എസ്.എം.എ. രോഗം: മറിയത്തിന്റെ ചികിത്സയ്ക്കു വേണ്ടത് അഞ്ചു കോടി

0

ആലത്തൂര്‍: ഓടിക്കളിച്ചു നടക്കേണ്ട പ്രായത്തില്‍ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ.) ബാധിച്ച് ദുരിതമനുഭവിക്കുന്ന അഞ്ചര വയസുകാരി മറിയം ഒരു നാടിന്റെയാകെ വേദനയാണ്. ചിറ്റില്ലഞ്ചേരി കടമ്പിടിയിലെ നിഷയുടെ മകള്‍ മറിയം ഇത്തവണ ചിറ്റില്ലഞ്ചേരി പി.കെ.എം.എ.യു.പി. സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നു.
ബുധനാഴ്ച സ്‌കൂളിലെത്തി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങി. രണ്ടര വയസുള്ളപ്പോഴാണ് അസുഖം കണ്ടെത്തിയത്. ഇപ്പോള്‍ ഒറ്റയ്ക്ക് നടക്കാന്‍പോലും സാധിക്കാത്ത സ്ഥിതിയാണ്.
പല ജോലിക്കും ശ്രമിച്ച് പരാജയപ്പെട്ടതോടെ നിഷ പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ്ങിനു പോയി. എന്നാല്‍ ജോലി കിട്ടിയപ്പോള്‍ 3,000 രൂപയാണ് മാസശമ്പളം കിട്ടിയത്. ഒടുവില്‍ അതുപേക്ഷിച്ച് അഞ്ചു രൂപയുടെ മുഖാവരണം വിറ്റാണ് ഇപ്പോള്‍ കുടുംബ ചെലവുകള്‍ നടത്തുന്നത്. പുറത്തുപോകുമ്പോള്‍ മുത്തച്ഛന്റെ സംരക്ഷണയിലാണ് മറിയം. ഇദ്ദേഹത്തിന് പ്രമേഹം ബാധിച്ച് കാഴ്ച കുറഞ്ഞിരിക്കുകയാണ്. കുട്ടിയുടെ വലത്തെ കാലിലെ എല്ല് വളയാന്‍ തുടങ്ങിയതോടെ ഒരുവര്‍ഷം മുമ്പ് ശസ്ത്രക്രിയ നടത്തി പ്ലേറ്റുകള്‍ വച്ചുപിടിപ്പിച്ചു. വളവ് മാറിയാല്‍ കാലില്‍ ഘടിപ്പിച്ച പ്ലേറ്റുകള്‍ മാറ്റണം. അതിനും ഭാരിച്ച തുക ആവശ്യമാണ്.
അതുവരെ മറിയത്തിന് കാല്‍ മടക്കാനുമാവില്ല. ഇപ്പോള്‍ നട്ടെല്ലിനും വളവ് ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അധികമായാല്‍ ശ്വാസകോശം ചുരുങ്ങുമെന്നതിനാല്‍ എത്രയും വേഗം ചികിത്സ തുടങ്ങണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.
അഞ്ചുമാസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് പരിശോധന നടത്തുന്നത്. പണമില്ലാത്തതിനാല്‍ ചികിത്സ തുടരാനാകുന്നില്ല. വര്‍ഷങ്ങള്‍ നീളുന്ന ചികിത്സയ്ക്ക് അഞ്ചുകോടി രൂപയോളം വേണ്ടിവരും. ചികിത്സയ്ക്ക് തുക കണ്ടെത്തുന്നതിനായി മറിയം എസ്.എം.എ. ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് നെന്മാറ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 0056073000003995. ഐ.എഫ്.സി.കോഡ്: എസ്.ഐ.ബി.എല്‍. 0000056. ഗൂഗിള്‍ പേ. 8089707875.

LEAVE A REPLY

Please enter your comment!
Please enter your name here