വിദേശ പോസ്റ്റോഫീസ് വഴി ലഹരി; പാഴ്‌സലായി വന്നത് എം.ഡി.എം.എ.യും കൊക്കെയ്‌നും; കൊച്ചിയിൽ യുവാവ് അറസ്റ്റിൽ

0

കൊച്ചി: കൊച്ചിയിലെ വിദേശ പോസ്റ്റ് ഓഫീസ് വഴി ലഹരിമരുന്ന് എത്തിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൊക്കെയ്‌നും എം.ഡി.എം.എ.യുമായി കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം വടക്കനോളില്‍ വീട്ടില്‍ ജാസിം നിസാം (29) ആണ് അറസ്റ്റിലായത്.

ഡി.ജെ.പാര്‍ട്ടികളിലെ സൗണ്ട് എന്‍ജിനീയറായ ജാസിം സിനിമാമേഖലയിലുള്‍പ്പെടെ പ്രമുഖര്‍ക്ക് മയക്കുമരുന്ന് വില്പന നടത്തുന്നയാളാണെന്ന് എക്‌സൈസ് പറഞ്ഞു.

നെതര്‍ലന്‍ഡ്‌സില്‍ നിന്ന് ഇയാള്‍ വരുത്തിച്ച പാഴ്‌സലില്‍ നിന്ന് 2896.8 മില്ലിഗ്രാം എം.ഡി.എം.എ.യും 9881.8 മില്ലിഗ്രാം കൊക്കെയ്നും പിടിച്ചെടുത്തു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന മൂന്ന് ക്രഷറുകള്‍, ഹുക്ക, പേപ്പര്‍ എന്നിവ കണ്ടെടുത്തു. ജാസിമില്‍ നിന്ന് ലഹരിമരുന്നു വാങ്ങിയ നിരവധിപ്പേര്‍ എക്‌സൈസ് നിരീക്ഷണത്തിലാണ്.

രണ്ടുദിവസം മുമ്പാണ് ഫോറിന്‍ പോസ്റ്റ് ഓഫീസില്‍ ജാസിമിന്റെ പേരില്‍ പാഴ്‌സല്‍ എത്തിയത്.

സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പിടിച്ച് വിവരം എക്സൈസിന് കൈമാറി. എക്സൈസ് സംഘം കൊടുങ്ങല്ലൂരിലെ ജാസിമിന്റെ വീട്ടിലെത്തി ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ലഹരി ഉപയോഗിക്കാറുണ്ടെന്നും പാഴ്‌സല്‍ തന്റേതല്ലെന്നുമാണ് മൊഴി നല്‍കിയത്. പോസ്റ്റ് മാസ്റ്ററില്‍ നിന്ന് വിവരം ശേഖരിച്ച് ജാസിം സമാനമായ പാഴ്‌സല്‍ മൂന്നുതവണ എത്തിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. പിന്നീട് വീട് പരിശോധിച്ച് കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍കൂടി പിടിച്ചെടുത്തതോടെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുവന്നു.

മയക്കുമരുന്ന് വാങ്ങാനായി ഇടപാടുകാരന്‍ വിളിച്ചതോടെ ഇയാള്‍ എല്ലാം തുറന്നുപറയുകയായിരുന്നു. ഹിമാചല്‍പ്രദേശില്‍ നിന്ന് പരിചയപ്പെട്ട ഇറ്റലിക്കാരന്‍ വഴിയാണ് ഇയാള്‍ വിദേശത്തുനിന്ന് ലഹരിമരുന്ന് വാങ്ങുന്നതെന്ന് എക്‌സൈസ് പറഞ്ഞു.

അന്വേഷണ സംഘത്തില്‍ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ ടെനിമോന്റെ നേതൃത്വത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഹനീഫ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ രാമപ്രസാദ്, പ്രിവന്റീവ് ഓഫീസര്‍മാരായ സത്യനാരായണന്‍, രമേഷ്, ഋഷികേശ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജേഷ്, സൗമ്യ, ബദറുദ്ദീന്‍ എന്നിവരുണ്ടായിരുന്നു.f

LEAVE A REPLY

Please enter your comment!
Please enter your name here