ശിവസേന നേതാവ് ഏകനാഥ്‌ ഷിൻഡെയ്ക്കെതിരെ നടപടി

0

ന്യൂഡൽഹി: ശിവസേന നേതാവ് ഏകനാഥ്‌ ഷിൻഡെയ്ക്കെതിരെ നടപടി. നിയമസഭാകക്ഷിനേതൃസ്ഥാനത്ത് നിന്ന് ഷിൻഡെയെ മാറ്റി. അജയ് ചൗധരി ആണ് പുതിയ നേതാവ്. താക്കറെയുടെ ഹിന്ദുത്വം മറക്കില്ലെന്ന് ഷിൻഡെ പ്രതികരിച്ചു. മഹാരാഷ്ട്രയിൽ മന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേനയെ പിളർത്തി പുതിയ പാർട്ടി രൂപീകരിക്കാൻ ബിജെപി കരുക്കൾ നീക്കുന്നതിനിടെയാണ് നടപടി.

ശിവസേനയുടെ പകുതിയിലേറെ എംഎൽഎമാരെ അടർത്തിയെടുത്ത് പാർട്ടി പിളർത്താനാണ് വിമത എംഎൽഎമാർ ലക്ഷ്യമിടുന്നത്. ഗുജറാത്തിലെ സൂറത്തിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ തമ്പടിച്ച ശിവസേന വിമത ക്യാമ്പിലേക്ക് കൂടുതൽ എംഎൽഎമാർ എത്തികൊണ്ടിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. നാല് മന്ത്രിമാർ ഉൾപ്പെടെ 21ഓളം എംഎൽമാരാണ് നിലവിൽ സൂറത്തിലെ ഹോട്ടലിൽ ഉള്ളത്.

ചില സ്വതന്ത്ര എംഎൽഎമാരേയും സൂറത്തിലേക്ക് മാറ്റിയതായാണ് വിവരം. വിമത നീക്കങ്ങൾക്ക് പിന്നാലെ തിരക്കിട്ട രാഷ്ട്രീയ ചർച്ചകളാണ് മഹാരാഷ്ട്രയിലും ഡൽഹിയിലും നടന്നുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫ്ഡ്‌നാവിസ് ഡൽഹിയിലെത്തി അമിത് ഷായുമായും ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുമായും കൂടിക്കാഴ്ച നടത്തി.
മറുഭാഗത്ത് ഗുജറാത്തിൽ ഏക്‌നാഥ് ഷിൻഡെയുമായി ഹോട്ടലിൽ ചർച്ചകൾ നടത്തിവരുന്ന ബിജെപി നേതാക്കൾ അദ്ദേഹത്തിന് ഉന്നത പദവി വാഗ്ദ്ധാനം ചെയ്തതായാണ് വിവരം. ഷിൻഡെ പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. കഴിഞ്ഞ ദിവസം നടന്ന എംഎൽഎസി തിരഞ്ഞെടുപ്പിൽ ചില കോൺഗ്രസ് എംഎൽഎമാരും വോട്ട് മറിച്ചതായാണ് ആരോപണം ഉയർന്നിരുന്നു. സർക്കാർ രൂപീകരണത്തിന് 40 ഓളം എംഎൽഎരുടെ കൂടി പിന്തുണ ആവശ്യമുള്ള ബിജെപി കോൺഗ്രസിൽ നിന്നും എംഎൽഎമാരെ അടർത്തിയെടുക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്.
അതേസമയം മഹാരാഷ്ട്രയിൽ ഭരണം നിലനിർത്താനാവുമെന്ന് എൻസിപി നേതാവ് ശരദ് പവാർ പ്രതികരിച്ചു. മുംബൈയിലെത്തി ഉദ്ധവ് താക്കറെയുമായി ചർച്ച നടത്തുമെന്നും പവാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിമത എംഎൽഎമാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവരുമായുള്ള ചർച്ചയിൽ വിജയം കാണുമെന്നാണ് പ്രതീക്ഷ.

ഇത് ആദ്യമായല്ല ബിജെപി മഹാ വികാസ് അഘാഡി സഖ്യത്തെ തകർക്കാൻ ശ്രമിക്കുന്നത്. മൂന്ന് തവണയും ബിജെപി പരാജയപ്പെട്ടു. വിമതനീക്കം നടത്തുന്ന എകനാഥ് ഷിൻഡെ മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടില്ല. ഉദ്ധവ് താക്കറെ മാറേണ്ടതില്ല. എൻസിപിയുടെ എല്ലാം അംഗങ്ങളും ഒന്നിച്ചുനിൽക്കുമെന്നും ശിവസേനയിൽ അവരുടെ ആഭ്യന്തരകാര്യങ്ങളാണെന്നും പവാർ പറഞ്ഞു.

ശരത് പവാറും ഉദ്ധവ് താക്കറേയും ഫോണിലൂടെ നിരന്തരം ചർച്ചകൾ നടത്തിവരികയാണെന്ന് മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. സൂറത്തിലെ ഹോട്ടലിലുള്ളവരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറയുണ്ടായി.
ഇതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചു ചേർത്ത പാർട്ടി എംഎൽഎമാരുടെ അടിയന്തര യോഗം അദ്ദേഹത്തിന്റെ വസതിയിൽ ആരംഭിച്ചു. എല്ലാ എംഎൽഎമാരോടും നിർബന്ധമായി ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വിമതർ എത്തയിട്ടില്ല. കോൺഗ്രസും തങ്ങളുടെ എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here