പത്തു രൂപ നാണയത്തിനോടുള്ള അപ്രഖ്യാപിത വിലക്കിനെതിരെയുള്ള ‘മധുരപ്രതികാരം’ വീട്ടുകയായിരുന്നു ധര്‍മപുരി ഹൊറൂറിലെ പ്ലേ സ്‌കൂള്‍ അധ്യാപകന്‍ വെട്രിവേല്‍

0

സേലം: പത്തു രൂപ നാണയത്തിനോടുള്ള അപ്രഖ്യാപിത വിലക്കിനെതിരെയുള്ള ‘മധുരപ്രതികാരം’ വീട്ടുകയായിരുന്നു ധര്‍മപുരി ഹൊറൂറിലെ പ്ലേ സ്‌കൂള്‍ അധ്യാപകന്‍ വെട്രിവേല്‍. രണ്ടു മാസം കൊണ്ട് വെട്രിവേല്‍ പത്തു രൂപ നാണയങ്ങള്‍ ശേഖരിച്ച് സ്വന്തമാക്കിയത് ആറു ലക്ഷം രൂപയുടെ പുതിയ കാറാണ്. സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

പ്ലേ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ 10 രൂപ നാണയം എറിഞ്ഞു കളിക്കുന്നതു ശ്രദ്ധയില്‍പെട്ട വെട്രിവേല്‍ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി. പത്തു രൂപയുടെ നാണയങ്ങള്‍ എടുക്കാത്തതു കൊണ്ടാണ് കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുന്നതെന്നായിരുന്നു മറുപടി. 10 രൂപ നാണയം റിസര്‍വ് ബാങ്ക് നിര്‍ത്തിയെന്ന പ്രചാരണമാണ് ഇതിന് അടിസ്ഥാനമെന്ന് മനസിലാക്കിയതോടെയാണ് വെട്രവേല്‍ നാണയങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്.

ധര്‍മപുരിയിലെ കച്ചവട സ്ഥാപനങ്ങളിലും വീടുകളിലും കയറിയിറങ്ങി വെട്രിവേല്‍ 10 രൂപ നാണയം ശേഖരിക്കാന്‍ തുടങ്ങി. പത്തു രൂപ നാണയം നല്‍കുന്നവര്‍ക്ക് പത്തു രൂപയുടെ നോട്ടുകള്‍ നല്‍കിയായിരുന്നു നാണയശേഖരണം. രണ്ടു മാസംകൊണ്ടാണ് 6 ലക്ഷം രൂപ സ്വരൂപിച്ചു. തുടര്‍ന്ന് പ്ലേ സ്‌കൂളിലെ കുട്ടികളുടെ രക്ഷിതാക്കളെയും പഞ്ചായത്ത് അധികൃതരുമായി രണ്ടു ചാക്ക് നാണയങ്ങളുമായി സേലത്തെ മാരുതി ഷോറൂമിലെത്തി കാര്‍ വാങ്ങി.

ഷോ റൂം ജീവനക്കാര്‍ 5 മണിക്കൂര്‍ കൊണ്ടാണു നാണയം എണ്ണിത്തീര്‍ത്തത്. കാറിന്റെ താക്കോല്‍ വാങ്ങുന്ന വിഡിയോ ഷോറൂം ജീവനക്കാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. രണ്ട് ലക്ഷം രൂപ മാത്രമാണ് പണമായി ലഭിക്കാനുള്ള പരിധി എന്നതിനാല്‍ അത്രയും തുക മാത്രമാണ് നാണയങ്ങളായി സ്വീകരിച്ചത് ബാക്കി പണം ബാങ്ക് അക്കൗണ്ട് വഴി അടയ്ക്കാന്‍ ഷോറൂം ആവശ്യപ്പെടുകയും ചെയ്തു.

‘ജീവിതത്തില്‍ ഒരു രൂപ പോലും വിലപ്പെട്ടതാണ്, 10 രൂപ നാണയം റിസര്‍വ് ബാങ്ക് നിര്‍ത്തിയെന്ന പ്രചാരണം തെറ്റാണ്. 10 രൂപ നാണയത്തിന്റെ ‘വിലക്ക്’ ഇതോടെ തീരുമെന്നാണു പ്രതീക്ഷ’ വെട്രിവേല്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here