവിലെ ലുങ്കിയും ടീ ഷര്‍ട്ടും ധരിച്ചിരുന്ന ബിനുവിന്റെ സി.സി. ടിവി ദൃശ്യത്തില്‍ ജീന്‍സും ഷര്‍ട്ടും ധരിച്ചതുപോലെയാണു കാണുന്നത്‌. സംഭവസ്‌ഥലത്തെത്തിയ പോലീസ്‌ നായ ഈസ്‌റ്റ്‌ പോലീസ്‌ സ്‌റ്റേഷനു സമീപമുള്ള ബസ്‌ സ്‌റ്റോപ്പ്‌ വരെ എത്തി മടങ്ങി. ശാസ്‌ത്രീയ അന്വേഷണ വിദഗ്‌ധരും സ്‌ഥലത്തു പരിശോധന നടത്തി.
രക്ഷപ്പെട്ട വിവരം ലഭിച്ചയുടന്‍ കോട്ടയം ഈസ്‌റ്റ്‌ പോലീസ്‌ ജില്ലയിലെ മുഴുവന്‍ പോലീസ്‌ സ്‌റ്റേഷനുകളിലും വിവരം നല്‍കി. ഒന്നിലേറെ തവണ ഇയാള്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും കോടതി തള്ളിയിരുന്നു. അടുത്തിടെ ബിനുമോനെ സന്ദര്‍ശിക്കാനായി ഭാര്യ ജയിലില്‍ എത്തിയിരുന്നു. എത്രയും പെട്ടെന്ന്‌ തനിക്ക്‌ ജയിലില്‍നിന്ന്‌ പുറത്തിറങ്ങണമെന്ന്‌ ഇയാള്‍ ഭാര്യയോട്‌ പറഞ്ഞിരുന്നതായാണു വിവരം. ഭാര്യ കഴിഞ്ഞ ദിവസം വിദേശത്തു ജോലിക്കു പോയതായും പോലീസ്‌ പറയുന്നു.
ഷാന്‍ വധക്കേസിലെ അഞ്ചാം പ്രതിയാണു ബിനു. മര്‍ദനമേറ്റ്‌ അവശനായ ഷാനിനെ ആശുപത്രിയില്‍ എത്തിക്കണമെന്നാവശ്യപ്പെട്ടു പ്രതികള്‍ ബിനുവിന്റെ ഓട്ടോറിക്ഷ വിളിക്കുകയായിരുന്നു. പ്രതികളുമായി നേരത്തെ ബന്ധമുണ്ടായിരുന്നെങ്കിലും കൂടുതല്‍ കേസുകള്‍ ഇയാള്‍ക്കെതിരേ ഇല്ലെന്നു പോലീസ്‌ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here