പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിയെ കൈയേറ്റം ചെയ്‌തെന്ന പരാതിയിൽ അഞ്ച് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തു

0

പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിയെ കൈയേറ്റം ചെയ്‌തെന്ന പരാതിയിൽ അഞ്ച് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തു. സൗമ്യയുടെ പരാതിയിൽ ശോഭിക, മായ, കുഞ്ഞമ്മ വിജയൻ, പൊന്നമ്മ, ഷിജോ കുരുവിള എന്നിവരാണ് പിടിയിലായത്. എന്നാൽ ആക്രമിച്ചിട്ടില്ലെന്നും പ്രസിഡന്റ് പഞ്ചായത്ത് ഓഫിസിലെത്തിയപ്പോൾ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു സിപിഎം വിശദീകരണം.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇവർ സൗമ്യയെ കൈയേറ്റം ചെയ്തത്. പഞ്ചായത്ത് ഓഫിസിന് മുന്നിൽ വെച്ച് ഒരു സംഘം ആളുകൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നെന്ന് സൗമ്യ ആരോപിച്ചിരുന്നു. മുടിയിൽ പിടിച്ച് വലിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു. സ്ത്രീകളാണ് ആക്രമിച്ചതെന്നും സിപിഎം പഞ്ചായത്ത് അംഗങ്ങളായ ഷിജു പി. കുരുവിള, സാബു ബഹനാൻ എന്നിവരാണ് ആസൂത്രകരെന്നുമായിരുന്നു ആരോപണം.

എന്നാൽ, പാർട്ടി പ്രവർത്തകരോ വനിത അംഗങ്ങളോ പഞ്ചായത്ത് പ്രസിഡന്റിനെ കൈയേറ്റം ചെയ്തിട്ടില്ലെന്നും മുദ്രാവാക്യം വിളിക്കുക മാത്രമാണ് ഉണ്ടായതെന്നും വിശ്വാസവഞ്ചനക്കെതിരെ രാജിവെക്കുംവരെ പ്രക്ഷോഭം തുടരുമെന്നും സിപിഎം പുറമറ്റം ലോക്കൽ കമ്മിറ്റി സെക്രട്ടറി അജിത് പ്രസാദ് പറഞ്ഞു. എൽ.ഡി.എഫ് സ്വതന്ത്രയായി വിജയിച്ച സൗമ്യക്ക് ഒരു വർഷത്തെ പ്രസിഡന്റ് പദവി നൽകാനായിരുന്നു ധാരണ. ഇതിനുശേഷവും രാജിവെക്കാത്തതിനെ തുടർന്ന് കഴിഞ്ഞദിവസം എൽ.ഡി.എഫ് അംഗങ്ങൾ തന്നെ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നെങ്കിലും ക്വാറം തികയാത്തതിനാൽ ചർച്ചക്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.

അതിനിടെ, സിപിഎം പിന്തുണക്കുന്ന വൈസ് പ്രസിഡന്റ് ശോശാമ്മ തോമസിനെതിരെ 23ന് സൗമ്യ ജോബി, ആറ് യു.ഡി.എഫ് അംഗങ്ങൾക്കൊപ്പം ചേർന്ന് അവിശ്വാസപ്രമേയ അവതരണത്തിന് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് സംഘർഷസാധ്യത കണക്കിലെടുത്ത് പൊലീസ് സംരക്ഷണം ഒരുക്കി. വ്യാഴാഴ്ച പഞ്ചായത്തിലെ ജീപ്പ് ഏതാനും പേർ തകർത്തിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച സൗമ്യക്കെതിരെ ആക്രമണം ഉണ്ടായത്.

കോൺഗ്രസിനൊപ്പം ചേർന്നതിനാലാണ് ആക്രമണം നടത്തിയതെന്നാണ് സൗമ്യ ആരോപിക്കുന്നത്. പൊലീസ് വലയത്തിനുള്ളിൽവച്ചാണ് ആക്രമിച്ചതെന്നും വാച്ചും ബാഗും നഷ്ടപ്പെട്ടെന്നും ചുരിദാറിന്റെ ടോപ്പ് കീറിയെന്നും സൗമ്യ പറഞ്ഞു. സ്വതന്ത്രയായാണ് മത്സരിച്ചത്. എൽ.ഡി.എഫ് അന്ന് പിന്തുണ നൽകിയിരുന്നു. ഇപ്പോൾ യു.ഡി.എഫിലെ ആറ് അംഗങ്ങളും പ്രസിഡന്റായി തുടരാൻ പിന്തുണക്കുന്നതിനാൽ താൻ രാജിവെക്കുന്ന പ്രശ്‌നമില്ലെന്നും അവർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here