തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്‍റി ട്വന്‍റി വോട്ട് ആർക്കെന്ന് ഉടൻ പ്രഖ്യാപിക്കുമെന്ന് ചീഫ് കോര്‍ഡിനേറ്റർ സാബു എം. ജേക്കബ്

0

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്‍റി ട്വന്‍റി വോട്ട് ആർക്കെന്ന് ഉടൻ പ്രഖ്യാപിക്കുമെന്ന് ചീഫ് കോര്‍ഡിനേറ്റർ സാബു എം. ജേക്കബ്. ട്വന്‍റി ട്വന്‍റിയുടെ വോട്ട് ചോദിക്കും മുൻപ് ട്വന്‍റി ട്വന്‍റിക്കെതിരെ നടത്തിയ അക്രമങ്ങളിൽ മാപ്പുപറയാൻ പി.വി ശ്രീനിജൻ എം.എൽ.എ അടക്കമുള്ളവർ തയ്യാറാകണം. കിറ്റക്സ് സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി എന്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സാബു എം. ജേക്കബ് പറഞ്ഞു.

ട്വന്റി20 സഖ്യത്തിന്‍റെ വോട്ടുവേണമെന്ന് പറയുന്ന ഇടതുമുന്നണി ചെയ്ത തെറ്റുകള്‍ അംഗീകരിക്കണം. എന്തും വിളിച്ചുപറയുന്ന സ്ഥലം എംഎല്‍എയെ ആദ്യം നിയന്ത്രിക്കണം. ട്വന്‍റി20ക്കെതിരെ നടത്തിയ ആക്രമങ്ങളില്‍ പി.വി.ശ്രീനിജിന്‍ മാപ്പുപറയണം. വോട്ടുമാത്രം വേണമെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, തൃക്കാക്കരയില്‍ ആം ആദ്മി പാർട്ടി–ട്വന്‍റി20 സഖ്യത്തിന്റെ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ജനക്ഷേമസഖ്യം മുന്നോട്ടുവച്ച നിലപാട് ഇടതുപക്ഷത്തിന്‍റേത‌ാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് പറഞ്ഞു. അവര്‍ക്ക് ആശയപരമായി പിന്തുണയ്ക്കാന്‍ കഴിയുന്ന പ്രസ്ഥാനം ഇടതുപക്ഷമാണ്. അതുകൊണ്ട് ആ വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എം.സ്വരാജ് വ്യക്തമാക്കി.

ട്വന്റി 20യും ആം ആദ്മി പാർട്ടിയും യോജിച്ച് പീപ്പിൾസ് വെൽഫെയർ അലയൻസ് (ജനക്ഷേമ സഖ്യം- പിഡബ്ല്യുഎ) സഖ്യം നിലവിൽവന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഡൽഹിക്കും പഞ്ചാബിനും ശേഷം കേരളത്തിലും വേണമെങ്കിൽ സർക്കാർ ഉണ്ടാക്കാൻ എഎപിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കിഴക്കമ്പലം കിറ്റെക്‌സ് ഗാർമെന്റ്സ് ഗ്രൗണ്ടിൽ ട്വന്റി 20യുമായി ചേർന്ന് എഎപി സംഘടിപ്പിച്ച ജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡൽഹി സർക്കാരിനെ പ്രകീർത്തിച്ച കെജ്രിവാൾ, കേരളത്തിലെ സർക്കാരിനെതിരെയോ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെപ്പറ്റിയോ പരാമർശിച്ചതേയില്ല.

ഡല്‍ഹിയിലും പഞ്ചാബിലും സംഭവിച്ചത് കേരളത്തില്‍ ആവര്‍ത്തിക്കുമെന്ന് കിഴക്കമ്പലത്ത് നടന്ന ജനസംഗമം പരിപാടിയില്‍ കെജ്രിവാള്‍ പറഞ്ഞു.തെരഞ്ഞെടുപ്പിലെ പഞ്ചാബ്, ഡല്‍ഹി ജയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെജ്രിവാള്‍ പ്രസംഗം ആരംഭിച്ചത്. ഡല്‍ഹിയിലെ നേട്ടങ്ങള്‍ ദൈവത്തിന്റെ മാജിക്കാണ്. അത് കേരളത്തിലും സാധ്യമാണ്. ഡല്‍ഹിയില്‍ എന്തിനും കൈക്കൂലി നല്‍കണമായിരുന്നു. ആംആദ്മി അധികാരത്തിലെത്തിയതോടെ ഡല്‍ഹിയില്‍ അഴിമതി ഇല്ലാതായി. കേരളത്തിലെയും അഴിമതി ഇല്ലാതാക്കണ്ടെയെന്നും കെജ്രിവാള്‍ ചോദിച്ചു.

താന്‍ മുഖ്യമന്ത്രിയായ ശേഷം ഡല്‍ഹിയില്‍ നിന്ന് അഴിമതി ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ പവര്‍ കട്ടില്ല, മരുന്നുകളും ചികിത്സയും സൗജന്യമാണ്. ക്യാന്‍സറായാലും കിഡ്‌നി മാറ്റിവെയ്ക്കായാലും ചെലവ് സര്‍ക്കാര്‍ വഹിക്കും. ചികിത്സയ്ക്ക് എത്ര ലക്ഷം ചിലവായാലും ഡല്‍ഹി സര്‍ക്കാര്‍ വഹിക്കും. രാജ്യം ഡല്‍ഹി മോഡലാണ് ചര്‍ച്ച ചെയ്യുന്നതെന്നും കെജ്രിവാള്‍ അവകാശപ്പെട്ടു.

കേരളത്തിൽ രണ്ടാം വരവിനാണ് ആം ആദ്മി പാർട്ടി തയ്യാറെടുക്കുന്നത്. ഒൻപത് വർഷം നീണ്ട പ്രവർത്തനങ്ങളിൽ കാര്യമായ ചലനം സൃഷ്ടിക്കാത്ത സാഹചര്യത്തിലാണ് ട്വന്‍റി 20യുമായി സഖ്യത്തിലേർപ്പെട്ടുള്ള തിരിച്ചുവരവ് എന്നതും ശ്രദ്ധേയാണ്. സംസ്ഥാനത്ത് ആം ആദ്മി പാർട്ടിയുടെ വരുംകാല പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച നിർദേശങ്ങൾ കൊച്ചി താജ് മലബാർ ഐലൻഡ് ഹോട്ടലിൽ ചേർന്ന സ്റ്റേറ്റ് കൗൺസിൽ യോഗത്തിൽ കെജ്രിവാൾ നൽകിയെന്നാണ് റിപ്പോർട്ട്.

നേതാക്കൻമാർക്കും പ്രവർത്തകർക്കും കൃത്യമായ ടാർഗറ്റ് നൽകി ഫലം കണ്ടെത്താനാണ് ആം ആദ്മിയുടെ നീക്കമെന്നാണ് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നത്. നേട്ടമുണ്ടാക്കാൻ കഴിയാത്ത നേതാക്കളെ മാറ്റിനിർത്തി പുതുമുഖങ്ങളെ നേതൃനിരയിലേക്ക് കൊണ്ടുവന്നാകും പ്രവർത്തനം. മിക്ക മണ്ഡലങ്ങളിലും നിലവിൽ പഞ്ചായത്ത് കമ്മിറ്റികൾ ഇല്ലാത്ത സാഹചര്യമുണ്ട്. ഈ സാഹചര്യത്തിൽ നിലവിലുള്ള കമ്മിറ്റികളെ പുനരുജ്ജീവിപ്പിച്ച് വാർഡ് തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ച് താഴെത്തട്ടിൽ പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം.

അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ ജനക്ഷേമ സഖ്യത്തിൽ നിന്ന് മികച്ച മുന്നേറ്റം ഉണ്ടാക്കി, അതിന് പിന്നാലെ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും ആം ആദ്മി സഖ്യത്തിന്‍റെ ശ്രമം. ഡൽഹിയിലും പഞ്ചാബിലും സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞെന്നും കേരളത്തിലും മുന്നേറ്റം സൃഷ്ടിക്കാനാകുമെന്നാണ് കിഴക്കമ്പലത്ത് നടന്ന ജനസംഗമത്തിൽ കെജ്രിവാൾ പറഞ്ഞത്.

ദൈവത്തിന്‍റെ അനുഗ്രഹം എന്നും തങ്ങളോടൊപ്പം ഉണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു കിഴക്കമ്പലത്തെ പ്രസംഗം അരവിന്ദ് കെജ്രിവാൾ ആരംഭിച്ചത്. ഡൽഹിയിലും പഞ്ചാബിലും മൂന്നും നാലും തവണ എംഎൽഎ ആയിരുന്നവരെ തോൽപ്പിച്ചത്, സാധാരണക്കാരായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീട്ടമ്മ, വിദ്യാർഥി, മൊബൈൽ ടെക്നീഷ്യൻ തുടങ്ങിയവരാണ് വലിയ നേതാക്കളെ തോൽപ്പിച്ചത്. സത്യത്തിന്‍റെ വഴിയിൽ പോയാൽ ദൈവം ഒപ്പമുണ്ടാകുമെന്നതിന്‍റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ അഴിമതി തങ്ങൾ നിർത്തലാക്കിയെന്ന് പറഞ്ഞ കെജ്രിവാൾ കേരളത്തിൽ ഇതുപോലെ അഴിമതിയുണ്ടോയെന്ന് ജനങ്ങളോടായി ചോദിച്ചു. ഡൽഹിയിൽ എല്ലാവർക്കും സൗജന്യ വൈദ്യുതി നൽകിയെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിനും സൗജന്യമായി വൈദ്യുതി വേണ്ടേയെന്നും ചോദിച്ചു. കേരളത്തിൽ ആംആദ്മി പാർട്ടിയും ട്വന്‍റി 20 പാർട്ടിയും സഖ്യമുണ്ടാക്കുകയാണെന്നും. ഡൽഹിയിലും പഞ്ചാബിലും കൊണ്ട് വന്ന മാറ്റം കേരളത്തിനും വേണ്ടേയെന്നും ചോദിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here