കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരേ കാപ്പ ചുമത്തി

0

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരേ കാപ്പ ചുമത്തി. സ്‌ഥിരം കുറ്റവാളിയാണെന്ന്‌ കാട്ടി കണ്ണൂര്‍ സിറ്റി പോലീസ്‌ കമ്മിഷണര്‍ നല്‍കിയ ശിപാര്‍ശ സ്വീകരിച്ചാണ്‌ റെയ്‌ഞ്ച്‌ ഡി.ഐ.ജി. ഉത്തരവ്‌ പുറത്തിറക്കിയത്‌.
കാപ്പ ചുമത്തിയ സാഹചര്യത്തില്‍ ഇനി ആറ്‌ മാസത്തേക്ക്‌ കണ്ണൂരില്‍ പ്രവേശിക്കാന്‍ അര്‍ജുന്‍ ആയങ്കിക്ക്‌ സാധിക്കില്ല. സ്വര്‍ണ്ണക്കടത്ത്‌ ക്വട്ടേഷന്‍ കേസിന്‌ പുറമേ അടിപിടി കേസുകളിലും പ്രതിയാണ്‌ അര്‍ജുന്‍ ആയങ്കി.
നാട്‌ കടത്താന്‍ ആവശ്യപ്പെടുന്ന കാപ്പ നിയമത്തിലെ 15-ാംവകുപ്പാണ്‌ ചുമത്തിയിരിക്കുന്നത്‌. നിലവില്‍ അര്‍ജുന്‍ ആയങ്കി കസ്‌റ്റംസ്‌ കേസില്‍ ജാമ്യത്തിലാണ്‌്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 28നാണ്‌ അര്‍ജുന്‍ ആയങ്കിയെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കസ്‌റ്റംസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഓഗസ്‌റ്റ്‌ 31ന്‌ കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഡി.വൈ.എഫ്‌.ഐ അഴിക്കോട്‌ കപ്പക്കടവ്‌ യൂണിറ്റ്‌ സെക്രട്ടറി ആയിരുന്നു ആയങ്കി. ഇയാള്‍ ലഹരിക്കടത്ത്‌ സംഘങ്ങളുമായി അടുത്തതോടെ ഡി.വൈ.എഫ്‌.ഐ. പുറത്താക്കി.
പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ സി.പി.എം അനുകൂല പ്രചാരണം സ്വന്തം നിലയ്‌ക്ക്‌ നടത്തിയ അര്‍ജ്‌ജുന്‍ ഇതിനെ മറയാക്കി സ്വര്‍ണക്കടത്ത്‌ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളിലേക്കും തിരിഞ്ഞെന്നാണ്‌ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here