ഒറ്റ മത്സരത്തിന് 94 കോടി രൂപ; ഐപിഎൽ സംപ്രേഷണം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് നൽകുന്നത് കോടികളുടെ നേട്ടം: ലോകത്തെ രണ്ടാം അതിസമ്പന്ന കായിക ലീഗാകാൻ ഐപിഎൽ

0

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങളുടെ മാധ്യമ സംപ്രേഷണത്തിലൂടെ വൻ തുകയാണ് ലഭിക്കുന്നത്. ഒറ്റമത്സരത്തിന്റെ സംപ്രേഷണത്തിലൂടെ തന്നെ കോടികളാണ് ബിസിസിഐയുടെ കയ്യിലേക്കെത്തുന്നത്. ഐപിഎല്ലിന്റെ അടുത്ത അഞ്ച് വർഷത്തേക്കുള്ള സംപ്രേഷണാവകാശത്തിനുള്ള ലേലനടപടികൾ അടുത്തെത്തി നിൽക്കെ, വരുമാനത്തിന്റെ കാര്യത്തിൽ കുത്തനെയുള്ള വർധനയാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. സംപ്രേഷണത്തിൽ നിന്നുള്ള വരുമാനത്തിന്റെ കാര്യത്തിൽ ലോകത്തെ രണ്ടാം അതിസമ്പന്ന കായിക ലീഗാകാൻ ഒരുങ്ങുകയാണ് ഐപിഎൽ.

നിലവിൽ മാധ്യമ സംപ്രേഷണത്തിൽനിന്നുള്ള വരുമാനത്തിന്റെ കണക്കിൽ, നാഷനൽ ഫുട്‌ബോൾ ലീഗ് (എൻഎഫ്എൽ) ആണ് ഒന്നാമത്. ഇംഗ്ലിഷ് പ്രീമിയർ ലീഗ് (ഇപിഎൽ), മേജർ ലീഗ് ബേസ്‌ബോൾ (എംഎൽബി) എന്നിവയ്ക്കു പിന്നിൽ നാലാം സ്ഥാനത്താണു നിലവിൽ ഐപിഎൽ. ഇതിൽനിന്നു 2ാം സ്ഥാനത്തേക്കുള്ള കുതിച്ചു കയറ്റമാണു ബോർഡ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. അടിസ്ഥാന വിലയ്ക്കാണു സംപ്രേഷണാവകാശത്തിനുള്ള കരാർ നൽകുന്നതെങ്കിൽപ്പോലും ഈ നേട്ടത്തിലെത്താൻ സാധിക്കുമെന്നു ബിസിസിഐ സെക്രട്ടറി ജെയ് ഷാ പ്രതികരിച്ചു.

‘നിലവിൽ ഒരു എൻഎഫ്എൽ മത്സരത്തിനായി സംപ്രേഷകർ ഏകദേശം 17 ദശലക്ഷം ഡോളർ (ഏകദേശം 133 കോടി രൂപ) നൽകേണ്ടതായുണ്ട്. ഏതൊരു സ്പോർട്സ് ലീഗിലെയും ഏറ്റവും ഉയർന്ന തുകയാണിത്. ഐപിഎല്ലിന്റെ കാര്യത്തിൽ അടുത്ത അഞ്ച് വർഷത്തേക്ക്, അടിസ്ഥാന വില കണക്കാക്കി നോക്കിയാൽപോലും ഒരു മത്സരത്തിൽനിന്നു 12 ദശലക്ഷം ഡോളർ (ഏകദേശം 94 കോടി രൂപ) ബിസിസിഐക്കു ലഭിക്കും. ആഗോള തലത്തിൽ നോക്കുമ്പോൾ ഇന്ത്യയുടെ വലിയ കുതിച്ചുചാട്ടമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here