ജാതിപ്പേര് വിളിച്ച് കളിയാക്കി, തീയിൽ തള്ളിയിട്ടു; പതിനൊന്നുകാരന് ഗുരുതരമായി പൊള്ളലേറ്റു; പ്രായപൂർത്തിയാകാത്ത മൂന്ന് പേർ അറസ്റ്റിൽ

0

ചെന്നൈ: പതിനൊന്നുകാരന് നേരെ ജാതി അധിക്ഷേപം നടത്തി തീയിൽ തള്ളിയിട്ട കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ അറസ്റ്റിൽ. പട്ടികജാതി – പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തമിഴ്‌നാട്ടിൽ വില്ലുപുരം ജില്ലയിൽ ഡിണ്ടിവനം ടൗണിലുള്ള കാട്ടുചിവിരി സർക്കാർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. അറസ്റ്റിലായവരും ഇതേ സ്കൂളിലെ വിദ്യാർത്ഥികളാണ്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നാലരയോടെ അമ്മൂമ്മയെ കാണുന്നതിനായി അതിക്രമത്തിനിരയായ കുട്ടി വീട്ടിൽ നിന്ന് പോയിരുന്നു. തിരികെ വന്ന കുട്ടിയുടെ മുതുകിലും തോളിലും നെഞ്ചിലും പൊള്ളലിന്റെ പാടുകൾ കണ്ട മാതാപിതാക്കൾ കാര്യം തിരക്കിയപ്പോൾ അബദ്ധത്തിൽ തീപിടിച്ച കുറ്റിക്കാട്ടിൽ കാൽ വഴുതി വീണുവെന്നാണ് മറുപടി നൽകിയത്.

കുട്ടിയെ ഉടൻ തന്നെ ഡിണ്ടിവനം സർക്കാർ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തര ചികിത്സ നൽകുകയും ചെയ്തു. തുടർന്ന് ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിൽ കുട്ടി സത്യം വെളിപ്പെടുത്തി. സ്കൂളിലെ ഉന്നത ജാതിയിൽപ്പെട്ട രണ്ട് വിദ്യാർത്ഥികൾ നിരന്തരം ജാതി അധിക്ഷേപം നടത്താറുണ്ടെന്നും തിങ്കളാഴ്ച വൈകിട്ട് ഒറ്റയ്ക്ക് നടന്നുവരുന്നത് കണ്ട് ഉപദ്രവിക്കുകയും തീയിലേക്ക് തള്ളിയിടുകയുമായിരുന്നെന്നാണ് കുട്ടി പറഞ്ഞത്.

തീയിൽ വീണതിന് പിന്നാലെ ഷർട്ടിൽ തീപിടിക്കുകയും പൊള്ളലേൽക്കുകയും ചെയ്തു. ഉടൻ തന്നെ അടുത്ത് കണ്ട വാട്ടർ ടാങ്കിലേക്ക് ചാടിയതിനാൽ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here