പാരമ്പര്യവൈദ്യന്‍ ഷാബ ഷരീഫിനെ ഒരുവര്‍ഷത്തിലേറെ തടവിലിട്ടു പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍കൂടി അറസ്‌റ്റില്‍

0

മലപ്പുറം: മൂലക്കുരു ചികിത്സയുടെ ഒറ്റമൂലിയുടെ രഹസ്യമറിയാന്‍ പാരമ്പര്യവൈദ്യന്‍ ഷാബ ഷരീഫിനെ ഒരുവര്‍ഷത്തിലേറെ തടവിലിട്ടു പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍കൂടി അറസ്‌റ്റില്‍.
കഴിഞ്ഞദിവസം അറസ്‌റ്റിലായ മുഖ്യപ്രതിയും പ്രവാസിവ്യവസായിയുമായ നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്‍ അഷ്‌റഫിന്റെ (42) മാനേജരായ വയനാട്‌ ബത്തേരി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), തങ്ങളകത്ത്‌ നൗഷാദ്‌ (41), ഷൈബിന്റെ ഡ്രൈവര്‍ നടുതൊടിക നിഷാദ്‌ (35) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.
മൈസൂരു വിജയനഗര്‍ സ്വദേശിയായ ഷാബ ഷരീഫി(60)ന്റെ പക്കല്‍നിന്ന്‌ ഒറ്റമൂലിരഹസ്യം സ്വന്തമാക്കി പണമുണ്ടാക്കാനുള്ള നീക്കമാണു കൊലപാതകത്തില്‍ എത്തിയത്‌. തന്റെ വീടിന്റെ ഒന്നാംനിലയില്‍ പ്രത്യേകം മുറി തയാറാക്കി ചങ്ങലയില്‍ ബന്ധിച്ചു ഷാബാ ഷെരീഫിനെ പാര്‍പ്പിക്കുകയായിരുന്നു. രഹസ്യം കിട്ടാതെ വന്നപ്പോള്‍ 2020 ഒക്‌ടോബറില്‍ ഷൈബിനും സംഘവും മുഖത്തേക്ക്‌ സാനിറ്റൈസര്‍ അടിച്ചും ഇരുമ്പുപൈപ്പുകൊണ്ട്‌ കാലില്‍ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടെ വൈദ്യന്‍ കൊല്ലപ്പെട്ടെന്നാണു മൊഴി. തുടര്‍ന്ന്‌ സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളി.
ഷൈബിന്റെ ഭാര്യ അടക്കം താമസിക്കുന്ന വീട്ടില്‍ വച്ചായിരുന്നു ക്രൂരതകള്‍ അരങ്ങേറിയത്‌. അവരുടെ പങ്കും അന്വേഷിക്കും. പുഴയില്‍ എറിഞ്ഞ മൃതദേഹാവശിഷ്‌ടങ്ങള്‍ ഇത്രകാലത്തിനുശേഷം കണ്ടെത്തുക ദുഷ്‌കരമായതിനാല്‍ സാഹചര്യത്തെളിവുകളും ദൃക്‌സാക്ഷി മൊഴികളും ഡിജിറ്റല്‍ തെളിവുകളും കേന്ദ്രീകരിക്കാനാണു പോലീസ്‌ നീക്കം.
ഷാബ ഷരീഫിനെ മൈസൂരുവില്‍നിന്നു തട്ടിക്കൊണ്ടുവന്നവരടക്കം കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്ന്‌ മലപ്പുറം ജില്ലാ പോലീസ്‌ മേധാവി സുജിത്‌ ദാസ്‌ പറഞ്ഞു. ലാപ്‌ടോപ്‌, പെന്‍ഡ്രൈവ്‌ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്‌.
വൈദ്യനെ പീഡിപ്പിക്കാനും മൃതദേഹം പുഴയില്‍ തള്ളാനും സഹായിച്ച സുഹൃത്തുക്കള്‍ക്ക്‌ ഷൈബിന്‍ പ്രതിഫലം വാഗ്‌ദാനം ചെയ്‌തെങ്കിലും അവരെ പറഞ്ഞുപറ്റിച്ചു. തുടര്‍ന്നു കൂട്ടാളികള്‍ ഷൈബിന്റെ വീട്ടില്‍ക്കയറി മോഷണം നടത്തി. ഇവര്‍ക്കെതിരേ ഷൈബിന്‍ കേസുകൊടുക്കുകയും ചെയ്‌തു. ഇതേത്തുടര്‍ന്നാണ്‌ ഷൈബിനെതിരേ കൊലപാതകം അടക്കം ആരോപണങ്ങളുന്നയിച്ച്‌ നൗഷാദും കൂട്ടരും കഴിഞ്ഞമാസം 28ന്‌ സെക്രട്ടേറിയറ്റിനു മുന്നില്‍ ആത്മഹ്യാശ്രമം നടത്തി പോലീസ്‌ പിടിയിലായത്‌. ഇവരില്‍നിന്ന്‌ ലഭിച്ച പെന്‍ഡ്രൈവ്‌ അടക്കമുള്ള സംഗതികളാണ്‌ വൈദ്യന്റെ കൊലപാതകരഹസ്യത്തിലേക്ക്‌ വഴിതുറന്നത്‌.
2020ല്‍ അബുദബിയില്‍ വ്യാപാര പങ്കാളിയായ മുക്കം സ്വദേശി ഹാരിസും ഒപ്പമുണ്ടായിരുന്ന സ്‌ത്രീയും മരിച്ച ഷൈബിന്‍ അഷ്‌റഫിന്‌ പങ്കുണ്ടെന്ന തരത്തില്‍ മറ്റു പ്രതികള്‍ മൊഴി നല്‍കിയെന്നാണറിയുന്നത്‌. ഇതടക്കമുള്ളവയും അന്വേഷിക്കും.
ഇത്‌ തന്റെ മേല്‍ കെട്ടി വയ്‌ക്കാന്‍ ശ്രമിക്കുകയാണെന്നാണ്‌ ഷൈബിന്‍ പറയുന്നത്‌. നൗഷാദ്‌ അടക്കമുള്ളവര്‍ തന്നെ ബന്ദിയാക്കി ദേഹത്ത്‌ കത്തി വച്ച്‌ ഏഴു ലക്ഷം രൂപ കവര്‍ന്നുവെന്നും തന്റെ പേരിലുള്ള മൂന്നു സ്‌ഥലങ്ങളിലെ ഭൂമിയുടെ ആധാരം സംഘം ആവശ്യപ്പെട്ടുവെന്നും ഷൈബിന്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here