തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എഎപി) എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന വാർത്ത വ്യാജമെന്ന് എഎപി

0

കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എഎപി) എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന വാർത്ത വ്യാജമെന്ന് എഎപി. തൃക്കാക്കരയിൽ എഎപി ആരെയും പിന്തുണക്കുന്നതായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നു സംസ്ഥാന സെക്രട്ടറി പത്മനാഭൻ ഭാസ്കരൻ പറ‍ഞ്ഞു. സിപിഎം എറണാകുളം ജില്ലാ കമ്മറ്റി അംഗം കെ.എൻ. ഗോപിനാഥ് ചാനൽ ചർച്ചയ്ക്കിടെയാണ് ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. ഗോപിനാഥ് എപ്പോഴാണ് എഎപിയുടെ വക്താവായതെന്ന് പത്മനാഭൻ ചോദിച്ചു.

ചാനൽ ചർച്ചയുടെ അവസാനനിമിഷമാണ് സിപിഎം പ്രതിനിധി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. എഎപി പ്രതിനിധിക്ക് ഇതിനു മറുപടി നൽകാൻ സാധിക്കുന്നതിനു മുൻപു ചർച്ച അവസാനിച്ചു. അതാണ് ഇത്തരത്തിലൊരു വാർത്ത പ്രചരിക്കാൻ കാരണമായതെന്നു പത്മനാഭൻ പറഞ്ഞു. എഎപിയുടെ പിന്തുണ ലഭിക്കണമെന്നത് എൽഡിഎഫിന്റെ മോഹം മാത്രമാണ്.

എൽഡിഎഫും യുഡിഎഫും ശരിയല്ലെന്നു തന്നെയാണ് പാർട്ടിയുടെ നിലപാട്. മനഃസാക്ഷിക്ക് അനുസരിച്ച് വോട്ടു ചെയ്യാനാണ് അണികൾക്കുൾപ്പെടെ നൽകിയ നിർദേശം. പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊഴികെ ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കേണ്ടെന്നാണ് ദേശീയതലത്തിൽ എഎപിയുടെ തീരുമാനം. പ്രത്യേകസാഹചര്യമുണ്ടെങ്കിൽ മാത്രമേ സ്ഥാനാർഥികളെ നിർത്തൂ. തൃക്കാക്കരയിൽ എഎപി വിജയിച്ചാൽ പോലും യാതൊരു രാഷ്ട്രീയ മാറ്റവുമുണ്ടാകില്ലെന്നതിനാലാണ് മത്സരിക്കേണ്ടെന്നു തീരുമാനിച്ചത്. മണ്ഡലത്തിൽ സർവേ ഉൾപ്പെടെ നടത്തിയിരുന്നു.

അടുത്ത ലോക്സഭാ, തദ്ദേശസ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എഎപി തീർച്ചയായും മത്സരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെയാണ് പ്രാധാന്യത്തോടെ കാണുന്നത്. ഇതിനു മുൻപ്, എത്രത്തോളം വേരുറപ്പിച്ചെന്ന് വിലയിരുത്താനാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 140 സീറ്റിലും മത്സരിക്കും.

ട്വന്റി20യുമായി സഖ്യത്തിനു ചർച്ചകൾ പുരോഗമിക്കുകയാണെന്നും ധാരണ രൂപപ്പെട്ടെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു. പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയമായി അരവിന്ദ് കേജ്‌രിവാൾ ഈ മാസം കേരളത്തിലെത്തുമ്പോൾ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here