വണ്ടിപ്പെരിയാറ്റില്‍ ആറു വയസുകാരിയെ പീഡിനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസിന്റെ വിചാരണാ നടപടികള്‍ ആരംഭിച്ചു

0

കട്ടപ്പന: വണ്ടിപ്പെരിയാറ്റില്‍ ആറു വയസുകാരിയെ പീഡിനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസിന്റെ വിചാരണാ നടപടികള്‍ ആരംഭിച്ചു. കട്ടപ്പന ഫാസ്‌റ്റ്‌ ട്രാക്ക്‌ സ്‌പെഷല്‍ കോടതിയിലാണു വിചാരണ.
2021 ജൂണ്‍ 30നാണ്‌ എസ്‌റ്റേറ്റ്‌ ലയത്തിലെ മുറിക്കുള്ളില്‍ ആറു വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണു കുട്ടി നിരന്തരം ലൈംഗിക പീഡനത്തിന്‌ ഇരയായതായി തെളിഞ്ഞത്‌. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയായ അര്‍ജുനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
ഇന്നലെ കേസിലെ 10 സാക്ഷികള്‍ ഹാജരായെങ്കിലും ഒന്നും രണ്ടും സാക്ഷികളായ അയല്‍വാസികളുടെ വിസ്‌താരമാണു പൂര്‍ത്തിയായത്‌. പ്രതി അര്‍ജുന്റെ അച്‌ഛന്‍ അടക്കമുള്ള മറ്റു സാക്ഷികള്‍ ഇന്നു കോടതിയില്‍ ഹാജരാകും. പ്രതിക്കെതിരായി പട്ടികവിഭാഗങ്ങള്‍ക്കെതിരായ അക്രമം തടയല്‍ നിയമപ്രകാരവും കേസെടുക്കണമെന്നാവശ്യപ്പെട്ടു പെണ്‍കുട്ടിയുടെ പിതാവ്‌ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജിക്കാരനു സെഷന്‍സ്‌ ജഡ്‌ജിയെ സമീപിക്കാമെന്നാണു സിംഗിള്‍ ബെഞ്ചിനെതിരായ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച്‌ വ്യക്‌തമാക്കിയത്‌. ഈ ആവശ്യം ഇന്നലെ സ്‌പെഷ്യല്‍ കോടതിയില്‍ ഉന്നയിച്ചെങ്കിലും കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഇന്നത്തേക്കു മാറ്റിയിട്ടുണ്ട്‌.
എന്നാല്‍ പ്രതി അര്‍ജുനും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടയാളാണ്‌ എന്ന്‌ പോലീസ്‌ രേഖകളിലുള്ളത്‌. ഇത്‌ ഈ വകുപ്പ്‌ പ്രകാരം കുറ്റം ചുമത്തുന്നതിന്‌ പ്രതികൂല ഘടകമായേക്കാം. കേസില്‍ 20 ന്‌ മുന്‍പായി വിധിയുണ്ടാകുമെന്നാണ്‌ പ്രോസിക്യൂഷന്റെ പ്രതീക്ഷ. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടര്‍ സുനില്‍ മഹേശ്വരന്‍ പിള്ള ഹാജരായി.

Leave a Reply