സ്വപ്‌ന സുരേഷ്‌ കോടതി മുമ്പാകെ നല്‍കിയ രഹസ്യമൊഴിയുടെ ഉളളടക്കത്തിന്റെ യാഥാര്‍ഥ്യം അന്വേഷിക്കാന്‍ സി.ബി.ഐക്കാവുമോ?

0

തിരുവനന്തപുരം : സ്വര്‍ണക്കടത്ത്‌ കേസിലെ പ്രതി സ്വപ്‌ന സുരേഷ്‌ കോടതി മുമ്പാകെ നല്‍കിയ രഹസ്യമൊഴിയുടെ ഉളളടക്കത്തിന്റെ യാഥാര്‍ഥ്യം അന്വേഷിക്കാന്‍ സി.ബി.ഐക്കാവുമോ?
എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌(ഇ.ഡി.) അന്വേഷിക്കുന്ന കേസില്‍ മറ്റൊരു ഏജന്‍സിക്കു പെട്ടെന്നു കടന്നുവരാനാവില്ലെന്ന്‌ ഒരുവിഭാഗം നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ദേശീയസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും കറന്‍സി വിദേശത്തേക്കു കൊണ്ടുപോയത്‌ രാജ്യസുരക്ഷയ്‌ക്കു വെല്ലുവിളിയാണെന്നും ബിരിയാണിക്കലത്തിലുണ്ടായിരുന്നത്‌ സ്വര്‍ണമാണെങ്കില്‍ പ്രശ്‌നം അതീവ ഗുരുതരമാണെന്നും മറുവിഭാഗം പറയുന്നു. കറന്‍സി വിദേശത്തേക്കു കൊണ്ടുപോകുന്നതു നിയമവിരുദ്ധമല്ലെന്നും ഒരു നിശ്‌ചിത പരിധിവരെ കറന്‍സി കൊണ്ടുപോകാവുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്വപ്‌നയുടെ ആക്ഷേപത്തെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെടാന്‍ സര്‍ക്കാര്‍തന്നെ തയാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്‌. ഏതുതരം അന്വേഷണത്തേയും നേരിടാന്‍ തയാറാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എം. നേതൃത്വത്തെ അറിയിച്ചതായാണു വിവരം. ഇക്കാര്യത്തില്‍ നിയമോപദേശം തേടാനും സി.പി.എം. നേതൃത്വം ആലോചിക്കുന്നുണ്ട്‌. മുഖ്യമന്ത്രിയോടൊപ്പം കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി ആരോപണം ഉന്നയിക്കുന്നത്‌ ഗൗരവത്തോടെയാണ്‌ സര്‍ക്കാരും പാര്‍ട്ടിയും കാണുന്നത്‌. ഇതിനെതിരേ നിയമനടപടി സാധ്യമാണോയെന്നു പാര്‍ട്ടി പരിശോധിക്കുന്നുണ്ട്‌.
അതേസമയം മുഖ്യമന്ത്രിയെ പിന്തുടര്‍ന്ന്‌ ആക്രമിക്കുക എന്ന പ്രതിപക്ഷ ദൗത്യം സ്വപ്‌ന വീണ്ടും ഏറ്റെടുത്തുവെന്നാണ്‌ സി.പി.എം. നേതാക്കള്‍ പറയുന്നത്‌.
അന്വേഷണത്തില്‍ സി.ബി.ഐ. വരണമെങ്കില്‍ ഒന്നുകില്‍ കോടതി ഇടപെടണം. അല്ലെങ്കില്‍ സംസ്‌ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണം. എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ അന്വേഷിക്കുന്ന ഒരു കേസില്‍ സി.ബി.ഐ. അന്വേഷണം ഉണ്ടാകാനുള്ള സാധ്യത വിരളമാണെന്നു നിയമവിദഗ്‌ധര്‍ ഉറപ്പിക്കുന്നു. സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ ഇ.ഡിക്കു മുഖ്യമന്ത്രി, അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി സി.എം.രവീന്ദ്രന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, നളിനി നെറ്റോ എന്നിവരുടെ മൊഴി രേഖപ്പെടുത്താം.

LEAVE A REPLY

Please enter your comment!
Please enter your name here