ആന്ധ്രയില്‍ നിന്നെത്തിച്ച ഒരുകിലോ ഹാഷിഷ്‌ ഓയിലുമായി ആറു യുവാക്കള്‍ പിടിയില്‍

0

തൃശൂര്‍: ആന്ധ്രയില്‍ നിന്നെത്തിച്ച ഒരുകിലോ ഹാഷിഷ്‌ ഓയിലുമായി ആറു യുവാക്കള്‍ പിടിയില്‍. തൃശൂര്‍ റെയില്‍വേസ്‌റ്റേഷന്‍ പരിസരത്തുനിന്ന്‌ സിറ്റി പോലീസിന്റെ ലഹരിവിരുദ്ധ വിഭാഗവും ഈസ്‌റ്റ്‌ പോലീസും ചേര്‍ന്നാണ്‌ ഇവരെ പിടികൂടിയത്‌. പിടിച്ചെടുത്ത ഹാഷിഷ്‌ ഓയിലിന്‌ ചില്ലറ വിപണിയില്‍ ഒരുകോടിയിലധികം വിലവരുമെന്ന്‌ പോലീസ്‌ പറഞ്ഞു.
ഇപ്പോള്‍ കുന്നംകുളത്തു താമസിക്കുന്ന മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കല്‍ മുഹമ്മദ്‌ ഷഫീക്ക്‌ (21), കുന്നംകുളം ചിറമനേങ്ങാട്‌ താഴത്തേല വളപ്പില്‍ മഹേഷ്‌ (20), കുന്നംകുളം അഞ്ഞൂര്‍ മുട്ടില്‍ ശരത്ത്‌ (23), അഞ്ഞൂര്‍ തൊഴിയൂര്‍ ജിതിന്‍ (21), തിരുവനന്തപുരം കിളിമാനൂര്‍ കാട്ടൂര്‍വിള കൊടുവയനൂര്‍ ഡയാനാഭവനില്‍ ആദര്‍ശ്‌ (21), കൊല്ലം നിലമേല്‍ പുത്തന്‍വീട്‌ വരാഗ്‌ (20) എന്നിവരാണ്‌ ഇന്നലെ പുലര്‍ച്ചെ മൂന്നിനു പിടിയിലായത്‌. കുന്നംകുളം, പെരുമ്പിലാവ്‌, ചാവക്കാട്‌ മേഖലകളില്‍ ചില്ലറവില്‍പ്പനയ്‌ക്ക്‌ എത്തിച്ചതാണു മയക്കുമരുന്ന്‌. പിടിയിലായവര്‍ ഇതിനുമുമ്പും ലഹരിക്കടത്തില്‍ പിടിക്കപ്പെട്ടിട്ടുണ്ട്‌.
ഷഫീക്ക്‌, മഹേഷ്‌ എന്നിവര്‍ ചങ്ങരംകുളം പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ മുനീബ്‌ എന്നയാളെ 2021ല്‍ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളാണ്‌. ഇവര്‍ ജാമ്യത്തില്‍ ഇറങ്ങിയവരാണ്‌. വടക്കേക്കാട്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ 2021ല്‍ പ്രണവ്‌ എന്നയാളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയാണു ശരത്ത്‌.ഫ്രൂട്ട്‌ ജ്യൂസ്‌ എന്ന രീതിയില്‍ ഫ്രൂട്ടി പായ്‌ക്കറ്റുകള്‍, പാരച്യൂട്ട്‌ വെളിച്ചെണ്ണക്കുപ്പികള്‍, ഫ്‌ളാസ്‌കുകള്‍ എന്നിവയിലാണ്‌ ഹാഷിഷ്‌ ഓയില്‍ ഒളിപ്പിച്ചു കടത്തിയത്‌.
രൂക്ഷഗന്ധം അറിയാതിരിക്കാന്‍ സുഗന്ധൈതലവും പുരട്ടി. കഞ്ചാവ്‌ കടത്തിയിരുന്ന ഇവര്‍ അടുത്തിടെയാണു ഹാഷിഷ്‌ ഓയില്‍ കടത്താന്‍ തുടങ്ങിയതെന്ന്‌ പോലീസ്‌ പറഞ്ഞു. തൃശൂര്‍ സിറ്റി പോലീസ്‌ കമ്മിഷണര്‍ ആര്‍. ആദിത്യയ്‌ക്കു ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഈസ്‌റ്റ്‌ സി.ഐ: പി. ലാല്‍കുമാര്‍, എസ്‌.ഐമാരായ എ. ജോര്‍ജ്‌ മാത്യു, ലഹരിവിരുദ്ധ സ്‌ക്വാഡ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍മാരായ എന്‍.ജി. സുവ്രത കുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്‌ണന്‍, പി. രാകേഷ്‌, സീനിയര്‍ സി.പി.ഒമാരായ ടി.വി. ജീവന്‍, പളനിസ്വാമി, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ എം.എസ്‌. ലികേഷ്‌, എസ്‌. സുജിത്‌ കുമാര്‍, കെ. ആഷിഷ്‌, എസ്‌. ശരത്‌, ജോഷി, അരുണ്‍, വിപിന്‍, ഷെല്ലാര്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ പിടികൂടിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here