മുസ്ലിം ലീഗ്‌ നേതാക്കൾ അബ്‌ദുള്ളക്കുട്ടിക്ക്‌ നല്‍കിയ സ്വീകരണവും ഇഫ്‌ത്താറും വിവാദത്തിലേക്ക്‌

0

കണ്ണൂര്‍: മുസ്ലിം ലീഗ്‌ നേതാക്കളും പോഷക സംഘടനാ നേതാക്കളും ചേര്‍ന്നു ബി.ജെ.പി. ദേശീയ വൈസ്‌ പ്രസിഡന്റ്‌ എ.പി. അബ്‌ദുള്ളക്കുട്ടിക്ക്‌ നല്‍കിയ സ്വീകരണവും ഇഫ്‌ത്താറും വിവാദത്തിലേക്ക്‌. ഇന്നലെ എ.ഐ.കെ.എം.സി.സി നേതാവ്‌ അസീസ്‌ മാണിയൂരിന്റെ ചെക്കിക്കുളത്തെ വീട്ടില്‍ നല്‍കിയ സ്വീകരണവും നോമ്പുതുറയുമാണു വിവാദമായത്‌. എന്നാല്‍ കേന്ദ്ര ഹജ്‌ കമ്മിറ്റി ചെയര്‍മാനായ അബ്‌ദുള്ളക്കുട്ടിക്ക്‌ സ്വീകരണം നല്‍കുകയായിരുന്നുവെന്ന്‌ എ.ഐ.കെ.എം.സി.സിയുടെ നേതൃത്വം വിശദീകരിക്കുന്നു.
അഖിലേന്ത്യ പ്രസിഡന്റും ബംഗളുരു കെ.എം.സി.സി. നേതാവുമായ എം.കെ. നൗഷാദ്‌, മുസ്ലിം ലീഗ്‌ കണ്ണൂര്‍ ജില്ല സെക്രട്ടറി താഹിര്‍ പുറത്തില്‍, സമസ്‌ത നേതാവ്‌ സി.കെ.കെ. മാണിയൂര്‍ തുടങ്ങിയവരാണു സ്വീകരണത്തില്‍ പങ്കെടുത്തത്‌. പള്ളിയിലെ ഫണ്ട്‌ തിരിമറിയുമായി ബന്ധപ്പെട്ട്‌ ശിക്ഷിക്കപ്പെട്ട താഹിര്‍ മുസ്ലിം ലീഗ്‌ ജില്ലാ ഭാരവാഹിത്വത്തിലെത്തിയത്‌ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ്‌ മറികടന്നുകൊണ്ടാണ്‌. സ്വീകരണം സംഘടിക്കപ്പെട്ട വീട്ടിന്റെ ഉടമസ്‌ഥനായ അസീസ്‌ മാണിയൂര്‍ മഹാരാഷ്‌ട്ര കെ.എം.സി.സി ജനറല്‍ സെക്രട്ടറിയാണ്‌. അസീസ്‌ മാണിയൂരിന്റെ ജേഷ്‌ഠനാണ്‌ സി.കെ.കെ. മാണിയൂര്‍.
അബ്‌ദുല്ലക്കുട്ടിക്ക്‌ കഴിഞ്ഞ ദിവസം ചേംബര്‍ ഹാളില്‍ നല്‍കിയ പൗരസ്വീകരണത്തില്‍ മുസ്‌ലിം ലീഗ്‌ നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുത്തിരുന്നില്ല. പങ്കെടുക്കരുതെന്നു നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ താഹിര്‍ പുറത്തീലിനെ പോലുള്ള നേതാക്കള്‍ സ്വീകരണം സംഘടിപ്പിച്ചത്‌ ജില്ലാ, സംസ്‌ഥാന നേതൃത്വം ഗൗരവത്തോടെയാണ്‌ കാണുന്നത്‌. പോഷക സംഘടനയായ എ.ഐ.കെ.എം.സിയുടെ ഉന്നത നേതാക്കള്‍ക്ക്‌ നേരേയും വിമര്‍ശനമുയരുന്നു. സ്വീകരണത്തിന്‌ ശേഷം എഫ്‌.ബി പോസ്‌റ്റിലൂടെ വീട്ടിലെ സ്വീകരണത്തില്‍ അബ്‌ദുള്ളക്കുട്ടി വിശിഷ്‌ടാതിഥിയായി പങ്കെടുത്തുവെന്ന്‌ അസീസ്‌ മാണിയൂര്‍ പരസ്യപ്പെടുത്തിയിരുന്നു. ഇത്‌ നേതൃത്വത്തിനു നേരേയുള്ള വെല്ലുവിളിയായി വിലയിരുത്തപ്പെടുന്നുണ്ട്‌.
സി.പി.എമ്മില്‍നിന്നു പുറത്താക്കിയപ്പോഴും പിന്നീട്‌ കോണ്‍ഗ്രസ്‌ വിട്ടപ്പോഴുമെല്ലാം അബ്‌ദുള്ളക്കുട്ടി മുസ്ലിം ലീഗിലേക്ക്‌ ചേക്കേറാന്‍ പല ശ്രമങ്ങളും നടത്തിയിരുന്നു. അന്തരിച്ച മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുസ്ലിം ലീഗ്‌ ദേശീയ പ്രസിഡന്റുമായിരുന്ന ഇ. അഹമ്മദാണു നാട്ടുകാരന്‍ കൂടിയായ അബ്‌ദുള്ളക്കുട്ടിക്ക്‌ ശക്‌തമായ തടയിട്ടത്‌.

LEAVE A REPLY

Please enter your comment!
Please enter your name here