രാഷ്‌ട്രീയ പ്രവേശനത്തിന്റെ സൂചന നല്‍കി മുന്‍ ക്രിക്കറ്റ്‌ താരവും ബി.സി.സി.ഐ. അധ്യക്ഷനുമായ സൗരവ്‌ ഗാംഗുലി

0

കൊല്‍ക്കത്ത: രാഷ്‌ട്രീയ പ്രവേശനത്തിന്റെ സൂചന നല്‍കി മുന്‍ ക്രിക്കറ്റ്‌ താരവും ബി.സി.സി.ഐ. അധ്യക്ഷനുമായ സൗരവ്‌ ഗാംഗുലി. ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമാകുന്ന ഒരു കാര്യത്തിനു തുടക്കമിടാന്‍ പോകുകയാണെന്നും ജീവിതത്തിലെ പുതിയ അധ്യായത്തില്‍ എല്ലാവരും കൂടെയുണ്ടാകണമെന്നാണ്‌ ആഗ്രഹമെന്നും ഗാംഗുലി ട്വീറ്റ്‌ ചെയ്‌തു.
“1992-ല്‍ ക്രിക്കറ്റിനൊപ്പമുള്ള എന്റെ യാത്രയാരംഭിച്ചിട്ട്‌ 2022-ല്‍ 30 വര്‍ഷം തികയുന്നു. അതിനുശേഷം ക്രിക്കറ്റ്‌ എനിക്ക്‌ ഒരുപാട്‌ കാര്യങ്ങള്‍ സമ്മാനിച്ചു. ഏറ്റവും പ്രധാനമായി, നിങ്ങളുടെയെല്ലാവരുടെയും പിന്തുണ എനിക്കു തന്നു. ഇന്നത്തെ നിലയില്‍ എത്താന്‍ എന്നെ സഹായിച്ച, പിന്തുണ നല്‍കിയ, ആ യാത്രയുടെ ഭാഗമായിരുന്ന ഓരോരുത്തര്‍ക്കും നന്ദി. ഒരുപാട്‌ ജനങ്ങള്‍ക്ക്‌ സഹായമായേക്കുമെന്നു കരുതുന്ന ഒരു കാര്യം തുടങ്ങാന്‍ പോവുകയാണ്‌.
ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക്‌ കടക്കുമ്പോള്‍ നിങ്ങള്‍ പിന്തുണ തുടരുമെന്ന്‌ പ്രതീക്ഷിക്കുന്നു” – സൗരവ്‌ ഗാംഗുലി ട്വീറ്റ്‌ ചെയ്‌തു. സൗരവ്‌ ഗാംഗുലി രാഷ്‌ട്രീയത്തില്‍ ചേരുന്നു എന്ന ഉഹാപോഹങ്ങള്‍ക്കു ശക്‌തിപകരുന്നതാണ്‌ ഈ ട്വീറ്റ്‌. ക്രിക്കറ്റ്‌ ഭരണരംഗത്തുനിന്ന്‌ രാഷ്‌ട്രീയരംഗത്തേക്കുള്ള ഗാംഗുലിയുടെ ചുവടുമാറ്റത്തിന്റെ സൂചനയാണിതെന്ന്‌ ആരാധകരും രാഷ്‌ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.
ബി.സി.സി.ഐ. അധ്യക്ഷപദവി ഗാംഗുലി ഉടന്‍ രാജിവച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്‌. എന്നാല്‍, ബി.സി.സി.ഐയും ഗാംഗുലിയും ഇക്കാര്യത്തില്‍ സ്‌ഥിരീകരണം നല്‍കിയിട്ടില്ല.
ബോര്‍ഡ്‌ പ്രസിഡന്റ്‌ സ്‌ഥാനം സൗരവ്‌ ഗാംഗുലി ഇതുവരെ രാജിവച്ചിട്ടില്ലെന്ന്‌ ബി.സി.സി.ഐ. സെക്രട്ടറി ജയ്‌ഷാ പ്രതികരിച്ചു. 49 കാരനായ ഗാംഗുലി 2019 മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രസിഡന്റാണ്‌.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായ്‌ക്ക്‌ കഴിഞ്ഞ മാസം ബംഗാളിലെ വീട്ടില്‍ സൗരവ്‌ ഗാംഗുലി സ്വീകരണം നല്‍കിയിരുന്നു. ബി.ജെ.പി. നേതാക്കളായ സ്വപന്‍ ദാസ്‌ഗുപ്‌ത, അമിത്‌ മാളവ്യ എന്നിവരും അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, അമിത്‌ ഷായുടെ സന്ദര്‍ശനം രാഷ്‌ട്രീയപരമല്ലെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here