കൊച്ചി മെട്രോ ട്രെയിന്‍ കോച്ചിന്റെ പുറത്തു ഗ്രാഫിറ്റി രൂപത്തില്‍ “ബേണ്‍” എന്നെഴുതിയ അതേ ദിവസം അതേ സമയം ചെന്നൈ, ബംഗളുരു മെട്രോ ട്രെയിനുകളിലും എഴുതിയതായി കണ്ടെത്തല്‍

0

കൊച്ചി : കൊച്ചി മെട്രോ ട്രെയിന്‍ കോച്ചിന്റെ പുറത്തു ഗ്രാഫിറ്റി രൂപത്തില്‍ “ബേണ്‍” എന്നെഴുതിയ അതേ ദിവസം അതേ സമയം ചെന്നൈ, ബംഗളുരു മെട്രോ ട്രെയിനുകളിലും എഴുതിയതായി കണ്ടെത്തല്‍. എഴുത്ത്‌ ചെന്നൈ, ബംഗളുരു മെട്രോ റെയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും കേസെടുത്തിട്ടില്ല.
ഗ്രാഫിറ്റി ചിത്രങ്ങളിലൂടെ (ചുവരെഴുത്ത്‌) കുപ്രസിദ്ധരായ “റെയില്‍ ഹൂണ്‍സ്‌” ആണു പിന്നിലെന്നാണു വിലയിരുത്തല്‍. നിരോധിത ഇടങ്ങളില്‍ അതിക്രമിച്ചു കയറി ഇത്തരത്തില്‍ ഗ്രാഫിറ്റി ചെയ്യുന്നതു നിയമവിരുദ്ധമാണെങ്കിലും ഇവരെ തീവ്രവാദി ഗ്രൂപ്പായി കണക്കാക്കാറില്ല. ഇതു കാരണമാണു ചെന്നൈയിലും ബംഗളുരുവിലും കേസെടുക്കാതിരുന്നത്‌. ട്രെയിന്‍, ബസുകള്‍ പോലുള്ള പൊതുഗതാഗത സംവിധാനങ്ങളാണ്‌ ഇവര്‍ കാന്‍വാസാക്കുന്നത്‌. സാമൂഹിക, രാഷ്‌ട്രീയ വിഷയങ്ങളില്‍ ശബ്‌ദമുയര്‍ത്തുകയും പ്രതികരിക്കുകയും ചെയ്യുന്ന ഇക്കൂട്ടര്‍ തങ്ങളുടെ ആശയപ്രചാരണത്തിനായാണു ഗ്രാഫിറ്റി പെയിന്റിങ്ങുകള്‍ ഉപയോഗിക്കുന്നത്‌. തങ്ങളുടെ പബ്ലിസിറ്റിയും ക്രിയേറ്റിവിറ്റിയും കാണിക്കലാണു ലക്ഷ്യം.
കൊച്ചി മെട്രോ കോച്ചില്‍ ചിത്രം പ്രത്യക്ഷപ്പെട്ടതു കഴിഞ്ഞ 22-നാണ്‌. ബോംബ്‌ സ്‌ക്വാഡും ഫോറന്‍സിക്‌ വിദഗ്‌ധരും പോലീസ്‌ നായയും സ്‌ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല. ആലുവ മുട്ടം യാഡില്‍ നിര്‍ത്തിയിട്ടിരുന്ന മെട്രോ ട്രെയിനിന്റെ ബോഗിയില്‍ സ്‌പ്രേ പെയിന്റ്‌ ഉപയോഗിച്ച്‌ എഴുതിയവരില്‍ വിദേശികളുണ്ടാകാനുള്ള സാധ്യത ഏറെയാണ്‌. കേസെടുക്കാത്തതിനാല്‍ ചെന്നൈയിലും ബംഗളുരുവിലും എഴുതിയവരാരാണെന്നു കണ്ടെത്താനായിട്ടില്ല. ഈ സംഘത്തില്‍പ്പെട്ടവര്‍തന്നെയാണു മുട്ടം യാഡിലും എഴുതിയതെന്നാണ്‌ അന്വേഷണസംഘം കരുതുന്നത്‌. സംഭവത്തെക്കുറിച്ച്‌ കൊച്ചി മെട്രോ പോലീസിനൊപ്പം തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എ.ടി.എസ്‌.) അന്വേഷിക്കുന്നുണ്ട്‌.
കൊച്ചിയില്‍ ആദ്യമായാണു “റെയില്‍ ഹൂണ്‍സ്‌” പ്രത്യക്ഷത്തില്‍ വരുന്നത്‌. “പ്ലേ യൂഫോസ്‌, ബേണ്‍ ഫസ്‌റ്റ്‌ ഹിറ്റ്‌ കൊച്ചി” എന്നെഴുതിയത്‌ കൊച്ചിയിലെ ആദ്യത്തെ ഗ്രാഫിറ്റി എന്നര്‍ഥത്തിലാകാമെന്നാണ്‌ അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഡല്‍ഹി മെട്രോയില്‍ 2012 ല്‍ എഴുതിയവര്‍ക്കെതിരേ കേസെടുത്തിരുന്നു. പ്രതികളില്‍ ഇസ്രയേല്‍, ഫ്രാന്‍സ്‌ പൗരന്മാരുമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here