പ്രതിരോധ സേനകളെ ചെറുപ്പമാക്കാൻ അഗ്നിപഥ് പദ്ധതി അനിവാര്യമാണെന്നും പിന്നോട്ടില്ലെന്നും കേന്ദ്ര സർക്കാർ

0

പ്രതിരോധ സേനകളെ ചെറുപ്പമാക്കാൻ അഗ്നിപഥ് പദ്ധതി അനിവാര്യമാണെന്നും പിന്നോട്ടില്ലെന്നും കേന്ദ്ര സർക്കാർ. പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാൻ കര, നാവിക, വ്യോമ സേനാ മേധാവികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

2 വർഷത്തോളം വിവിധ തലങ്ങളിൽ ചർച്ചചെയ്താണ് അഗ്നിപഥിനു രൂപം നൽകിയതെന്നും ഓഫിസർ റാങ്കിനു താഴെയുള്ള സേനാംഗങ്ങളുടെ ശരാശരി പ്രായം കുറയ്ക്കാൻ ലക്ഷ്യമിട്ടാണു പദ്ധതി നടപ്പാക്കുന്നതെന്നും മിലിട്ടറികാര്യ വകുപ്പ് അഡീഷനൽ സെക്രട്ടറി ലഫ്. ജനറൽ അനിൽ പുരി പറഞ്ഞു.

പരിശീലനത്തിൽ ഒരുവിധ വിട്ടുവീഴ്ചയുമുണ്ടാവില്ല. നിലവിലുള്ള റിക്രൂട്മെന്റ് രീതിയിലൂടെയാവും സേനാംഗങ്ങളെ എടുക്കുക. സേനയിലെ റജിമെന്റ് സംവിധാനവും മാറില്ല. 4 വർഷത്തിനു ശേഷം നിലനിർത്തേണ്ട 25% പേരെ സുതാര്യമായ രീതിയിലൂടെ തിരഞ്ഞെടുക്കും.

പദ്ധതിക്കെതിരായ തെറ്റായ പ്രചാരണം മൂലമുണ്ടായ പ്രക്ഷോഭം കെട്ടടങ്ങി. പലയിടത്തും അഗ്നിപഥിനായി യുവാക്കൾ തയാറെടുപ്പ് ആരംഭിച്ചു. അഗ്നിപഥ് പദ്ധതിയിൽ ചേരാനെത്തുന്നവർ അക്രമത്തിലും കലാപത്തിലും പങ്കെടുത്തിട്ടില്ലെന്ന സത്യവാങ്മൂലം നൽകണം. യുഎസ്, ഫ്രാൻസ്, റഷ്യ, ചൈന, ഇസ്രയേൽ, യുകെ എന്നിവിടങ്ങളിൽ ഹ്രസ്വകാല സേവനം നിലവിലുണ്ട്. ഇന്ത്യൻ സൈന്യത്തിൽ മാറ്റങ്ങൾ വരുത്തേണ്ട ശരിയായ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. നാവികസേനയുടെ ഓൺലൈൻ പരീക്ഷയ്ക്കുള്ള റജിസ്ട്രേഷൻ ജൂലൈ ഒന്നിന് ആരംഭിക്കും. പരീക്ഷയും ഫിസിക്കൽ ടെസ്റ്റും ഒക്ടോബർ പകുതിയോടെ നടക്കും.

പിൻവലിക്കില്ലെന്ന് ഡോവൽ

അഗ്നിപഥ് പദ്ധതി പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വ്യക്തമാക്കി. പതിറ്റാണ്ടുകൾ ചർച്ച ചെയ്ത പദ്ധതിയാണിത്. രാഷ്ട്രീയ തിരിച്ചടിയുണ്ടായാലും ദേശീയ സുരക്ഷയ്ക്കായി നടപടി സ്വീകരിക്കുമെന്നു പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലൊരു നേതാവിനു മാത്രമേ സാധിക്കൂ. പദ്ധതിക്കെതിരെ പ്രക്ഷോഭം നടത്തിയവർ യഥാർഥ ഉദ്യോഗാർഥികളല്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here