പയ്യന്നൂരില്‍ പാലം നിര്‍മാണത്തിലെ തട്ടിപ്പ്‌ വിവരാവകാശ രേഖ വഴി പുറത്തുവിട്ടതുമായി ബന്ധപ്പെട്ട്‌ യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറി ഉള്‍പ്പെടെ നാലുപേര്‍ അറസ്‌റ്റില്‍

0

പയ്യന്നൂരില്‍ പാലം നിര്‍മാണത്തിലെ തട്ടിപ്പ്‌ വിവരാവകാശ രേഖ വഴി പുറത്തുവിട്ടതുമായി ബന്ധപ്പെട്ട്‌ യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറി ഉള്‍പ്പെടെ നാലുപേര്‍ അറസ്‌റ്റില്‍. സി.പി.എം. കണ്ടങ്കാളി വട്ടക്കുളം ബ്രാഞ്ച്‌ സെക്രട്ടറി പവിത്രന്‍, നഗരസഭ കൗണ്‍സിലറുടെ മകന്‍ ഷൈജു, സുഹൃത്തുക്കളായ കലേഷ്‌, അജിത്ത്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇന്നലെ രാവിലെ പയ്യന്നൂര്‍ പോലീസില്‍ ഇവര്‍ ഹാജരാവുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ്‌ കണ്ടങ്കാളിയിലെ ലിജേഷ്‌, സുരേഷ്‌ എന്നിവര്‍ക്കു നേരെ ആക്രണമുണ്ടായത്‌. പയ്യന്നൂര്‍ നഗരസഭ 22-ാം വാര്‍ഡായ കണ്ടങ്കാളി വട്ടക്കുളത്ത്‌ എട്ടു കുടുംബങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ചെറിയ പാലത്തിന്റെ പ്രവൃത്തി നടക്കുന്നുണ്ട്‌. രണ്ടരമീറ്റര്‍ മാത്രം വീതിയുണ്ടായിരുന്നപാലം പൊളിച്ച്‌ എല്ലാ വാഹനങ്ങള്‍ക്കും കടന്നുപോകുന്ന തരത്തില്‍ അഞ്ചരമീറ്ററാക്കി നിര്‍മിക്കാന്‍ 2019ല്‍ നഗരസഭയുടെ അനുമതി ലഭിച്ചിരുന്നു. ഏഴ്‌ ലക്ഷം രൂപ ഫണ്ട്‌ വകയിരുത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ കോവിഡ്‌ കാരണം മുടങ്ങിപ്പോയ നിര്‍മാണം കഴിഞ്ഞ മാസം തുടങ്ങിയെങ്കിലും പാലം നാല്‌ മീറ്ററില്‍ പണിയുകയായിരുന്നു.
ഇതു ചോദ്യംചെയ്‌തുകൊണ്ട്‌ ലിജേഷ്‌ നഗരസഭയില്‍ വിവരാവകാശം സമര്‍പ്പിക്കുകയും അഞ്ചരമീറ്റര്‍ വീതിയില്‍ പണിയാന്‍ എസ്‌റ്റിമേറ്റ്‌ തയാറാക്കിയ വിവരം ഫെയ്‌സ്‌ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്‌തിരുന്നു. ഇത്‌ നേതാക്കളെ പ്രകോപിപ്പിച്ചതായും പിന്നാലെ പി.പി പവിത്രന്റെ നേതൃത്വത്തില്‍ ഒരുസംഘം നടുറോട്ടിലിട്ട്‌ പൊതിരെ തല്ലുകയും മൊബൈല്‍ഫോണ്‍ തകര്‍ക്കുകയും ചെയ്‌തെന്നാണ്‌ പരാതി.
തന്റെ കൈയിലുണ്ടായിരുന്ന വിവരാവാകാശ രേഖയില്‍ പാലത്തിന്റെ വീതി അഞ്ചര മീറ്ററായിരുന്നു. എന്നാല്‍ പാലത്തിന്റെ പണി നടക്കുന്ന സമയത്ത്‌ അവിടെയെത്തി നോക്കിയപ്പോള്‍ വീതി നാലു മീറ്ററായി. വീതി കുറയാന്‍ കാരണമെന്താണെന്ന്‌ പല നേതാക്കളെയും വിളിച്ച്‌ അന്വേഷിച്ചു. ഇവരാരും വ്യക്‌തമായ ഉത്തരം നല്‍കാത്തതിനാലാണ്‌ സംഭവം ഫെയ്‌സ്‌ബുക്കില്‍ പങ്കുവച്ചതെന്ന്‌ ലിജേഷ്‌ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ മാധ്യമങ്ങളോട്‌ പ്രതികരിക്കാനില്ലെന്നാണ്‌ ബ്രാഞ്ച്‌ സെക്രട്ടറിയുടെയും വാര്‍ഡ്‌ മെമ്പറുടെയും നിലപാട്‌.

Leave a Reply