വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനത്തിന്റെ നട്ടെല്ലൊടിച്ച്‌ പാചകവാതകവില വീണ്ടും കൂട്ടി

0

കൊച്ചി /ന്യൂഡല്‍ഹി: വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനത്തിന്റെ നട്ടെല്ലൊടിച്ച്‌ പാചകവാതകവില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന്‌ (14.2 കിലോഗ്രാം) 50 രൂപ വര്‍ധിച്ചതോടെ ചരിത്രത്തിലാദ്യമായി പാചകവാതകവില 1000 കടന്നു (1006.50 രൂപ). 956.50 രൂപയായിരുന്നു പഴയവില. ഒന്നരവര്‍ഷത്തിനിടെ കൂട്ടിയത്‌ 400 രൂപ.
2014 ജനുവരിയില്‍ പാചകവാതകവില 1241 രൂപയായി ഉയര്‍ന്നെങ്കിലും അന്ന്‌ 600 രൂപ സബ്‌സിഡിയായി ഉപയോക്‌താക്കള്‍ക്കു തിരികെ ലഭിച്ചിരുന്നു. ലക്ഷക്കണക്കിനു കുടുംബങ്ങളില്‍ പാചകവാതക വിലവര്‍ധന ബജറ്റ്‌ തെറ്റിക്കും. ഗ്രാമീണമേഖലയില്‍ സാധാരണക്കാര്‍ വിറകടുപ്പിലേക്കു തിരിച്ചുപോകേണ്ട അവസ്‌ഥ. കഴിഞ്ഞയാഴ്‌ച വാണിജ്യ സിലിണ്ടറിന്‌ (19 കിലോ) 103 രൂപ വര്‍ധിച്ചിരുന്നു.
2253 രൂപയാണ്‌ ഇപ്പോഴത്തെ വില. നാലുമാസത്തിനിടെ 365 രൂപയുടെ വര്‍ധന. പൈപ്പ്‌ലൈന്‍ വഴിയുള്ള പ്രകൃതിവാതകവില യൂണിറ്റിന്‌ 4.25 രൂപയും കഴിഞ്ഞദിവസം കൂട്ടിയിരുന്നു. ഇന്ധനവില കൂടുന്നതിന്‌ ആനുപാതികമായാണു പാചകവാതകവിലയും ഉയരുന്നത്‌.

യുദ്ധത്തെ പഴിച്ച്‌ എണ്ണക്കമ്പനികള്‍

യുക്രൈന്‍ യുദ്ധമാണു വിലവര്‍ധനയ്‌ക്കു പ്രധാനകാരണമായി കമ്പനികള്‍ പറയുന്നത്‌. പ്രധാനമന്ത്രി ഉജ്വല്‍ പദ്ധതിപ്രകാരം ഒരുകോടി സൗജന്യ സിലിണ്ടറുകള്‍ വിതരണം ചെയ്‌തതുമൂലമുണ്ടായ ബാധ്യതയും മറ്റൊരു കാരണമായി.
യുക്രൈന്‍ പ്രതിസന്ധി തുടരുന്നതിനാല്‍ ഇന്ധനവില വര്‍ധനയും തുടരുമെന്നാണ്‌ എണ്ണക്കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കുറഞ്ഞനിരക്കില്‍ റഷ്യയില്‍നിന്ന്‌ എണ്ണ കിട്ടിയിട്ടും രാജ്യാന്തരവിപണി വിലയ്‌ക്കനുസരിച്ചാണ്‌ കമ്പനികള്‍ എല്‍.പി.ജി. വില നിശ്‌ചയിക്കുന്നതെന്ന വിമര്‍ശനം ശക്‌തമാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here