ദിലീപിന്റെ ഫോണില്‍നിന്ന്‌ നീക്കിയ ദൃശ്യങ്ങള്‍ , നടിയെ ആക്രമിച്ച ദിവസത്തെ യാത്ര ദിലീപും സംഘവും പുനരാവിഷ്‌കരിച്ചു?

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനു കുരുക്കായേക്കാവുന്ന ദൃശ്യങ്ങള്‍ പുറത്ത്‌. ദിലീപ്‌ മുംബൈയില്‍ കൊണ്ടുപോയി മൊബൈല്‍ ഫോണില്‍നിന്നു നീക്കം ചെയ്‌ത ദൃശ്യങ്ങളാണിതെന്നാണു നിഗമനം. നടിയെ വാഹനത്തില്‍ പീഡിപ്പിച്ച ദിവസത്തെ യാത്ര ദിലീപും സംഘവും പുനരാവിഷ്‌കരിച്ചെതാണ്‌ ദൃശ്യങ്ങള്‍ എന്നാണ്‌ ആക്ഷേപം.
നടിയെ ആക്രമിച്ച അതേ സമയവും അതേ റോഡും സമാനരീതിയിലുള്ള വാഹനവും ഉപയോഗിച്ചാണു യാത്ര പുനരാവിഷ്‌കരിച്ചത്‌. ദിലീപ്‌, സുഹൃത്ത്‌ ശരത്‌, അഭിഭാഷകരായ സുജേഷ്‌ മേനോന്‍, ഫിലിപ്പ്‌ ടി. വര്‍ഗീസ്‌ എന്നിവരാണ്‌ വാഹനത്തിലുള്ളതെന്നാണ്‌ ശബ്‌ദങ്ങളില്‍നിന്ന്‌ മനസിലാക്കാനാകുന്നത്‌.
യാത്രയുടെ റൂട്ട്‌ വാഹനത്തിലെ മറ്റുള്ളവര്‍ക്കു വിശദീകരിച്ചു നല്‍കുന്നതു സുജേഷ്‌ മേനോനാണെന്നാണു ദൃശ്യത്തിലെ സംഭാഷണങ്ങളുടെ അടിസ്‌ഥാനത്തില്‍ പോലീസ്‌ സംശയിക്കുന്നത്‌. ഇക്കാര്യത്തില്‍ വ്യക്‌തത വരുത്താന്‍ അഭിഭാഷകരില്‍നിന്നു മൊഴിയെടുക്കേണ്ടതുണ്ട്‌.
വധഗൂഢാലോചനക്കേസില്‍ ഇതു നിര്‍ണായക തെളിവാക്കാനാണു നീക്കം. വാഹനം ഓടിക്കുന്നതു ശരത്താണെന്നും ചില സംശയങ്ങള്‍ ചോദിക്കുന്നതു ഫിലിപ്പ്‌ ടി. വര്‍ഗീസുമാണെന്നുമാണു പ്രാഥമിക നിഗമനം. യാത്രയ്‌ക്കിടയില്‍ ദിലീപിന്റെ സംസാരവും വ്യക്‌തമായി കേള്‍ക്കാം. പുറത്തുവന്ന ദൃശ്യങ്ങളില്‍ ആരുടെയും മുഖം വ്യക്‌തമല്ല.
കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ ആലുവയിലെ ജയിലില്‍ എത്തിക്കാന്‍ പദ്ധതിയിട്ടുവെന്നാണു സംഭാഷണം സൂചിപ്പിക്കുന്നത്‌.
സുനിലിനെ ആലുവ ജയിലിലേക്കു മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ അപേക്ഷ നല്‍കണമെന്നാണു സംഘത്തിലെ ഒരാള്‍ ആവശ്യപ്പെടുന്നത്‌. ഈ സമയം ആലുവ സബ്‌ ജയിലിന്റെ മുന്നിലൂടെയാണു വാഹനം സഞ്ചരിക്കുന്നത്‌. സൂപ്രണ്ടിനെ കണ്ടു ജയിലിലേക്കു കയറിയാലോയെന്നു വാഹനത്തിലെ മറ്റൊരാള്‍ ചോദിക്കുന്നുമുണ്ട്‌. അപ്പോള്‍ മറ്റൊരു വ്യക്‌തി സുനി ഇവിടെ അല്ലെന്നും വിയ്യൂരിലാണെന്നും പറയുന്നു. ഇതിനുശേഷമാണു സുനിലിനെ വിയ്യൂരില്‍നിന്ന്‌ ആലുവയിലേക്കു കൊണ്ടുവരാന്‍ അപേക്ഷ നല്‍കണമെന്ന്‌ ആവശ്യപ്പെടുന്നത്‌.
അതേസമയം ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ ദിലീപ്‌ കോടതിയില്‍ മറുപടി നല്‍കിയിട്ടുണ്ട്‌. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തനിക്കെതിരേ കള്ളത്തെളിവുകള്‍ ഉണ്ടാക്കാനാണ്‌ അന്വേഷണ സംഘത്തിന്റെ ശ്രമമെന്നുമാണു ദിലീപ്‌ കോടതിയെ അറിയിച്ചിരിക്കുന്നത്‌.
കഴിഞ്ഞ ദിവസം നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയാണു ക്രൈംബ്രാഞ്ച്‌ സംംഘം കാവ്യാ മാാധവന്റെ മൊഴിയെടുത്തത്‌. എസ്‌.പി: മോഹനചന്ദ്രനും ഡിവൈ.എസ്‌.പി. ബൈജു പൗലോസും അടങ്ങുന്ന സംഘമാണു കാവ്യയുടെ മൊഴി രേഖപ്പെടുത്തിയത്‌. മിക്ക ചോദ്യങ്ങള്‍ക്കും അറിയില്ല, ഓര്‍മയില്ലെന്ന ചോദ്യങ്ങളാണു കാവ്യ മാധവന്‍ മറുപടി നല്‍കിയതെന്നാണു വിവരം.

ദൃശ്യത്തിലെ സംഭാഷണങ്ങള്‍ ഇങ്ങനെ:

“ഇതാ… ജയിലൊക്കെ വരുന്ന സ്‌ഥലമല്ലേ.. അതേ..അതേ..അതിന്റെ മുമ്പിക്കൂടെ പോയെന്നാണു പറയുന്നത്‌ ജയിലിന്റെ മുന്നിലൂടെ ചിത്രപ്പുഴ പാലത്തിനു സമീപം ഇവിടെ അവന്‍ ഉണ്ട്‌… അല്ലേ? ഇവിടാണോ അവന്‍..? ആ…സൂപ്രണ്ട്‌ ഇവിടെയാണു താമസം.. എവിടെ? നമ്മുടെ ഇതിന്റെ സൈഡില്‍… അല്ല ഇവനിവിടാണെന്നു തോന്നുന്നല്ലോ… സുനി? ആ സുനി ഇവിടെ ഉണ്ട്‌… അങ്ങനെ ആണെങ്കില്‍ നമുക്കു സൂപ്രണ്ടിനോടു പറഞ്ഞു കേറി കണ്ടിട്ട്‌… അല്ല സുനി തിരിച്ച്‌ ഇവിടെ വന്നോ? അവന്‍ വിയ്യൂരാ… ഒരപേക്ഷ കൊടുത്തിട്ട്‌…. ഇതു നമ്മുടെ ലാല്‍ മീഡിയ ഒക്കെ കഴിഞ്ഞു വരുന്ന ആ വഴിയല്ലേ…? അല്ല..അടുത്ത റൈറ്റാണെന്നു തോന്നുന്നു ആ വഴി വ്യവസായ മേഖലയുടെ ചുറ്റുമതിലിന്‌ അരികിലൂടെ റോഡില്‍ സഞ്ചരിച്ച്‌… ഈച്ച മുക്കിന്‌ അതു അങ്ങ്‌ ചെല്ലുമ്പോഴാ… ഇവിടെ നിന്ന്‌ റൈറ്റേ…റൈറ്റ്‌ റൈറ്റ്‌ പുതിയ ഒരു റോഡുണ്ട്‌… ഇതല്ലേ… ആ ആ… പുതിയ ഒരു റോഡില്‍ കേറണം… ഇതു മറ്റേ സെസിന്റെ മതിലിന്റെ സൈഡില്‍ കൂടി പോകുന്നതാണ്‌… “

LEAVE A REPLY

Please enter your comment!
Please enter your name here