നടിയെ ആക്രമിച്ച കേസിലെ മുഖ്യ തെളിവായ വിഡിയോ ക്ലിപ്പിന്റെ ഹാഷ് വാല്യു മാറിയത് കേസിൽ എത്രത്തോളം ഗൗരവമാണെന്ന് ആരാഞ്ഞ് ഹൈക്കോടതി

0

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ തെളിവായ വിഡിയോ ക്ലിപ്പിന്റെ ഹാഷ് വാല്യു മാറിയത് കേസിൽ എത്രത്തോളം ഗൗരവമാണെന്ന് ആരാഞ്ഞ് ഹൈക്കോടതി. മെമ്മറി കാർഡ് പരിശോധിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നും കേസിനെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ എന്നും കോടതി ചോദിച്ചു. കാർഡ് പരിശോധനയ്ക്കു വിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ അപ്പീൽ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ഹാഷ് വാല്യു മാറിയതിന്റെ പ്രത്യാഘാതം എന്താണ് എന്ന് ബോധ്യപ്പെടുത്തിയേ മതിയാകൂ എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഹാഷ് വാല്യു മാറിയത് പ്രതിക്ക് ഏതെങ്കിലും തരത്തിൽ ഗുണകരമായിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണം എന്ന ആവശ്യം പ്രോസിക്യൂഷൻ കോടതിയിൽ ആവർത്തിച്ചു. ഇതിനു പ്രതിയുടെ ഭാഗം കൂടി കേൾക്കേണ്ടതല്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം.

ഒരു ഭാഗം മാത്രം കേട്ടു തീരുമാനമെടുക്കാൻ സാധിക്കില്ലെന്നു വ്യക്താക്കിയ കോടതി വിഷയത്തിന്റെ കൃത്യമായ ചിത്രം ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ടു. കേസിൽ ചേരുന്നുണ്ടോ എന്നു പ്രതി ദിലീപിനോടു കോടതി ചോദിച്ചു. ഹർജി തിങ്കളാഴ്ച പരിഗണിക്കുന്നതിനു ഹൈക്കോടതി മാറ്റി വച്ചിട്ടുണ്ട്.

മെമ്മറി കാർഡിലെ ഫയലുകൾ ഏതൊക്കെ ഏതു ദിവസങ്ങളിൽ പരിശോധിച്ചു എന്നതിൽ വ്യക്തത വരുത്തണം എന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഫോറൻസിക് ലാബിൽ ഒരു തവണ പരിശോധിച്ച് റിപ്പോർട്ടു കിട്ടിയിട്ടും വീണ്ടും ഇതേ ആവശ്യം ഉന്നയിക്കുന്ന പ്രോസിക്യൂഷൻ നിലപാടിനെ എതിർത്താണ് വിചാരണക്കോടതി നേരത്തെ ഹർജി തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here