കേരള പോലീസ് അക്കാദമിയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; സ്‌കൂളുകള്‍ തുറന്നതിനൊപ്പം ആശങ്കയായി കോവിഡ്‌ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

0

സ്‌കൂളുകള്‍ തുറന്നതിനൊപ്പം ആശങ്കയായി കോവിഡ്‌ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മാര്‍ച്ച്‌ 15 നു ശേഷം ഇതാദ്യമായി സംസ്‌ഥാനത്തു പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ 31-ന്‌ ആയിരം കവിഞ്ഞു. 31-ന്‌ 1197 പേര്‍ക്കായിരുന്നു കോവിഡ്‌ ബാധ സ്‌ഥിരീകരിച്ചതെങ്കില്‍ ഇന്നലെ എണ്ണം 1370 ലെത്തി. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി കഴിഞ്ഞ 30-ന്‌ 8.54 ശതമാനവും 31-ന്‌ 7.07 ശതമാനവും ഇന്നലെ 8.77 ശതമാനവുമാണ്‌. കാര്യമായ പരിശോധനകള്‍ നടക്കാത്തതിനാല്‍ കണക്കുകള്‍ കൃത്യമാകണമെന്നില്ലെന്നു വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്‌ഥാനത്താകെ 5728 ആക്‌ടീവ്‌ കേസുകളാണ്‌ 31 വരെയുള്ളത്‌. ഇന്നലെ ആക്‌റ്റീവ്‌ കേസുകള്‍ 6129 ആയി വര്‍ധിച്ചു. മാസ്‌ക്‌ ഒഴികെയുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചശേഷമാണ്‌ രോഗികളുടെ എണ്ണം വര്‍ധിച്ചത്‌.
ഈ മാസം പാതിയോടെ പ്രതിദിന രോഗികളുടെ എണ്ണം ആറായിരമെങ്കിലും ആയേക്കുമെന്നു കോവിഡ്‌ രോഗവിദഗ്‌ധന്‍ ഡോ. അരുണ്‍ മാധവന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ആശങ്കപ്പെടാനില്ല. കോവിഡ്‌ ഇനി വ്യാപകമായി പടരാനിടയില്ല. പുതിയ കോവിഡ്‌ വകഭേദങ്ങളുണ്ടെങ്കിലും വീര്യമുള്ളവ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനിതകശ്രേണീകരണം നടത്തിയാല്‍മാത്രമേ വൈറസ്‌ വകഭേദം തിരിച്ചറിയാനാകൂ.
കോവിഡ്‌ കേസുകള്‍ ഏറ്റവും കൂടുന്നത്‌ എറണാകുളം ജില്ലയിലാണ്‌. സംസ്‌ഥാനത്താകെയുള്ളതില്‍ 30 ശതമാനം കേസുകളും എറണാകുളത്താണ്‌. മറ്റു ജില്ലകളെ അപേക്ഷിച്ച്‌ കോവിഡ്‌ പരിശോധന കൂടുതല്‍ നടക്കുന്നത്‌ എറണാകുളത്താണെന്നതാണു കാരണം. പനിയും ഇതര രോഗങ്ങളുമായി വരുന്നവരുടെ എണ്ണം എറണാകുളത്ത്‌ വര്‍ധിച്ചിട്ടുണ്ട്‌. ഇവരില്‍ നടത്തുന്ന പരിശോധനകളാണ്‌ കോവിഡ്‌ എണ്ണം കൂട്ടുന്നത്‌.
സ്‌കൂള്‍ തുറക്കല്‍ രോഗബാധയ്‌ക്കു സാധ്യത കൂട്ടും. മിക്ക കുട്ടികള്‍ക്കും കോവിഡ്‌ പിടിപെട്ടിരിക്കാനും പ്രതിരോധ ശേഷി ലഭിച്ചിരിക്കാനും സാധ്യതയുണ്ട്‌. എല്ലാ കുട്ടികള്‍ക്കും മാസ്‌ക്‌ നിര്‍ബന്ധമാക്കുന്നതിനേക്കാളും ജലദോഷമടക്കമുള്ള ലക്ഷണങ്ങള്‍ ഉള്ള കുട്ടികള്‍ മാസ്‌ക്‌ ധരിക്കുന്നതാണ്‌ ഉചിതമെന്നും ഡോ. അരുണ്‍ പറഞ്ഞു. അതേസമയം, മുംബൈയിലും കോവിഡ്‌ ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്‌.

തൃശൂരിൽ കേരള പോലീസ് അക്കാദമിയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. കൃത്യമായ ഐസൊലേഷൻ സംവിധാനങ്ങൾ ഇല്ലെന്ന് ആക്ഷേപമുണ്ട്. ഇതിനിടെ എൻ സി സി കേഡറ്റുകളായ 250 വിദ്യാർഥികൾ അക്കാദമിയിലേക്ക് ക്യാമ്പിനായി എത്തിയിട്ടുണ്ട്. പനി ഉള്ളവരേയും പനി ഇല്ലാത്തവരേയും ഒരേ മുറിയിൽ പാർപ്പിച്ചതായും ആരോപമുണ്ട്. പനി പടർന്നതോടെ വ്യായമം ചെയ്യുന്നതിനടക്കം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടെന്ന് അനുഭവസ്ഥർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here