വകുപ്പുമേധാവികള്‍ക്കു വീഴ്‌ച പറ്റി; നെഫ്രോളജി, യൂറോളജി വകുപ്പ്‌ മേധാവിമാരായ ജേക്കബ്‌ ജോര്‍ജും വാസുദേവന്‍ പോറ്റിയും സര്‍ജന്‍മാരെ അവയവമാറ്റ ശസ്‌ത്രക്രിയയ്‌ക്കായി ചുമതലപ്പെടുത്തിയിരുന്നില്ല

0

തിരുവനന്തപുരം: ശസ്‌ത്രക്രിയ വൈകിയതിനേത്തുടര്‍ന്നു രോഗി മരിച്ച സംഭവത്തില്‍ വകുപ്പുമേധാവികളുടെ വീഴ്‌ച പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. നെഫ്രോളജി, യൂറോളജി വകുപ്പ്‌ മേധാവിമാരായ ജേക്കബ്‌ ജോര്‍ജും വാസുദേവന്‍ പോറ്റിയും സര്‍ജന്‍മാരെ അവയവമാറ്റ ശസ്‌ത്രക്രിയയ്‌ക്കായി ചുമതലപ്പെടുത്തിയിരുന്നില്ലെന്നാണ്‌ ആരോഗ്യവകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ആശാ തോമസിന്റ അന്വേഷണത്തില്‍ കണ്ടെത്തിയത്‌. നെഫ്രോളജി വിഭാഗം മേധാവി ജേക്കബ്‌ ജോര്‍ജ്‌ ഡല്‍ഹിയിലാണെന്നും ചുമതല മറ്റാര്‍ക്കും കൈമാറിയിരുന്നില്ലെന്നും കണ്ടെത്തി.
സംഭവത്തില്‍ രണ്ട്‌ വകുപ്പുമേധാവികളെ സസ്‌പെന്‍ഡ്‌ ചെയ്‌തതിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷ(ഐ.എം.എ)നും മെഡിക്കല്‍ കോളജ്‌ ഡോക്‌ടര്‍മാരുടെ സംഘടനയായ കെ.ജി.എം.സി.ടിയും രംഗത്തെത്തി. എന്നാല്‍, വിമര്‍ശനങ്ങള്‍ തള്ളിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌, കര്‍ശന നടപടിയുണ്ടാകുമെന്നും വ്യക്‌തമാക്കി.
വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ വൈകാന്‍ കാരണം സംവിധാനത്തിന്റെ പിഴവാണെന്നും അതിനു ഡോക്‌ടര്‍മാരെ ബലിയാടാക്കിയെന്നും ഐ.എം.എ. ആരോപിച്ചു. മതിയായ അന്വേഷണം നടത്താതെയാണു വകുപ്പ്‌ മേധാവികളെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. കുറ്റക്കാരാണെങ്കില്‍ ഡോക്‌ടര്‍മാര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ കെ.ജി.എം.സി.ടി.എ. സര്‍ക്കാരിനെ വെല്ലുവിളിച്ചു. എന്നാല്‍, ഡോക്‌ടര്‍മാര്‍ക്കെതിരേയല്ലെങ്കില്‍ പിന്നെ ആര്‍ക്കെതിരേ നടപടിയെടുക്കണമെന്നു മന്ത്രി വീണാ ജോര്‍ജ്‌ ചോദിച്ചു. രോഗികളുടെ പൂര്‍ണ ഉത്തരവാദിത്വം ഡോക്‌ടര്‍മാര്‍ക്കാണ്‌. സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടും. കാലാകാലങ്ങളായി തുടരുന്ന രീതികള്‍ അനുവദിക്കാനാവില്ല. സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട്‌ വന്നശേഷം തുടര്‍നടപടിയുണ്ടാകും- മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here