തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മുന്നണികൾക്കായി പട നയിക്കുന്നത് കെ സുധാകരനും ഇ.പി ജയരാജനും; വിജയം ഇരുകൂട്ടരുടെയും ലക്ഷ്യം

0

കണ്ണൂർ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സും സിപിഎം ഉം തങ്ങളുടെ സ്ഥാനാർത്ഥികളെ നിർണ്ണയിച്ചതിന് പിന്നാലെ വാശിയേറിയ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നത് എറണാകുളം ജില്ലയിൽ ആണെങ്കിലും അതിന്റെ അരങ്ങൊരുങ്ങുന്നത് കേരളത്തിന്റെ രാഷ്ട്രീയ തലസ്ഥാനമായ കണ്ണൂരാണ്. പി ടി തോമസിന്റെ മണ്ഡലം അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസിലൂടെ കോൺഗ്രസ് പാർട്ടി തിരിച്ച പിടിക്കാൻ ഒരുങ്ങുന്നു. പിണറായി വിജയന് തൃക്കാക്കരയിലൂടെ നൂറ് അംഗസംഖ്യയെന്ന മാന്ത്രിക സംഖ്യ നിയമസഭയിൽ തികയ്ക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. പ്രതിപക്ഷം നടത്തിവരുന്ന കെ. റെയിൽ വിരുദ്ധ സമരങ്ങൾ സർക്കാരിനെ തരിമ്പും പുറകോട്ടടിപിച്ചില്ലെന്നു തെളിയിക്കാൻ ഈ തിരഞ്ഞെടുപ്പ് വിജയം മുഖ്യമന്ത്രിക്ക് അനിവാര്യമാണ്.

യു.ഡി.എഫിൽ നിന്നും തൃക്കാക്കര പിടിച്ചെടുക്കുന്നതോടെ പ്രതിപക്ഷത്തെ കൂടുതൽ ദുർബലമാകാനും കേരളത്തിൽ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ മുനയൊടിക്കാനും കഴിയുമെന്നാണ് മുഖ്യമന്ത്രി പ്രതീക്ഷിക്കുന്നത് സർക്കാരിന്റെ ഒരു വർഷത്തെ വികസന നേട്ടങ്ങൾ ഉയർത്തി പിടിച്ചാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ് റാലി ഉദ്ഘാടനം ചെയ്യുക. കണ്ണൂരിൽ നിന്നുള്ള മറ്റൊരു പ്രമുഖ നേതാവായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അതീവ പ്രാധാന്യമുള്ളതാണ്. കോടിയേരി വീണ്ടും സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിനു ശേഷം ആദ്യമായി നേരിടുന്ന തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്.

അമേരിക്കയിലെ ചികിത്സ കഴിഞ്ഞു വന്നാലുടൻ കോടിയേരി തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ചുക്കാൻ പിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുത്തത്. എൽ.ഡി.എഫ് കൺവീനറായി നിയോഗിക്കപ്പെട്ട ഇപി ജയരാജനും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വെല്ലുവിളിയാകുന്ന സിപിഎമ്മിലെ മറ്റൊരു പ്രമുഖൻ : ഇ.പി എൽ.ഡി.എഫ് കൺവീനറായതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. എൽ.ഡി.എഫിന്റെ മുന്നേറ്റം തന്റെ കൈയിൽ ഭദ്രമാണെന്ന് തെളിയിക്കേണ്ടത് ഇപിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിലനിൽപിന്റെ കൂടി പ്രശ്‌നങ്ങളിലാന്നാണ്. ജയിച്ചു നിൽക്കുന്ന സിപിഎമ്മിനും എൽ.ഡി.എഫ് സർക്കാരിനും സീറ്റ് പിടിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ സഹതാപ തരംഗമെന്നോ കോൺഗ്രസിന്റെ സിറ്റിങ് സീറ്റണെന്നോ പറഞ്ഞ് തോൽവിയിൽ നിന്നും തടിതപ്പാൻ കഴിയുമെങ്കിലും കെ.പി.സി സി അധ്യക്ഷൻ കെ.സുധാകരന്റെ കാര്യമങ്ങനെയല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

നിരന്തരം തോൽവി കളിൽ നിന്ന് തോൽവികളിലെക്ക് പതിച്ചു കൊണ്ടിരിക്കുന്ന ഒരു പാർട്ടിയെ യാണ് അദ്ദേഹം നയിച്ചു കൊണ്ടിരിക്കുന്നത്. കൈയിലുള്ള തൃക്കാക്കര സീറ്റു കൂടി പോവുകയാണെങ്കിൽ കെ.സുധാകരനിലുള്ള വിശ്വാസം ഹൈക്കമാൻഡിന് നഷ്ടപ്പെടും. പൊതുവെ കലിപ്പിലുള്ള പാർട്ടിയിലെ എതിർ ഗ്രൂപ്പുകൾ തോൽവിയുടെ പാപഭാരം സുധാകരന്റെ തലയിൽ കെട്ടിവയ്ക്കുകയും കെപിസിസി അധ്യക്ഷ പദവിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു. കെപിസിസി അധ്യക്ഷനെന്ന നിലയിൽ സുധാകരൻ മുൻപോട്ടു പോകണോ വേണ്ടയോ യെന്ന് തീരുമാനിക്കാൻ പോകുന്നത് തൃക്കാക്കരയിലെ ജയപരാജയങ്ങളാണ്. അതിനാൽ തന്നെ ഉമാ തോമസിന്റെ വിജയം കെ.സുധാകരന്റെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നു കൂടിയാണ്.

ട്വന്റി ട്വന്റി, എൻഡി.എ സ്ഥാനാർത്ഥികൾ ഇക്കുറിയും കളത്തിലിറങ്ങുന്നുണ്ട്. ഈ പാർട്ടികൾ ചോർത്താൻ സാധ്യത യു ഡി എഫ് വോട്ടുകളാണെന്ന ഭീഷണിയുമുണ്ട്. ഇതൊക്കെ മുൻപിൽ കണ്ടു മണ്ഡലത്തിൽ ക്യാംപ് ചെയ്തു പ്രവർത്തിക്കുകയാണ് കെ.സുധാകരൻ . കോൺഗ്രസിൽ നിന്നും അകന്നു പോയ ക്രൈസ്തവ വോട്ടുകൾ തിരിച്ചു പിടിക്കുകയെന്നത് അദ്ദേഹത്തിന്റെ ആദ്യ കടമ്പകളിലൊന്നാണ് എൽ ഡി.എഫ് ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കി നിർത്തിയത് ഈയൊരു ലക്ഷ്യം മുൻനിർത്തിയാണെന്ന് സുധാകരനറിയാം.

കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ നിന്നും നേട്ടം കൊയ്യാനായി കെവി തോമസിനെ കളത്തിലിറക്കാനും ക്രിസ്ത്യൻ വോട്ടുകൾ സ്വാധീനിക്കാനുമുള്ള ശ്രമങ്ങൾ സുധാകരന് ഭീഷണിയായി മാറിയേക്കും. എൽ.ഡി.എഫിനായി തൃക്കാക്കരയിൽ പടനയിക്കുന്ന കൺവീനർ ഇപി ജയരാജൻ കെ.സുധാകരന്റെ കണ്ണൂരിലെ കടുത്ത രാഷ്ട്രീയ, എതിരാളി കൂടിയാണ്. അതുകൊണ്ടു തന്നെ പിടിയുടെ ഓർമ്മകൾ ഇരമ്പുന്ന തൃക്കാക്കരയിൽ ഇക്കുറി കണ്ണൂർ മോഡൽ വീറും വാശിയുമുള്ള പോരാട്ടമാണ് അരങ്ങേറുക.

Leave a Reply