തായ്‌ലൻഡിലെ വിമാനത്താവളം വഴി നൂറിലധികം ജീവികളെ ബാഗിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ട് ഇന്ത്യൻ യുവതികൾ അറസ്റ്റിലായി

0

തായ്‌ലൻഡിലെ വിമാനത്താവളം വഴി നൂറിലധികം ജീവികളെ ബാഗിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ട് ഇന്ത്യൻ യുവതികൾ അറസ്റ്റിലായി. സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിലെത്തിയ യുവതികളുടെ ലഗേജ് പരിശോധിച്ചപ്പോഴാണ് മുള്ളൻ പന്നിയടക്കം 109 ജീവികളെ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സുവർണഭൂമി വിമാനത്താവളത്തിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്.

രണ്ട് വെളുത്ത മുള്ളൻപന്നികൾ, രണ്ട് ഇത്തിൾപന്നികൾ, 35 ആമകൾ, 50 പല്ലികൾ, 20 പാമ്പുകൾ എന്നിവയെയാണ് പെട്ടികളിൽ നിന്ന് കണ്ടെത്തിയത്. ചെന്നൈയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ നിത്യ രാജ, സാക്കിയ സുൽത്താന ഇബ്രാഹിം എന്നിവരുടേതാണ് ജീവികളെ കണ്ടെത്തിയ സ്യൂട്ട്കേസുകൾ. വന്യജീവി സംരക്ഷണ നിയമം, കസ്റ്റംസ് നിയമം എന്നിവയനുസരിച്ച് ഇരുവരേയും അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.

രണ്ട് സ്യൂട്ട്കേസുകളിൽ അടച്ച നിലയിലാണ് ഇവർ ജീവികളെ കടത്താൻ ശ്രമിച്ചത്. എക്സ്-റേ പരിശോധനയിലാണ് ജീവികളെ കണ്ടെത്തിയതെന്ന് തായ്ലൻഡിന്റെ വനം-വന്യജീവി വകുപ്പ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ജീവികളെ എന്താവശ്യത്തിനാണ് യുവതികൾ കടത്താനൊരുങ്ങിയതെന്നോ പിടിച്ചെടുത്ത ശേഷം അവയെ എങ്ങോട്ട് മാറ്റിയെന്നോ അധികൃതർ വ്യക്തമാക്കിയിട്ടില്ല.

വിമാനത്താവളങ്ങൾ വഴി മൃഗങ്ങളെ കടത്തുന്നത് ദീർഘകാലമായി ഈ മേഖലയിൽ അധികൃതർക്ക് തലവേദനയാകുന്നുണ്ട്. തായ്ലൻഡിൽ നിന്ന് കടത്തിയ 70,000 ത്തോളം തദ്ദേശ, അസാധാരണ ജീവികളെ 18 ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിന്ന് 2011-2020 കാലത്ത് പിടികൂടിയതായാണ് റിപ്പോർട്ട്

LEAVE A REPLY

Please enter your comment!
Please enter your name here