താജ്മഹലുമായി ബന്ധപ്പെട്ട് പുതിയ അവകാശ വാദവുമായി ജയ്പൂർ രാജകുടുംബാംഗവും ബിജെപി എംപിയുമായ ദിയാ കുമാരി

0

ന്യൂഡൽഹി: താജ്മഹലുമായി ബന്ധപ്പെട്ട് പുതിയ അവകാശ വാദവുമായി ജയ്പൂർ രാജകുടുംബാംഗവും ബിജെപി എംപിയുമായ ദിയാ കുമാരി. ജയ്പൂർ രാജകുടുംബത്തിന്റെ കൊട്ടാരം താജ്മഹൽ ഭൂമിയിലായിരുന്നുവെന്നും മുഗൾ ചക്രവർത്തി ഷാജഹാൻ ഭൂമി പിന്നീട് കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് ദിയാ കുമാരിയുടെ വാദം. ഇതോടെ താജ്മഹൽ ഭൂമിയിൽ അവകാശവാദമുന്നയിച്ചിരിക്കുകയാണ് ബിജെപി എംപി.

തന്റെ വാദം തെളിയിക്കുന്ന തക്കതായ രേഖകൾ കൈവശമുണ്ടെന്നാണ് ദിയാ കുമാരി പറഞ്ഞിരിക്കുന്നത്. രാജസ്ഥാനിലെ രാജ്‌സമന്ദ് മണ്ഡലത്തിൽ നിന്നുള്ള ബിജെപി ലോക്സഭാ എംപിയാണ് ദിയാകുമാരി.

”ഇന്ന് സർക്കാർ ഒരു ഭൂമി ഏറ്റെടുത്താൽ അതിന് അർഹമായ നഷ്ടപരിഹാരം നൽകും, അന്ന് രാജകുടുംബത്തിന് ഷാജഹാൻ ചക്രവർത്തി നഷ്ടപരിഹാരം നൽകിയില്ലെന്നും കേട്ടിട്ടുണ്ട്, ഭൂമി കൈവശപ്പെടുത്തിയതിനെതിരെ അപ്പീൽ നൽകാവുന്ന നിയമം അന്നുണ്ടായിരുന്നില്ല, ചരിത്രപരമായി താജ്മഹൽ ഭൂമി തീർച്ചയായും ജയ്പൂർ രാജകുടുംബത്തിന്റേതാണ്”- ദിയാ കുമാരി പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട് കോടതിയിൽ ഹരജി നൽകിയത് നല്ല കാര്യമായി കാണുന്നുവെന്നും തങ്ങളുടെ വാദം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ടാൽ കോടതിക്കു കൈമാറുമെന്നും അലഹബാദ് ഹൈക്കോടതിയിലെ കേസ് പരാമർശിച്ചുകൊണ്ട് ദിയാകുമാരി പറഞ്ഞു. താജ്മഹൽ പരിസരത്തെ 20-ലധികം മുറികളുടെ അടച്ചിട്ട വാതിലുകൾ തുറക്കാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്ഐ) നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ അയോധ്യ യൂണിറ്റിന്റെ മാധ്യമ ചുമതലയുള്ള ഡോ രജനീഷ് സിംഗ് ഹരജി സമർപ്പിച്ചിരുന്നു. ഹിന്ദു വിഗ്രഹങ്ങളുടെയോ ഗ്രന്ഥങ്ങളുടെയോ സാന്നിധ്യം അവിടെയുണ്ടോയെന്ന് പരിശോധിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. നാളെയാണ് കേസ് പരിഗണിക്കുന്നത്.

അതേ സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നോവെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് താൻ രേഖകൾ വിശദമായി പഠിച്ചിട്ടില്ലെന്നായിരുന്നു ബിജെപി എംപിയുടെ മറുപടി. എന്നാൽ ഭൂമി തങ്ങളുടേതാണെന്ന് അവർ ആവർത്തിക്കുകയും ചെയ്തു. താജ്മഹലിലെ സീൽ ചെയ്ത ഭാഗങ്ങൾ തുറക്കണം, അവിടെ എന്താണ് ഉണ്ടായിരുന്നത്, എന്താണ് ഇല്ലാതിരുന്നത് എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ദിയാകുമാരി വ്യക്തമാക്കി. രാജകുടുംബം സ്വയം ഹരജി നൽകുമോ എന്ന കാര്യത്തിൽ കൂടിയാലോചടന നടത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

അതേസമയം താജ്മഹലുണ്ടാക്കിയത് തേജോ മഹാലയ ശിവക്ഷേത്രം പൊളിച്ചാണോ എന്നത് പരിശോധിക്കണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് രം​ഗത്ത് വന്നിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവായ ഡോ. രജനീഷ് സിങ് അലഹബാദ് ഹൈക്കോടതിയെസമീപിച്ചു. മുഗൾ ചക്രവർത്തിയായ ഷാജഹാന്റെ കാലത്ത് താജ്മഹലിനുള്ളിൽ ഒളിപ്പിച്ചുവെച്ച വിഗ്രഹങ്ങളും ലിഖിതങ്ങളും കണ്ടെടുത്ത് ചരിത്ര സത്യങ്ങൾ വെളിപ്പെടുത്താൻ അന്വേഷണസമിതിയെ രൂപവത്കരിക്കണമെന്നാണ് ബി.ജെ.പി അയോധ്യ യൂണിറ്റിന്റെ മീഡിയ കോർഡിനേറ്റർ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ചിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നത്.

തേജോ മഹാലയ എന്നറിയപ്പെട്ടിരുന്ന ശിവക്ഷേത്രമാണ് പിന്നീട് താജ്മഹലായി മാറിയതെന്നാണ് ഹർജിക്കാരനുവേണ്ടി ഹാജരാകുന്ന അഭിഭാഷകനായ രുദ്ര വിക്രം സിങ് പറയുന്നത്. എ.ഡി 1212ൽ തേജോ മഹാലയ ക്ഷേത്രം രാജാ പരമർദി ദേവ് നിർമിച്ചതായി പല ചരിത്ര പുസ്തകങ്ങളിലും പരാമർശിക്കുന്നുണ്ടെന്നും ഈ ക്ഷേത്രം പിന്നീട് ജയ്പൂർ മഹാരാജാവായിരുന്ന രാജ മാൻ സിങ്ങിന് അവകാശമായി ലഭിച്ചതായും അദ്ദേഹം പറയുന്നു. പിന്നീട് ഇത് രാജാജയ് സിങ് കൈവശപ്പെടുത്തുകയും 1632-ൽ ഷാജഹാൻ ഭാര്യയുടെ സ്മാരകമാക്കി മാറ്റുകയും ചെയ്തതായും ഹരജിയിൽ പറയുന്നു.

കൂടാതെ താജ്മഹലിൻറെ പേരിനെക്കുറിച്ചുള്ള സംശയങ്ങളും വാദത്തിൽ ഉന്നയിക്കുന്നുണ്ട്. ഷാജഹാന്റെ ഭാര്യ മുംതാസ് മഹലിന്റെ പേര് അടിസ്ഥാനമാക്കിയാണ് താജ്മഹലിന്റെ പേര് വന്നതെന്നാണ് പറയപ്പെടുന്നത്. എന്നാൽ പല പുസ്തകങ്ങളിലും ഷാജഹാന്റെ ഭാര്യയുടെ പേര് മുംതാസ് മഹലല്ലെന്നും പകരം മുംതാസ്-ഉൽ-സമാനി എന്നാണെന്നും ഒരു ശവകുടീരത്തിന്റെ നിർമാണം പൂർത്തിയാകാൻ 22 വർഷമെടുത്തുവെന്ന് പറയുന്നത് തികച്ചും അസംബന്ധമാണെന്നും ഹർജിയിൽ പറയുന്നു.

താജ്മഹലിന്റെ മുകളിലും താഴെയുമായി 20 മുറികൾ ശാശ്വതമായി പൂട്ടിയിരിക്കുകയാണെന്നും ഇത് തുറക്കാൻ പുരാവസ്ഥു വകുപ്പിന് നിർദേശം നൽകണമെന്നും രുദ്ര വിക്രം സിങ് പറഞ്ഞു. പല ചരിത്രകാരൻമാരും ഹിന്ദു വിശ്വാസികളും ആ മുറികളിൽ ശിവക്ഷേത്രം ഉണ്ടെന്ന് വിശ്വസിക്കുന്നതായും സിങ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here