എക്സുമേഷൻ വഴി കേരളത്തിൽ തെളിഞ്ഞത് നിരവധി കേസുകൾ; റിഫയുടെ മരണകാരണമെന്ത്? ദുരൂഹതയുടെ ചുരുളഴിയാൻ ദിവസങ്ങൾ മാത്രം ബാക്കി

0

കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളി വ്ലോഗ്ഗർ റിഫ മെഹ്‌റുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നാളെ നടത്തനിരിക്കെ വഴിയാണ് പോകുന്നത് വലിയ ദുരൂഹതയുടെ ചുരുളുകളാണ്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ആർഡിഒ ചെൽസ സിനി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ അനുമതി നൽകിയത്. മാർച്ച് ഒന്നിനായിരുന്നു റിഫയേ ദുബൈയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ദുബായിൽ കാര്യമായ പരിശോധനകൾ നടത്തിയിരുന്നില്ല. പുറമേ പരുക്കുകൾ എന്തെങ്കിലും കാണാനുണ്ടോ എന്നുള്ള ഫൊറൻസിക് പരിശോധന മാത്രമാണ് നടത്തിയത്. ഇവിടെ പോസ്റ്റ്മോർട്ടം നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ താമരശ്ശേരി ഡിവൈഎസ്പി ടി.കെ.അഷ്റഫാണ് ആർഡിഒക്ക് കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നത്. പാവണ്ടൂർ ജുമാമസ്ജിദിന്റെ കബർസ്ഥാനിലാണ് റിഫയെ കബറടക്കിയത്.

കുടുംബം നൽകിയ പരാതിയിൽ റിഫയുടെ ഭർത്താവ് മെഹ്നാസിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. മൂന്ന് വർഷം മുൻപായിരുന്നു നീലേശ്വരം സ്വദേശി മെഹ്നാസുമായി റിഫയുടെ വിവാഹം. ഇൻസ്റ്റഗ്രാമിലൂടെയുള്ള പരിചയമാണ് വിവാഹത്തിലെത്തിയത്. വിവാഹത്തിനു ശേഷം റിഫ കടുത്ത ശാരീരിക, മാനസിക പീഡനങ്ങൾക്ക് ഇരയായിരുന്നതായി കുടുംബം പരാതിപ്പെട്ടിരുന്നു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടതിനെ തുടർന്നാണ് കേസ് എടുത്തത്. യൂട്യൂബ് വിഡിയോകളിലൂടെയും ആൽബങ്ങളിലൂടെയുമാണ് റിഫ പ്രശസ്തയായത്. മോഡലിങ്ങിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിനു ആളുകൾ റിഫയെ ഫോളോ ചെയ്തിരുന്നു.

മരണത്തിൽ ദുരൂഹത ഉന്നയിച്ചത് റിഫയുടെ കുടുംബം

ജീവിക്കാൻ ധൈര്യമുള്ള ഉറച്ച മനസുള്ള റിഫ പെട്ടെന്നുണ്ടായ എന്തെങ്കിലും കാരണത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യില്ല എന്നതാണ് കുടുംബം മരണത്തിൽ സംശയം ഉന്നയിക്കാനുള്ള കാരണം. മരിക്കുന്നതിന്റെ അന്ന് രാത്രി 9 വരെ വീട്ടുകാരോടും മകനോടും സംസാരിച്ചപ്പോളും റിഫയ്ക്ക് കഠിനമായ എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയില്ലെന്നും ഇവർ പറയുന്നു. കടയിൽ നിന്ന് റിഫ താമസ സ്ഥലത്തേക്കു നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഇതിലൊന്നും അസ്വാഭാവികമായി ഒന്നുമില്ല. താമസ സ്ഥലത്ത് എത്തിയശേഷം പെട്ടെന്ന് എന്തോ കാരണമുണ്ടായി ആത്മഹത്യ ചെയ്തു എന്നു പറയുന്നത് വിശ്വസിക്കാനാകില്ലെന്നാണ് റിഫയുടെ കുടുംബം പറയുന്നത്. ഇവർക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത് ഇത്തരത്തിൽ ചില സൂചനകൾ സഹോദരനോടു വെളിപ്പെടുത്തുകയും ചെയ്തിരുന്നു. റിഫയുടെ മരണശേഷം ഭർത്താവ് മെഹ്നാസ് റിഫയുടെ സഹോദരനെയും കുടുംബാംഗങ്ങളെയും തെറ്റിദ്ധരിപ്പിച്ചതായും പറയുന്നു.

ദുബായ് പൊലീസ് ഫൊറൻസിക് പരിശോധന മാത്രമാണു നടത്തിയത്. എന്നിട്ടും പോസ്റ്റ്മോർട്ടം നടത്തിയെന്ന് മെഹ്നാസ് സഹോദരനോട് കള്ളം പറഞ്ഞു. വിശദമായ അന്വേഷണത്തിന് പരാതി നൽകാൻ ഒരുങ്ങിയ സഹോദരനെ മെഹ്നു തടഞ്ഞതായും കുടുംബം പറയുന്നു. പരാതി നൽകിയാൽ മൃതദേഹം വിട്ടു കിട്ടാൻ മാസങ്ങൾ എടുക്കുമെന്നും നാട്ടിൽ പോകാനാകില്ലെന്നും പറഞ്ഞ് മെഹ്നു തടഞ്ഞു. ഇതേ തുടർന്നാണു ദുബായ് പൊലീസിൽ പരാതി നൽകാതെ മൃതദേഹം നാട്ടിലെത്തിച്ചത് എന്നാണ് വീട്ടുകാർ പറയുന്നത്. നാട്ടിലെത്തിച്ച് അരമണിക്കൂറിനുള്ളിൽ മൃതദേഹം ഖബറടക്കാൻ മെഹ്നു നിർബന്ധം പിടിച്ചതിലും വീട്ടുകാർക്ക് സംശയമുണ്ട്.

റിഫയെ മെഹ്നു നിരന്തരം മർദിച്ചിരുന്നതായും മുൻപൊരിക്കൽ മർദനത്തിൽ റിഫയുടെ കാലിന് പരുക്കേറ്റതായും കുടുംബം ആരോപിക്കുന്നു. മർദനമേറ്റാലും ക്യാമറയ്ക്കു മുൻപിൽ ചിരിച്ച് അഭിനയിച്ചില്ലെങ്കിൽ ക്യാമറ ഓഫാക്കി മെഹ്നു മർദിക്കുമായിരുന്നെന്നു റിഫ പരാതിപ്പെട്ടിരുന്നതായും കുടുംബം പറയുന്നു. ഈ സാഹചര്യത്തിലാണ് മകളുടെ മൃതദേഹം പുറത്തെടുത്തു പരിശോധന നടത്തിയെങ്കിലും സത്യം പുറത്തു വരണമെന്ന് വീട്ടുകാർ ആവശ്യപ്പെടുന്നത്. ഇതേ തുടർന്നാണ് ഇവർ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്.

തെളിവുകൾ ഒന്നും മായില്ല

ഖബറടക്കം പിന്നിട്ട് ഒരുമാസം കഴിഞ്ഞതോടെ പുറമേയുള്ള തെളിവുകൾ നഷ്ടപ്പെട്ടാലും ആന്തരികമായ തെളിവുകൾ നിലനിൽക്കുമെന്നു ഫൊറൻസിക് വിദഗ്ധർ പറയുന്നു. മരണത്തിനു മുൻപ് വിഷാംശമോ ലഹരിമരുന്നു റിഫയുടെ ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നു പരിശോധനയിൽ തിരിച്ചറിയാം. ചില വിഷാംശങ്ങൾ നഖത്തിനുള്ളിൽ ഉണ്ടായേക്കാം. മറ്റു ചില വിഷാംശങ്ങൾ എല്ലിൽ ശേഖരിക്കപ്പെട്ടേക്കാം. മർദനമേറ്റാൽ ആന്തരികാവയവങ്ങൾക്കുള്ള പരിക്കുകളും ഇനിയുള്ള പരിശോധനയിൽ തെളിയാം. എല്ലുകളിലെ പൊട്ടൽ, ക്ഷതം എന്നിവയും കണ്ടെത്താൻ കഴിയും.

ഒന്നുകിൽ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തു നിന്നു പുറത്തെടുത്ത് അതേ സ്ഥലത്തു തന്നെ പോസ്റ്റ്മോർട്ടം നടത്തും. ചില കേസുകളിൽ മൃതദേഹാവശിഷ്ടങ്ങൾ പൂർണമായും പെറുക്കി എടുത്ത് മെഡിക്കൽ കോളജിൽ എത്തിച്ചു പോസ്റ്റ്മോർട്ടം നടത്തും. ഓരോ ശരീരഭാഗങ്ങളും പ്രത്യേകം പരിശോധിച്ച് പൂർണ റിപ്പോർട്ട് ആക്കുകയാണു ചെയ്യുക. പൊലീസ് ഫൊറൻസിക് വിഭാഗത്തിന് പ്രത്യേക അപേക്ഷ നൽകും. ഇവർ നിശ്ചയിക്കുന്ന തീയതിയിൽ ആയിരിക്കും ഇനി പരിശോധന നടത്തുക.

‘എക്സുമേഷൻ’ വഴി കേരളത്തിൽ തെളിഞ്ഞത് പല കേസുകൾ

ഒരിക്കൽ സംസ്കരിച്ച മൃതദേഹം കുഴിയിൽ നിന്നു വീണ്ടും പുറത്തെടുത്ത് പരിശോധിക്കുന്നതിനെ ഫൊറൻസിക് ഭാഷയിൽ എക്സുമേഷൻ എന്നാണു പറയുക. അടക്കിയ മൃതദേഹം പിന്നീട് കുഴിച്ചെടുത്ത് പരിശോധന നടത്തുന്നത് കേരളത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടത് പിണറായി, കൂടത്തായി കൂട്ടക്കൊലകളിലെ ഇരകളുടെ മൃതദേഹങ്ങൾ പുറത്തെടുത്തതാണ്.

കണ്ണൂർ പിണറായിയിൽ സൗമ്യ എന്ന 32 വയസുകാരി അമ്മ, അച്ഛൻ, മകൾ എന്നിവരെ വിഷം നൽകി കൊലപ്പെടുത്തിയിരുന്നു. ഇതിൽ 9 വയസുകാരി മകളാണ് കുടുംബത്തിൽ ആദ്യം കൊല്ലപ്പെട്ടത്. എന്നാൽ അന്ന് അതു സ്വാഭാവിക മരണമാണെന്നു കരുതി കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിരുന്നില്ല. അമ്മ ജീവിച്ചിരിക്കുന്നതിനാൽ ഹിന്ദുമത ആചാര പ്രകാരം മൃതദേഹം ദഹിപ്പിക്കാതെ കുഴിച്ചിടുകയായിരുന്നു. പിന്നീട് സൗമ്യയുടെ അച്ഛനും അമ്മയും കൂടി സമാന സാഹചര്യത്തിൽ ദുരൂഹമായി മരണപ്പെട്ടതോടെയാണ് കേസിൽ നാട്ടുകാർ പരാതി നൽകിയത്. ഇതേ തുടർന്നു നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്നു കണ്ടെത്തി. ഇതു സ്ഥിരീകരിക്കാൻ സൗമ്യയുടെ 9 വയസുകാരി മകളുടെ മൃതദേഹം വീണ്ടും പുറത്തെടുത്തു പരിശോധന നടത്തുകയായിരുന്നു.

സൗമ്യയുടെ അമ്മയുടെയും അച്ഛന്റെയും കെമിക്കൽ എക്സാമിനേഷൻ റിസൾട്ടിൽ കണ്ടെത്തിയിരുന്ന എലിവിഷത്തിന്റെ അംശം മകളുടെ മൃതദേഹാവശിഷ്ടങ്ങളിലും കണ്ടെത്തിയതാണു മൂന്നും സമാന രീതിയിൽ നടത്തിയ കൊലപാതകമാണെന്നു തെളിയിച്ചത്. ഈ കേസിൽ വിചാരണത്തടവുകാരിയായി ജയിലിൽ കഴിയുന്നതിനിടെ പിന്നീട് സൗമ്യ കണ്ണൂർ ജയിലിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.

കൂടത്തായിയിൽ ജോളി നടത്തിയ കൂട്ടക്കൊലപാതകത്തിലും വർഷങ്ങൾക്കു ശേഷം കല്ലറ തുറന്നു മൃതദേഹാവശിഷ്ടങ്ങൾ പരിശോധിച്ചിരുന്നു. ജോളിയുടെ ഭർത്താവ് റോയി മരിച്ചപ്പോൾ തന്നെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. റോയിയുടെ ശരീരത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നു. എന്നാൽ ആത്മഹത്യയാണെന്ന നിഗമനത്തിൽ അന്നു വിശദമായ അന്വേഷണം ഉണ്ടായില്ല. എന്നാൽ ജോളിയെ കുറിച്ചു സംശയമുയരുകയും അന്വേഷണത്തിൽ ശരിയാണെന്നു സ്ഥിരീകരിക്കുകയും ചെയ്തതോടെ കുടുംബത്തിൽ മരിച്ചവരുടെയെല്ലാം കല്ലറ തുറന്നു മൃതദേഹാവശിഷ്ടങ്ങൾ പരിശോധിച്ചു.

ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ഭാര്യ സിലിയെ ജോളി കൊലപ്പെടുത്തി 3 വർഷം കഴിഞ്ഞ ശേഷമാണു കല്ലറ തുറന്നു പരിശോധിച്ചത്. ഈ പരിശോധനയിൽ സിലിയുടെ മൃതദേഹാവശിഷ്ടങ്ങളിൽ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്തി. കോഴിക്കോട് റീജനൽ കെമിക്കൽ ലബോറട്ടറിയിൽ നിന്നാണു സയനൈഡിന്റെ അംശം സ്ഥിരീകരിച്ചത്. എന്നാൽ ഷാജുവിന്റെ മകൾ ആൽഫൈൻ, ജോളിയുടെ ഭർത്താവിന്റെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ്, അന്നമ്മയുടെ ഭർത്താവ് മഞ്ചാടിയിൽ മാത്യു എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളിൽ നിന്നു കാര്യമായ തെളിവു ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ ഹൈദരാബാദിലെ സെൻട്രൽ ലബോറട്ടറിയിലേക്ക് അയച്ചു പരിശോധന ഫലം കാത്തിരിക്കുകയാണ് പൊലീസ്.

ഖബറടക്കിയ മയ്യിത്ത് പുറത്തെടുത്ത് പരിശോധിക്കുക എന്നത് വീട്ടുകാർക്ക് അങ്ങേയറ്റം വേദനാജനകമായ കാര്യം തന്നെയാണ്. എന്നാൽ മകൾക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള വീട്ടുകാരുടെ അവകാശവും അവളുടെ മരണത്തിൽ ആരെങ്കിലും കരണമായിട്ടുണ്ടെങ്കിൽ അവരെ കണ്ടെത്തണമെന്ന ആവഷ്യവുമാണ് ഇവിടെ പ്രധാനം. അതുകൊണ്ട് തന്നെയാണ് വേദന കടിച്ചു മുറുക്കി അവർ ഇതിനെല്ലാം ഇറങ്ങിത്തിരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here