അജ്മീർ ഷാ ബോട്ടും 16 തൊഴിലാളികളും നിഗൂഢതയുടെ ആഴങ്ങളിൽ മറഞ്ഞിട്ട് ഒരു വർഷം പിന്നിടുമ്പോഴും ഉറ്റവരുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് കുടുംബങ്ങൾ

0

ബേപ്പൂർ: അജ്മീർ ഷാ ബോട്ടും 16 തൊഴിലാളികളും നിഗൂഢതയുടെ ആഴങ്ങളിൽ മറഞ്ഞിട്ട് ഒരു വർഷം പിന്നിടുമ്പോഴും ഉറ്റവരുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് കുടുംബങ്ങൾ. അവര്‍ എവിടെയോ ജീവിച്ചിരിച്ചിരിപ്പുണ്ടെന്ന് ഉറപ്പാണ്, ഒരു ദിവസം വരും. ഏതെങ്കിലും രാജ്യത്തെ തടങ്കലിലോ ചെറുദ്വീപിലോ അങ്ങനെ എവിടെയെങ്കിലും ഉണ്ടാവും. മരിച്ചിട്ടുണ്ടെങ്കില്‍ 16 പേരില്ലെ ഒരാളുടേയോ കപ്പലിന്റേയോ എന്തെങ്കിലും അവശിഷ്ടം കിട്ടണ്ടേ… അവര്‍ക്ക് ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല.. ബോട്ടിലുണ്ടായിരുന്ന മൈക്കിള്‍ ജാക്‌സണിന്റെ ഭാര്യ ഫിനിഷ്മ സംസാരിക്കുമ്പോൾ പ്രതീക്ഷയുടെ ഒരു വെളിച്ചം അവരുടെ മുഖത്ത് ഉണ്ടായിരുന്നു.

2021 മെയ് 5ന് രാത്രിയാണ് ബോട്ട് നിറയെ മീനെന്ന സ്വപനവുമായി അജ്മീര്‍ ഷാ ബോട്ടിലെ തൊഴിലാളികള്‍ കോഴിക്കോട് ബേപ്പൂരില്‍ നിന്ന് പോയത്. ബോട്ടിലുണ്ടായിരുന്നത് 16 തൊഴിലാളികള്‍. തമിഴ്‌നാട് കുളച്ചലിലെ കൊട്ടില്‍പ്പാട് ഗ്രാമത്തില്‍ നിന്നുള്ളവരായിരുന്നു ഇതില്‍ 12 പേര്‍. രണ്ട് വീടുകളില്‍ നിന്നായി ഏഴു സഹോദരന്മാരും ഒരു വീട്ടിലെ അച്ഛനും മകനും ഉള്‍പ്പെടെ 12 പേര്‍. ഒപ്പം ബംഗാള്‍ സ്വദേശികളായ നാല് പേരും. മഹാരാഷ്ട്രാ തീരവും മാല്‍പയും ലക്ഷ്യമിട്ട് പോവാറുണ്ടായിരുന്ന അജ്മീര്‍ ഷാ ബോട്ട് സാധാരണ 15 ദിവസത്തിനുശേഷമാണ് മീനുമായി തിരിച്ചെത്താറുള്ളത്. മീന്‍ കുറവാണെങ്കില്‍ പരമാവധി 20 ദിവസം. ഇപ്പോള്‍ വര്‍ഷം ഒന്നായി ബോട്ടെവിടെയെന്ന് അറിയില്ല. തൊഴിലാളികളെക്കുറിച്ചും യാതൊരു വിവരവുമില്ല.

മേയ്‌ പതിമൂന്നിന് ഉച്ചയോടെയാണ് ടൗട്ടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് വരുന്നത്. ബേപ്പൂരില്‍ നിന്ന് പോയ സില്‍വര്‍ ലൈന്‍ ബോട്ടുകാര്‍ അന്ന് വൈകീട്ട് അജ്മീര്‍ ഷാ ബോട്ടുമായി വയര്‍ലെസ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും ഞങ്ങള്‍ തീരത്തേക്ക് ബോട്ട് അടുപ്പിക്കുകയാണെന്നും പറഞ്ഞപ്പോള്‍ അജ്മീര്‍ ഷാ ബോട്ടിലെ തൊഴിലാളികള്‍ നല്‍കിയ മറുപടി കാര്യമായി മീന്‍ കിട്ടിയിട്ടില്ല നോക്കട്ടെ എന്നായിരുന്നു. അതായിരുന്നു ബോട്ടില്‍ നിന്ന് കിട്ടിയ അവസാനവിവരം.

കാര്‍വാറില്‍ നിന്ന് എകദേശം 60 നോട്ടിക്കല്‍ മൈല്‍ ദൂരത്തായിരുന്നു ആ സമയം ബോട്ടുണ്ടായിരുന്നത്. അജ്മീര്‍ ഷാ ഏതെങ്കിലും തീരത്ത് അടുപ്പിക്കുമെന്ന പ്രതീക്ഷയില്‍ സില്‍വര്‍ലൈന്‍ ബോട്ട് മാല്‍പേ തീരം ലക്ഷ്യമാക്കി പോയി…ഏതെങ്കിലും ഹാര്‍ബറില്‍ ബോട്ട് അടുപ്പിച്ചിട്ടുണ്ടാവുമെന്ന പ്രതീക്ഷയില്‍ ബോട്ടുടമയും തൊഴിലാളികളുടെ കുടുംബവും കാത്തിരുന്നു. ആ കാത്തിരിപ്പ് ഇതുവരെ അവസാനിച്ചിട്ടില്ല. ബേപ്പൂരില്‍ നിന്ന് തന്നെ പോയ മിലാദ് 3 എന്ന ബോട്ടും അന്ന് കാണാതായിരുന്നു.

രണ്ട് ബോട്ടുകളും തൊഴിലാളികളും സുരക്ഷിതരാണെന്ന് അന്ന് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിരുന്നെങ്കിലും മിലാദ് 3 എന്ന ബോട്ടും അതിലെ തൊഴിലാളികളും മാത്രമാണ് കരയ്‌ക്കെത്തിയത്. ചുഴലിക്കാറ്റില്‍ പെട്ട് കേടായ മിലാദ് 3 ബോട്ടിനെ കോസ്റ്റ് ഗാര്‍ഡ് സുരക്ഷിതമായി കരയ്‌ക്കെത്തിച്ചത്. ചുഴലിക്കാറ്റ് കെട്ടടങ്ങിയ ശേഷവും അജ്മീര്‍ ഷാ ബോട്ടിനെ കുറിച്ച് യാതൊരു വിവരവും കിട്ടാതായതോടെയാണ് ഉടമ കെ.ടി.ഷംസുദ്ദീന്‍ ഫിഷറീസിലും കോസ്റ്റ് ഗാര്‍ഡിലും പരാതി നല്‍കിയത്.
മേയ് 19 നാണ് കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ അജ്മീര്‍ ഷാ ബോട്ടിനായുള്ള തിരച്ചില്‍ തുടങ്ങുന്നത്. കൊച്ചി മുതല്‍ ഗോവ വരെ ഡോണിയര്‍ വിമാനവും രാജദൂത്, സാവിത്രി ഭായ് ഫുലെ, വിക്രം എന്നീ കപ്പലുകളും ഒരാഴ്ചയോളം തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട്, നാവികസേനയും ഒരാഴ്ചക്കാലം മല്‍പെ ആഴക്കടലില്‍ തൊഴിലാളികള്‍ക്കായി തിരച്ചില്‍ നടത്തി. ഇതിനോടൊപ്പം തന്നെ കുളച്ചലില്‍ നിന്നും ബേപ്പൂരില്‍ നിന്നുമുള്ള മത്സ്യബന്ധന ബോട്ടുകളില്‍ കാണാതായവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ആഴ്ചകളോളും തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

ബോട്ട് കടലില്‍ മുങ്ങുകയോ തകരുകയോ ചെയ്താല്‍ ബോട്ടിന്റെ ഭാഗങ്ങളോ ഫ്‌ളോട്ടോ ബോയയോ ജാക്കറ്റോ ഒക്കെ കടലില്‍ പൊന്തിക്കിടക്കാറുണ്ട്. ബോട്ടിലെ ഡീസലും കടലില്‍ പരക്കും. എന്നാല്‍ അജ്മീര്‍ ഷാ ബോട്ടിന്റെ ഒരു അടയാളവും എവിടെ നിന്നും കിട്ടിയിട്ടില്ല. ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് കപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കപ്പുറം എത്തിയിട്ടുണ്ടാവും എന്ന പ്രതീക്ഷയായിരുന്നു ബോട്ടുടമയ്ക്കും തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും പിന്നെ ഉണ്ടായിരുന്നത്. ഏതെങ്കിലും രാജ്യത്ത് ബോട്ട് കണ്ടെത്തുകയോ തൊഴിലാളികളെ കസ്റ്റഡിയില്‍ എടുക്കുകയോ ചെയ്തിട്ടുണ്ടോ എന്നറിയാന്‍ കേന്ദ്ര ഏജന്‍സികളും അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല.
മാസങ്ങളോളം അന്വേഷിച്ചിട്ടും യാതൊരു തുമ്പും കിട്ടാതായതോടെ എല്ലാ ഏജന്‍സികളും അന്വേഷണം അവസാനിപ്പിച്ചു. അജ്മീര്‍ ഷാ ബോട്ടും അതിലെ തൊഴിലാളികളേയും കാണാതായതില്‍ ദുരൂഹത മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നായ എംവി കൈരളി കപ്പലിന്റെ തിരോധാനം പോലെ മറ്റൊന്നാണ് ഇപ്പോള്‍ അജ്മീര്‍ ഷാ ബോട്ടും. 1979ല്‍ കാണാതായ എംവി കൈരളി കപ്പലിനെ കുറിച്ച് കാണാതായി 43 വര്‍ഷം കഴിഞ്ഞിട്ടും വിവരങ്ങളൊന്നുമില്ല.
കുളച്ചലിലെ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 20 ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. എന്നാല്‍ ബോട്ടിനോ അതിലെ തൊഴിലാളികള്‍ക്കോ എന്ത് സംഭവിച്ചു എന്ന് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ ബംഗാളിലെ തൊഴിലാളികളുടെ ആശ്രിതര്‍ക്കോ കേരള സര്‍ക്കാരില്‍ നിന്ന് ബോട്ടുടമയ്‌ക്കോ സാമ്പത്തികസഹായം ഒന്നും കിട്ടിയിട്ടില്ല. ഒരു കോടി രൂപ വില വരുന്ന ബോട്ട് നഷ്ടപ്പെട്ട ബോട്ടുടമ കെ.ടി. ഷംസുദ്ദീന്‍ കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ക്ക് പരാതി നല്‍കി നഷ്ടപരിഹാരത്തിനായി കാത്തിരിക്കുകയാണ് ഇപ്പോഴും. ബംഗാളിലെ തൊഴിലാളികളുടെ ബന്ധുക്കള്‍ ബന്ധപ്പെട്ട വകുപ്പുകളിലും പരാതി നല്‍കിയിട്ടുണ്ട്.
അജ്മീര്‍ ഷാ ബോട്ട് കാറ്റില്‍പ്പെട്ട് തകര്‍ന്നത് തന്നെയാവാനാണ് സാധ്യതയെന്ന് ബോട്ടുടമകളും വിവിധ വകുപ്പുകളും അനൗദ്യോഗികമായി പറയുമ്പോഴും നിറഞ്ഞപ്രതീക്ഷയിലാണ് കൊട്ടില്‍പാട് ഗ്രാമവും ഇവിടെയുള്ള ബന്ധുക്കളും മേയ് ആറിനാണ് ബോട്ടിലെ തൊഴിലാളികളില്‍ ചിലര്‍ അവസാനമായി വീടുകളിലേക്ക് വിളിച്ചത്. എന്നെങ്കിലും ഒരു ദിവസം വീണ്ടും ഇതുപോലെ ഒരു വിളി വരുമെന്ന പ്രതീക്ഷയില്‍ ഫോണ്‍ കയ്യെത്തും ദൂരത്ത് വെച്ച് കാത്തിരിക്കുന്നുണ്ട് ഇവരുടെ ബന്ധുക്കള്‍.
കപ്പല്‍ തകര്‍ന്ന് എല്ലാവരും മരിച്ചിട്ടുണ്ടാവുമെന്നാണ് എല്ലാവരും പറയുന്നത്. ഞങ്ങളത് വിശ്വസിക്കില്ല. എന്റെ ഭര്‍ത്താവും കൂടെയുള്ളവരും എവിടെയോ ജീവിച്ചിരിച്ചിരിപ്പുണ്ടെന്ന് ഉറപ്പാണ് ഒരു ദിവസം വരും. പാകിസ്താന്‍ പോലെ ഏതെങ്കിലും രാജ്യത്തെ തടങ്കലിലോ ചെറുദ്വീപിലോ അങ്ങനെ എവിടെയെങ്കിലും ഉണ്ടാവും. മരിച്ചിട്ടുണ്ടെങ്കില്‍ 16 പേരില്ലെ ഒരാളുടേയോ കപ്പലിന്റേ എന്തെങ്കിലും അവശിഷ്ടം കിട്ടണ്ടേ… അവര്‍ക്ക് ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല.
അവര്‍ തിരിച്ച് വന്നാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കണമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ ഞങ്ങള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം തന്നത് അവര്‍ വരും ഞങ്ങള്‍ പണം തിരിച്ചടയ്ക്കുമെന്നും ബോട്ടിലുണ്ടായിരുന്ന മൈക്കിള്‍ ജാക്‌സണിന്റെ ഭാര്യ ഫിനിഷ്മ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. മകനെ തിരിച്ചുതരണമെന്ന് കടലമ്മയോടും ദൈവത്തോടും പ്രാര്‍ഥിക്കുകയാണ്. അവന്‍ തിരിച്ചുവരും എല്ലാവരും വരും ബോട്ടിലുണ്ടായിരുന്ന കെകിലന്റെ അമ്മ കണ്‍മണിയും പറയുന്നു.
തമിഴ്‌നാട്ടിലെ തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് മാത്രമാണ് സര്‍ക്കാരില്‍ നിന്ന് ധനസഹായം കിട്ടിയത്. ബംഗാളിലെ തൊഴിലാളികളുടെ കുടുംബങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. ഒരു കോടി രൂപ വിലമതിക്കുന്ന ബോട്ടാണ് ബോട്ടുടമകള്‍ക്ക് നഷ്ടമായത്. സര്‍ക്കാരില്‍ നിന്ന് ധനസഹായം കിട്ടിയാല്‍ ഈ കുടുംബങ്ങള്‍ക്ക് സഹായം ചെയ്യാം എന്നുണ്ട്. മന്ത്രിമാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും മാറി നിവേദനം നല്‍കുന്നതല്ലാതെ ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും ആക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ കാരിച്ചാല്‍ പ്രേമന്‍ പറഞ്ഞു. ഇനിയെങ്കിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കനിയണമെന്നാണ് ബോട്ടുടമകള്‍ക്കും ആക്ഷന്‍ കമ്മിറ്റിയും പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here