കാവി മുണ്ടുടുത്താല്‍ സംഘപരിവാര്‍ ആകില്ലെന്നും അമ്പലത്തില്‍ പോയാല്‍ മൃദുഹിന്ദുത്വമാകില്ലെന്നും പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍

0

തിരുവനന്തപുരം : കാവി മുണ്ടുടുത്താല്‍ സംഘപരിവാര്‍ ആകില്ലെന്നും അമ്പലത്തില്‍ പോയാല്‍ മൃദുഹിന്ദുത്വമാകില്ലെന്നും പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍. ദേശീയതലത്തിലും കോണ്‍ഗ്രസിനു മതേതര നിലപാടാണ്‌. മൃദുഹിന്ദുത്വ നിലപാട്‌ സ്വീകരിച്ചിട്ടില്ല. കാവി മുണ്ടുടുത്തവരെയും ചന്ദനം തൊട്ടവരെയും സംഘപരിവാറാക്കുന്നതു ശരിയല്ല. ക്ഷേത്രത്തില്‍ പോകുന്നവരെയും പള്ളിയില്‍ പോകുന്നവരെയും വര്‍ഗീയവാദിയുമാക്കുന്നുണ്ട്‌. ഇതു തെറ്റായ വ്യാഖ്യാനമാണ്‌. ഇഷ്‌ടമുള്ള മതത്തില്‍ വിശ്വസിക്കാനാകണം.
തനിക്കു തന്റെ മതത്തില്‍ വിശ്വസിക്കാനും അനുഷ്‌ഠാനങ്ങള്‍ നടത്താനും സ്വാതന്ത്ര്യമുള്ളപ്പോള്‍തന്നെ മറ്റുള്ളവരുടെ വിശ്വാസത്തെയും സംരക്ഷിക്കണമെന്നു കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. തീവ്രഹിന്ദുത്വ നിലപാടു സ്വീകരിക്കുന്ന ബി.ജെ.പിയെ മൃദുഹിന്ദുത്വ സമീപനംകൊണ്ടു പ്രതിരോധിക്കാനാവില്ലെന്നും അതുകൊണ്ടു കോണ്‍ഗ്രസ്‌ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും മതേതര നിലപാടിലേക്കു മടങ്ങണമെന്നും ആവശ്യപ്പെട്ടു കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിക്കു കത്തയച്ചിരുന്നു. ഈ കത്തിന്റെ പശ്‌ചാത്തലത്തില്‍ സുധീരന്റെ നിലപാടിനുള്ള മറുപടികൂടിയായി സതീശന്റെ പ്രതികരണം.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനു പോകുമ്പോള്‍ ക്ഷേത്രത്തില്‍ കയറുന്നതിനെ എന്തിനു വിമര്‍ശിക്കണമെന്നു സതീശന്‍ ചോദിച്ചു. “അവര്‍ ഹിന്ദുമത വിശ്വാസികളാണ്‌. ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചശേഷമാണ്‌ ഞാനും തൃക്കാക്കരയിലെ പ്രചാരണത്തിനു തുടക്കമിട്ടത്‌. അതിനര്‍ത്ഥം ഞാന്‍ മൃദുഹിന്ദുത്വ വാദിയാണെന്നാണോ? ഞാന്‍ എനിക്കിഷ്‌ടമുള്ള മതത്തില്‍ വിശ്വസിക്കും. എനിക്കിഷ്‌ടമുള്ള ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കും. അതിന്‌ ഇന്ത്യന്‍ ഭരണഘടന എനിക്കു സ്വാതന്ത്ര്യം നല്‍കുന്നുണ്ട്‌. ചന്ദനം തൊട്ടാലോ കൊന്തയിട്ടാലോ വര്‍ഗീയവാദി ആകില്ല. അത്‌ വികലമായ കാഴ്‌ചപ്പാടാണ്‌. മതേതര നിലപാടില്‍ കോണ്‍ഗ്രസ്‌ വെള്ളം ചേര്‍ത്തിട്ടില്ല. മതനിരാസമല്ല വേണ്ടത്‌. മതങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ടാണ്‌ മുന്നോട്ടുപോകേണ്ടത്‌. കോണ്‍ഗ്രസിന്‌ ഒരു തരത്തിലുമുള്ള മൃദുഹിന്ദുത്വവുമില്ല. നാല്‌ വോട്ടിനുവേണ്ടി വോട്ടിനായി ഒരു വര്‍ഗീയ വാദിയുടെയും തിണ്ണ നിരങ്ങിയിട്ടുമില്ല. അത്തരക്കാരുടെ വോട്ട്‌ വേണ്ടെന്നു പ്രഖ്യാപിച്ചാണു തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. വര്‍ഗീയശക്‌തികള്‍ അഴിഞ്ഞാടുന്ന സാഹചര്യമുണ്ട്‌. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെ ചെറുത്തു തോല്‍പ്പിക്കുമെന്ന നിലപാടാണ്‌ ഞങ്ങള്‍ തൃക്കാക്കരയില്‍ സ്വീകരിച്ചത്‌. മതേതരവാദികളുടെ വോട്ട്‌കൊണ്ടു ജയിച്ചാല്‍ മതിയെന്ന നിലപാട്‌ യു.ഡി.എഫ്‌. എടുത്തു. കേരളത്തിലെ എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളും ഈ നിലപാടു സ്വീകരിക്കണം. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ പ്രീണിപ്പിക്കുന്ന നിലപാടു സര്‍ക്കാര്‍ മാറ്റണം. കേരളത്തിലെ വര്‍ഗീയ വിദ്വേഷങ്ങള്‍ക്കു കാരണം സര്‍ക്കാരിന്റെ ഈ നിലപാടാണ്‌. സംഘപരിവാര്‍ ശക്‌തികളെ ഒരുവിട്ടുവീഴ്‌ചയുമില്ലാതെ ദേശീയ തലത്തില്‍ നേരിടുന്നതു കോണ്‍ഗ്രസ്‌ മാത്രമാണ്‌”- അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here