മോഡൽ ഷഹനയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതം

0

കോഴിക്കോട്: മോഡൽ ഷഹനയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതം. മരണം സംബന്ധിച്ച ശാസ്ത്രീയ തെളിവുകൾ തേടി ഫോറൻസിക് സംഘം ഷഹന താമസിച്ചിരുന്ന വീട്ടിലെത്തി. കോഴിക്കോട് പറമ്പിൽ ബസാറിലെ വാടകവീട്ടിലാണ് ഫോറൻസിക് സംഘം തെളിവെടുപ്പ് നടത്തുന്നത്. ഷഹന ഭർത്താവിനൊപ്പം താമസിച്ചിരുന്നത് ഈ വീട്ടിലാണ്. ഷഹനയുടേത് കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ഷഹന ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന ചെറിയ കയറിൽ തൂങ്ങിമരിക്കാൻ സാധിക്കുമോ എന്നുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.

ഷഹനയുടെ മരണത്തിന് പിന്നാലെ അറസ്റ്റിലായ സജ്ജാദ് നിലവിൽ റിമാൻഡിലാണ്. വീട്ടിലെ ജനലിൽ ചെറിയ കയർ ഉപയോഗിച്ചാണ് ഷഹന തൂങ്ങിമരിച്ചതെന്നാണ് വിവരം. എന്നാൽ വിവരമറിഞ്ഞ് ആളുകൾ എത്തുമ്പോഴേക്കും ഷഹനയെ സജ്ജാദ് താഴെയിറക്കിയിരുന്നു. സജ്ജാദിന്റെ മടിയിൽ ബോധമറ്റു കിടന്ന ഷഹന, ആശുപത്രിയിലെത്തും മുൻപേ മരിച്ചു. ഇതിന് പിന്നിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.

സജ്ജാദ് ലഹരിക്ക് അടിമയാണെന്ന ആരോപണം ഉയർന്നിരുന്നു. ഇത് വാസ്തവമാണെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഏതുതരത്തിലുള്ള ലഹരികളാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്നത് അടക്കമുള്ള കാര്യങ്ങളേക്കുറിച്ച് അറിയാനുള്ള ശാസ്ത്രീയ പരിശോധനയും ഫോറൻസിക് സംഘം നടത്തും. കെട്ടിട ഉടമയോടും സംഘം വിവരങ്ങൾ ചോദിച്ചറിയും.

അതേസമയം, സജ്ജാദും ഷഹനയും തമ്മിൽ വഴക്കും ഉന്തുംതള്ളും പിടിവലിയുമുണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഷഹനയുടെ നേർക്ക് ദേഹോപദ്രവവും ഉണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെയുണ്ടായ ഉപദ്രവങ്ങളുടെ പാടുകളാണ് മരിച്ചസമയത്ത് ഷഹനയുടെ ദേഹത്തുണ്ടായിരുന്നതെന്ന് ഡോക്ടർ അറിയിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.
വീട്ടിൽനിന്ന് വെയിങ് മെഷീനും പാക്കിങ് വസ്തുക്കളും ഉൾപ്പെടെയുള്ളവ കണ്ടുകിട്ടിയിട്ടുണ്ട്. സജ്ജാദിന് ലഹരിമരുന്നു വിതരണവും ഉപയോഗവും ഉണ്ടായിരുന്നു. എല്ലാത്തരം ലഹരിമരുന്ന് ഇടപാടുകളും സജ്ജാദിനുണ്ടായിരുന്നു. സൊമാറ്റോ ഡെലിവറി ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു സജ്ജാദ്. ഇതിന്റെ മറവിലായിരുന്നു ലഹരിമരുന്ന് ഇടപാടുകൾ നടത്തിയിരുന്നത്. സജ്ജാദിന് ലഹരി വസ്തുക്കൾ നൽകുന്നവരേക്കുറിച്ചും ഇയാളുമായി ഇടപാട് നടത്തുന്നവരേക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ഷഹനയും (20) സജ്ജാദുമായുള്ള വിവാഹം കഴിഞ്ഞിട്ട് ഒന്നരവർഷമായി. നടിയും മോഡലുമൊക്കെയായി ജീവിതം കരുപ്പിടിപ്പിച്ചുവരവെയാണ് കഴിഞ്ഞദിവസം കോഴിക്കോട്ട് ഭർത്താവിനൊപ്പം താമസിക്കുന്ന വാടകവീട്ടിൽ തൂങ്ങിമരിച്ചതായി വിവിരം ലഭിച്ചത്. സ്വന്തം വീട്ടിലേക്ക് മകളുടെ വരവ് കാത്തിരുന്ന ഉമൈബയ്ക്കും കുടുംബത്തിനും കേൾക്കേണ്ടി വന്നത് മരണവാർത്തയായിരുന്നു. ജീവിതത്തിൽ പ്രയാസങ്ങൾ ഒരുപാട് അനുഭവിക്കേണ്ടിവന്ന ഉമൈബയും കുടുംബവും വിവിധയിടങ്ങളിൽ വാടകവീട്ടിലായിരുന്നു താമസം. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ഉമ്മയും സഹോദരങ്ങളും പൊലീസിനോട് പറഞ്ഞത്.

ഷഹനയുടെ മരണം കൊലപാതകം തന്നെയെന്നു സഹോദരൻ പറഞ്ഞു. ഉയരമുള്ള ഷഹന ജനലഴിയിൽ തൂങ്ങിമരിച്ചെന്ന വാദം അവിശ്വസനീയമാണ്. കൊന്നശേഷം കെട്ടിത്തൂക്കിയതാകാം. സജാദിന്റെ മാതാവിന്റെ പങ്കും അന്വേഷിക്കണമെന്നും ബിലാൽ പറഞ്ഞു. ‘പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം എന്നത് ആത്മഹത്യ എന്നാണ്. അതിനോടു യോജിക്കുന്നില്ല. കൂടുതൽ പരിശോധനകൾ നടത്തണം. തൂങ്ങിയ കയർ, മുറിയിലെ സാഹചര്യം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണം. അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് വിശ്വസിക്കാനാകില്ല-സഹോദരന്ൻ പ്രതികരിച്ചു.
മരണത്തിനു തൊട്ടുമുൻപു വരെ നല്ലപോലെ മർദനമേറ്റിട്ടുണ്ടെന്ന് മൃതദേഹം കണ്ടവർ പറഞ്ഞു. ബലം പ്രയോഗിച്ച ലക്ഷണങ്ങൾ കാണുന്നുണ്ട്. കഴുത്തിനു പിന്നിൽ നിറം മാറിയിട്ടുണ്ട്. കയ്യിലും പിടിച്ചുവലിച്ചതിന്റെ പാടുകളും മുറിവുകളും ഉണ്ട്. സജ്ജാദ് കെട്ടിത്തൂക്കിയതാണെന്നാണ് സംശയം. സജ്ജാദിന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് ഷഹന പരാതി പറഞ്ഞിരുന്നു.
അയാളുടെ കൂട്ടുകെട്ട് മോശമാണ്. കൂട്ടുകാരുടെ കൂടെ പോയിക്കഴിഞ്ഞാൽ പിന്നെ പ്രശ്നങ്ങളാണ്. അയാളുടെ ഉമ്മയ്ക്കും ഇതിൽ പങ്കുണ്ട്. ഉമ്മയുടെ കാര്യം പലതവണ തന്നോടു പറഞ്ഞിട്ടുണ്ട്. ഷഹനയെയും സജ്ജാദിനെയും വേർപിരിക്കാമെന്ന് ആ ഉമ്മ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും സഹോദരൻ പറയുന്നു.
അവനെ ദുബായ്ക്ക് അയയ്ക്കാം എന്നൊക്കെ പറഞ്ഞു. പരാതി പറയുമ്പോൾ വീട്ടിലേക്കു വാ എന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന് പലതവണ പറഞ്ഞിട്ടും ഷഹന കേട്ടിട്ടില്ല. അങ്ങോട്ടുവന്നാൽ തന്റെ ജീവിതം അല്ലേ പോകുന്നത്. ഞാൻ എങ്ങനെങ്കിലും അഡ്ജസ്റ്റ് ചെയ്തോളാം. നമുക്ക് നോക്കാം എന്നായിരുന്നു ഷഹനയുടെ മറുപടി’ സഹോദരൻ ബിലാൽ കൂട്ടിച്ചേർത്തു. ഗുരുതര ആരോപണങ്ങളാണ് ഷഹനയുടെ ബന്ധുക്കൾ ഉയർത്തുന്നത്. ഇതെല്ലാം പൊലീസ് പരിശോധിക്കും. അയൽക്കാരുടെ മൊഴിയും കേസിൽ നിർണ്ണായകമാണ്.
ഷഹനയും സജ്ജാദും തമ്മിൽ സ്ഥിരം വഴക്കുണ്ടായിരുന്നതായി അയൽക്കാർ വെളിപ്പെടുത്തി. നേരത്തെ ഒന്നുരണ്ടു തവണ പ്രശ്‌നമുണ്ടായ സമയത്ത് അവരുടെ വീട്ടിൽപോയിരുന്നു. ആ സമയത്ത് സജ്ജാദ് നോർമൽ ആയിരുന്നില്ലെന്നാണ് തോന്നിയത്. വഴക്കുണ്ടാവുന്ന സമയത്ത് മുകളിലേക്ക് ആരും വരേണ്ട, ഞങ്ങൾ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പ്രശ്‌നമാണ്, നിങ്ങളാരും ഇടപെടേണ്ടെന്നാണ് സജ്ജാദ് പറഞ്ഞിരുന്നതെന്നും അയൽക്കാർ പറയുന്നു.
ജോലി കഴിഞ്ഞ് രാത്രി 12 മണിക്കൊക്കെയാണ് സജ്ജാദ് വീട്ടിലെത്തിയിരുന്നത്. രണ്ടരമാസം ആയിട്ടുള്ളൂ ദമ്പതിമാർ ഇവിടെ താമസം ആരംഭിച്ചിട്ട്. മറ്റുള്ളവരുമായി അധികം പരിചയമുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം ഷഹന സംസാരിക്കുന്നില്ല, എല്ലാവരും ഓടിവരൂ എന്ന് സജ്ജാദ് വിളിച്ചുപറയുകയായിരുന്നു. വന്നപ്പോൾ ഷഹന സജ്ജാദിന്റെ മടിയിൽ കിടക്കുന്നതാണ് കണ്ടതെന്നും അയൽക്കാരനായ ഹസൻ പറഞ്ഞു.
ഷഹനയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ‘ആ കയർ കണ്ടാൽ തൂങ്ങിമരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ശരീരത്തിൽ പാടുകളുണ്ട്. തലേദിവസം എന്നെദിവസം വിളിച്ചപ്പോൾ സന്തോഷത്തോടെയാണ് സംസാരിച്ചിരുന്നത്. കൂടുതൽ അവസരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും സംവിധായകർ വിളിച്ചതായും പറഞ്ഞിരുന്നു’- ഷഹനയുടെ സഹോദരൻ ബിലാൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here