തിരുവനന്തപുരം: രക്‌തദാനം പ്രോത്സാഹിപ്പിച്ചും അടിയന്തരഘട്ടങ്ങളില്‍ രക്‌തം ലഭ്യമാക്കിയും കേരള പോലീസ്. പോള്‍ മൊബൈല്‍ ആപ്പിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്. 2021ല്‍ തുടങ്ങിയ ‘പോള്‍ ബ്ലഡ്’ സേവനത്തിലൂടെ ഇതുവരെ 6488 പേര്‍ക്ക് സൗജന്യമായി രക്‌തം ലഭ്യമാക്കി. 10921 യൂണിറ്റ് രക്‌തമാണ് ഇത്തരത്തില്‍ നല്‍കിയത്.
ഇന്ത്യയില്‍ ആദ്യമായിട്ടാണ് രക്‌തദാനത്തിനായി സംസ്‌ഥാന പോലീസിന്റെ നേതൃത്വത്തില്‍ ഒരു ആപ്പ് പ്രവര്‍ത്തനം തുടങ്ങിയത്. രക്‌തദാതാക്കള്‍ക്കും രക്‌തം ആവശ്യമുള്ളവര്‍ക്കും പ്ലേസേ്‌റ്റാര്‍, ആപ്പ് സ്‌റ്റോര്‍ എന്നിവിടങ്ങളില്‍നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌ത് രജിസ്‌റ്റര്‍ ചെയ്യാം. 32885 രക്‌തദാതാക്കള്‍ ഇപ്പോള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. ഇവരില്‍ അധികംപേരും തിരുവനന്തപുരത്താണ്-6880 പേര്‍. കാസര്‍ഗോഡും വയനാടും ഒഴികെയുള്ള ജില്ലകളില്‍ ആയിരത്തിലധികം പേര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിലെ പോള്‍ ബ്ലഡ് സ്‌റ്റേറ്റ് കണ്‍ട്രോള്‍ സെന്ററാണ് ദാതാക്കളുമായി ബന്ധപ്പെട്ട് ആവശ്യക്കാര്‍ക്ക് രക്‌തം ലഭ്യമാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. രോഗി ചികിത്സയിലിരിക്കുന്ന ജില്ലയിലെയോ അടുത്ത സ്‌ഥലങ്ങളിലെയോ രക്‌തദാതാക്കളുമായി ആപ്പ് വഴി ബന്ധിപ്പിക്കുകയാണു ചെയ്യുന്നത്. ഇത്തരത്തില്‍ ആവശ്യക്കാരിലേക്ക് സമയബന്ധിതമായി രക്‌തം എത്തിക്കാനാകും. കേരള സ്‌റ്റേറ്റ് എയ്‌ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി സഹകരിച്ചാണു പ്രവര്‍ത്തനം.
പോള്‍ ആപ്പില്‍ രക്‌തദാതാക്കള്‍ രജിസ്‌റ്റര്‍ ചെയ്യുമ്പോള്‍ പേര്, രക്‌തഗ്രൂപ്പ്, ബന്ധപ്പെടാനുള്ള നമ്പര്‍, അവസാനമായി രക്‌തദാനം നടത്തിയ ദിവസം, താമസിക്കുന്ന ജില്ല തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. രക്‌തം ആവശ്യമുള്ളവര്‍ രോഗിയുടെ പേര്, രക്‌തഗ്രൂപ്പ്, ആവശ്യമുള്ള രക്‌തത്തിന്റെ അളവ്, രക്‌തം ലഭ്യമാക്കേണ്ട സമയം, ചികിത്സയിലിരിക്കുന്ന ആശുപത്രിയുടെ വിവരങ്ങള്‍, ജില്ല, ബന്ധപ്പെടേണ്ട നമ്പര്‍ എന്നിവ നല്‍കണം.
പോള്‍ ബ്ലഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും സംസ്‌ഥാന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. കേസുകളുടെ മുന്‍ഗണന അനുസരിച്ച് രക്‌തദാതാക്കളെ കണ്ടെത്തുക, രക്‌തദാതാക്കളും ബ്ലഡ്‌ബാങ്കുകളുമായി നിരന്തര ആശയവിനിമയം നടത്തുക, ആപ്പ് മുഖേന വരുന്ന ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചുവെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങള്‍ കണ്‍ട്രോള്‍ റൂമിന്റെ ചുമതലയാണ്.