ഹെറോയിൻ വിൽപ്പന നടത്തിവന്ന അതിഥി തൊഴിലാളികളായ മൂന്നംഗ സംഘത്തെ പിടികൂടി

0

ഹെറോയിൻ വിൽപ്പന നടത്തിവന്ന അതിഥി തൊഴിലാളികളായ മൂന്നംഗ സംഘത്തെ പിടികൂടി. ചെമ്പറക്കി കൈപ്പൂരിക്കര ഭാഗത്തെ വാടക വീട്ടിൽ നിന്നും ആസാം സ്വദേശികളായ ഹൈറുൾ ഇസ്ലാം (31), അഹമ്മദ് അലി (35), മുസിദുൽ ഇസ്ലാം (26) എന്നിവരെയാണ് തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്. ആസാമിൽ നിന്നും ഹെറോയിൻ എത്തിച്ചാണ് ഇവർ ഇവിടെ വിതരണം ചെയ്തിരുന്നത്. ചെറിയ ഡെപ്പിയിലാക്കി വില്പന നടത്തുന്നതിനായി ബൈക്കിൽ പോകാനിറങ്ങുമ്പോഴാണ് പിടിയിലായത്. തുടർന്ന് വാടക വീട് പരിശോധിച്ചതിൽ പിവിസി പൈപ്പിനുളളിൽ പാക്കറ്റുകളായി സോപ്പുപെട്ടിയിൽ വച്ച് അടച്ച് ഈർപ്പമടിക്കാതിരിക്കാൻ പാമ്പേഴ്സിനുള്ളിൽ വച്ച് സൂക്ഷിച്ചിരിക്കുന്ന നിലയില്‍ 153 ഗ്രാം ഹെറോയിനാണ് വാടകവീട്ടിൽ നിന്നും കണ്ടെടുത്തത്. ചെറിയ ഡെപ്പികളിലാക്കിയ ഹെറോയിൻ 600 രൂപ മുതല്‍ 1000 രൂപയ്ക്കുവരെയാണ് വിൽപ്പന നടത്തുന്നത്. എറണാകുളം ജില്ല പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹെറോയിൻ കണ്ടെത്തിയത്.
പെരുമ്പാവൂർ എ.എസ്.പി അനൂജ് പലിവാലിന്‍റെ നേതൃത്വത്തിൽ തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എം.കേഴ്സൺ, എസ്.ഐ റ്റി.സി.രാജൻ, എസ്.സി.പി.ഒ മാരായ പി.എസ്.സുനിൽ കുമാർ, പി.എ.ഷമീർ, സി.എം.കരീം, അരുൺ.കെ.കരുണൻ, വിപിൻ എൽദോസ്, റ്റി.ഇ.അൻസാർ, കെ.ബി.മാഹിൻഷാ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here