കെഎസ്ആർടിസി ബസിൽ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം: അക്രമിയെ ഡ്രൈവർ സഹായിച്ചുവെന്ന് പരാതി

0

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യുവതിയ്‌ക്ക് നേരെ അക്രമം. തിരുവനന്തപുരത്താണ് സംഭവം. നെയ്യാറ്റിൻകരയിലേക്കുള്ള യാത്രയ്‌ക്കിടെ സഹയാത്രികൻ കടന്നു പിടിച്ചെന്നാണ് പരാതി. അതിക്രമം കാണിച്ചയാളെ പരാതിക്കാരിയും കണ്ടക്ടറും കൂടി തടഞ്ഞ് വെച്ചെങ്കിലും ബസിലെ ഡ്രൈവർ അക്രമിയ്‌ക്ക് അനുകൂലമായി പെരുമാറിയെന്ന് യുവതി ആരോപിച്ചു.

പോലീസ് സ്‌റ്റേഷനിലേക്കുള്ള യാത്രയ്‌ക്കിടെ മുടവൂർപാറയ്‌ക്കും ബാലരാമപുരത്തിനും മദ്ധ്യേ വച്ച് അക്രമിഡോർ തുറന്ന് പുറത്തേക്ക് ചാടാനൊരുങ്ങുമ്പോൾ ഡ്രൈവർ അയാൾക്ക് വണ്ടി സ്ലോ ചെയ്തു കൊടുത്തുവെന്ന് യുവതി ആരോപിച്ചു. ബസിലെ മറ്റ് യാത്രക്കാർ ആരും സഹായിക്കാൻ തയ്യാറായില്ലെന്നും ഒരാളെങ്കിലും സഹായിക്കാനായി മുന്നോട്ട് വന്നിരുന്നെങ്കിൽ നിയമത്തിന് മുൻപിൽ കൊണ്ട് വരാമായിരുന്നുവെന്നും യുവതി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യുവതി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇത്രയേറെ ദേഷ്യവും സങ്കടവും ജീവിതത്തിൽ ഇതിന് മുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് കുറേ ഓർത്തു നോക്കി ചുറ്റുമുള്ള മനുഷ്യരെ ഇത്രയേറെ വെറുത്ത് പോയിട്ടുണ്ടോ എന്നോർത്തു നോക്കി … മനുഷ്യരെ കുറിച്ചുള്ള പ്രതീക്ഷകളാണ് തകർന്നു പോയത് …

തിരുവനന്തപുരം പ്രസ് ക്ലബിലൊരു പരിപാടി കഴിഞ്ഞിട്ട് നെയ്യാറ്റിൻകരയിലേക്ക് ബസ് കയറിയതാണ് ഞാൻ.. രണ്ട് പേർക്കിരിക്കാവുന്ന സീറ്റിൽ ഞാനും മറ്റൊരു സ്ത്രീയും … പള്ളിച്ചലോ മറ്റോ എത്തിയപ്പോഴാണ് അടുത്തിരുന്ന സ്ത്രീയിറങ്ങി.. ആ സീറ്റിൽ മറ്റൊരു പുരുഷൻ വന്നിരുന്നു … ഇരുന്ന് മിനിറ്റുകൾക്കകം അയാൾ എന്നെ ബലമായി കയറിപ്പിടിച്ചു … അലറി വിളിച്ചു കൊണ്ട് ഞാൻ എണീറ്റതും അയാളുടെ ചെകിട് നോക്കി പൊട്ടിച്ചതും ഒരുമിച്ചായിരുന്നു …അയാൾ പെട്ടെന്ന് ബസിന് പുറത്തേക്ക് ചാടാൻ ശ്രമിച്ചു … കണ്ടക്ടർ അയാളെ തടഞ്ഞു വച്ചു തൊട്ടടുത്ത പോലീസ് സ്റ്റേഷൻ ബാലരാമപുരമാണ് കണ്ടക്ടറോട് പോലീസ് സ്റ്റേഷൻ പടിക്കൽ ബസ് നിർത്തണം എന്ന് ഞാനാവശ്യപ്പെട്ടു…. ഇതിനിടയിൽ ഞാൻ പോലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ ചെയ്തു .. മുടവൂർപാറയ്‌ക്കും ബാലരാമപുരത്തിനും മദ്ധ്യേ വച്ച് അയാൾ ഡോർ തുറന്ന് പുറത്തേക്ക് ചാടാനൊരുങ്ങുമ്പോൾ ഡ്രൈവർ അയാൾക്ക് വണ്ടി സ്ലോ ചെയ്തു കൊടുത്തു… അയാൾ സുന്ദരമായി രക്ഷപ്പെട്ടു …

എന്റെ വേദനത്രയും KL15 8789 എന്ന ആ ബസിലെ ഡ്രൈവർ ഉൾപ്പെടെയുള്ള ആ ബസിൽ സഞ്ചരിച്ചിരുന്ന നെറികെട്ട മനുഷ്യരെ കുറിച്ചോർത്താണ് തടഞ്ഞു വച്ച ആ കണ്ടക്ടറെ സഹായിക്കാൻ ആ ബസിൽ യാത്ര ചെയ്തിരുന്ന ഒരാളെങ്കിലും തയ്യാറായിരുന്നെങ്കിൽ അയാൾ രക്ഷപ്പെടില്ലായിരുന്നു .. ആ കണ്ടക്ടർ ആരെങ്കിലും ഒന്നിവനെ പിടിക്കൂ എന്ന് പറഞ്ഞിട്ടും ഒരൊറ്റയെണ്ണം അനങ്ങിയില്ല…

ഇത്ര നിസഹായതയും അരക്ഷിതാവസ്ഥയും ഇതിന് മുൻപ് എപ്പോഴെങ്കിലും അനുഭവിച്ചതായി ഓർമ്മയിലില്ല ആക്രമിച്ചവൻ രക്ഷപ്പെട്ടിരിക്കുന്നു എന്നതിനപ്പുറം ആണുങ്ങളും പെണ്ണുങ്ങളുമടങ്ങുന്ന കുറേ മനുഷ്യർ അയാൾക്ക് രക്ഷപ്പെടാൻ അവസരം നൽകി എന്നത് എനിക്ക് തീരെ ഉൾക്കൊള്ളാൻ കഴിയുന്നില്ല …

മാസ്‌ക്കിട്ടിരുന്ന മുഖം കയ്യിൽ കുറേ ചുവന്ന നൂലുകൾ നെറ്റിയിൽ കുങ്കുമക്കുറി കടും നീല ഷർട്ട് ആ ക്രിമിനലിനെ കുറിച്ച് ഇത്രയും ഓർമ്മയിലുണ്ട് …

വിളിച്ചതും വിളിക്കുന്നതുമായ പ്രിയപ്പെട്ട സുഹൃത്തുക്കളോട് ആ ബസിലുണ്ടായിരുന്ന പ്രതികരണ ശേഷിയോ മനുഷ്യത്വമോ ഇല്ലാത്ത മനുഷ്യരെ കുറിച്ചോർത്ത് അലറിക്കരയാനല്ലാതെ വേറൊന്നും പറയാനില്ല ….

ഈ മാനസികാവസ്ഥയെ അതിജീവിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ….

കൂടെ നിൽക്കുന്നവരോട് സ്‌നേഹം ?

LEAVE A REPLY

Please enter your comment!
Please enter your name here