സുസ്ഥിര വികസനത്തിന് സര്‍വ്വകലാശാലകളുടെ പങ്ക്: ഒ പി ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി തിരുവനന്തപുരത്ത് കോണ്‍ക്ലേവ് സംഘടിപ്പിച്ചു

0

തിരുവനന്തപുരം: ഒ പി ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് കേരള സുസ്ഥിര വികസന കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്നില്‍ നടന്ന ചടങ്ങ് ശശി തരൂര്‍ എം പി ഉദ്ഘാടനം ചെയ്തു. കേരള ഹൈക്കോടതി ജസ്റ്റിസ് എകെജെ നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് മുഖ്യ പ്രഭാഷണം നടത്തി. കോണ്‍ക്ലേവിന്റെ ഭാഗമായി 2021 സുസ്ഥിര വികസന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. ദാരിദ്ര്യ നിര്‍മ്മാര്‍ജനം, വിശപ്പുരഹിതം, ശുദ്ധജലം ഉറപ്പാക്കല്‍, മികച്ച ആരോഗ്യവും വിദ്യാഭ്യാസവും ,ക്ലീന്‍ എനര്‍ജി, ഭൂ സംരക്ഷണം, പ്രകൃതി സംരക്ഷണം, തുടങ്ങിയ 17-ഓളം ലക്ഷ്യങ്ങള്‍ നേടുന്നതിനായുള്ള സുസ്ഥിരമായ നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാശനത്തെ തുടര്‍ന്ന് ‘പരിസ്ഥിതി സംരക്ഷണത്തിന് യൂണിവേഴ്സിറ്റികളും സിവില്‍ സൊസൈറ്റികളും വഹിക്കേണ്ട പങ്ക്’ എന്ന വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിച്ചു.

‘ഒ പി ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി അവതരിപ്പിച്ചിരിക്കുന്ന ഈ റിപ്പോര്‍ട്ട് സ്ഥിരശൈലിയില്‍ നിന്ന് മാറി ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നതാണ്. ആഗോള യൂണിവേഴ്‌സിറ്റികള്‍ അവരുടെ റാങ്കിങ്ങ് സംവിധാനത്തില്‍ പരിസ്ഥിതിയക്കായി പ്രത്യേക മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവബോധത്തില്‍ മാത്രം ഒതുങ്ങാതെ പ്രതിബദ്ധതയുള്ള വിദ്യാര്‍ഥി സമൂഹത്തിന്റെ കൂട്ടമായ പ്രവര്‍ത്തനങ്ങളാണ് മാറ്റത്തിന് അനിവാര്യം’ കോണ്‍ക്ലേവ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് കൊണ്ട് ശശി തരൂര്‍ എം പി പറഞ്ഞു.

‘കഴിഞ്ഞ മൂന്നു വര്‍ഷ കാലമായി യു എന്‍ നിര്‍ണയിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയിലുള്ള സംസ്ഥാനമാണ് കേരളം. അത് കൊണ്ട് തന്നെ ഇത്തരമൊരു കോണ്‍ക്ലേവിന് കേരളം വേദിയാകുന്നത് ഏറെ പ്രാധാന്യമേകുന്നു. കൊച്ചി വിമാനതാവളം 100% കാര്‍ബണ്‍ രഹിത സ്ഥാപനമാണ്, ഇതേ നിലയിലേക്ക് മറ്റ് സര്‍വ്വകലാശാലകളും സ്ഥാപനങ്ങളും മാറേണ്ടതുണ്ട്. 2030-ഓടെ കേരളം ഈ വികസന മാതൃകയിലേക്ക് സമ്പൂര്‍ണമായും മാറുമെന്നാണ് കരുതുന്നത്.’ എന്ന് ചീഫ് സെക്രട്ടറി വി പി ജോയ് അഭിപ്രായപ്പെട്ടു.

യുണൈറ്റഡ് നേഷന്‍സിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ നടപ്പിലാക്കുന്നതിലും വികസന മാതൃകകള്‍ സൃഷ്ടിക്കുന്നതിലും രാജ്യത്തെ തന്നെ മുന്‍നിരയിലുള്ള യൂണിവേഴ്സിറ്റിയാണ് കോണ്‍ക്ലേവിന്റെ ആതിഥേയരായ ഒപി ജിന്‍ഡാല്‍ യൂണിവേഴ്സിറ്റി. ക്യാംപസുകളെ ഹരിത വല്‍ക്കരിക്കുകയും സമൂഹ പ്രതിബദ്ധത നിറഞ്ഞ ഇടവുമാക്കി മാറ്റുകയുമാണ് 2021 സുസ്ഥിര വികസന റിപ്പോര്‍ട്ടിന്റെ പ്രധാന ലക്ഷ്യമെന്ന് ഒ പി ജിന്‍ഡാല്‍ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. സി രാജ്കുമാര്‍ പറഞ്ഞു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി, ഒപി ജിന്‍ഡാല്‍ യൂണിവേഴ്സിറ്റി സുസ്ഥിര വികസന മാര്‍ഗ്ഗങ്ങള്‍ പിന്‍തുടരുകയും, അതിലൂടെ സുരക്ഷിതവും ആരോഗ്യപരവുമായ പരിസ്ഥിതി സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒ പി ജിന്‍ഡാല്‍ യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ പ്രൊഫ വേണു രാജമണി, ട്രസ്റ്റ് ലീഗല്‍ അഡ്വക്കേറ്റ്സ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്സ് സ്ഥാപകനും മാനേജിങ്ങ് പാര്‍ട്ട്നറുമായ സുധീര്‍ മിശ്ര, ഒ പി ജിന്‍ഡാല്‍ സര്‍വ്വകലാശാലയിലെ ഡീന്‍, ഉപാസന മെഹന്ത, വൈസ് ഡീന്‍, ഡോ. എസ് മേഴ്സി ഡെബോറാഹ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here