പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത ബിജെപി വക്താവും യുവമോർച്ച ദേശീയ സെക്രട്ടറിയുമായ തേജീന്ദർപാൽ ബഗ്ഗയെ വീട്ടിൽ പോകാൻ അനുവദിച്ചു

0

ന്യൂഡൽഹി∙ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത ബിജെപി വക്താവും യുവമോർച്ച ദേശീയ സെക്രട്ടറിയുമായ തേജീന്ദർപാൽ ബഗ്ഗയെ വീട്ടിൽ പോകാൻ അനുവദിച്ചു. ബഗ്ഗയ്ക്ക് പൊലീസ് സുരക്ഷ നൽകാനും നിർദേശിച്ചു. ദ്വാരക ഡെപ്യൂട്ടി മജിസ്ട്രേറ്റിന്റേതാണ് ഉത്തരവ്. അഭിഭാഷകരായ വൈ.പി. സിങ്, സങ്കേത് ഗുപ്ത എന്നിവർ ബഗ്ഗയ്ക്കുവേണ്ടി ഹാജരായി. ആക്രമണമുണ്ടാകാൻ ഇടയുണ്ടെന്ന അഭിഭാഷകരുടെ ആശങ്കയെത്തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയത്. 20 മണിക്കൂറോളം പഞ്ചാബ് പൊലീസ് കസ്റ്റഡിയിലായിരുന്ന ബഗ്ഗ ഇന്നലെ രാത്രിയാണ് വീട്ടിലെത്തിയത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കേജ്‌രിവാളിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തെന്ന കേസിൽ ഡൽഹിയിലെ വീട്ടിൽനിന്നാണ് പഞ്ചാബ് പൊലീസ് ബഗ്ഗയെ അറസ്റ്റ് ചെയ്തത്. മൊഹാലിയിലേക്കു കൊണ്ടുപോകുംവഴി ഹരിയാന പൊലീസ് തടഞ്ഞു. പിന്നാലെയെത്തിയ ഡൽഹി പൊലീസ് ബഗ്ഗയെ ഡൽഹിയിലേക്കു മടക്കി കൊണ്ടുവന്നു ദ്വാരക കോടതിയിൽ ഹാജരാക്കി. പഞ്ചാബ് പൊലീസിനെതിരെ തട്ടിക്കൊണ്ടുപോകലിനു കേസെടുക്കുകയും ചെയ്തു. പഞ്ചാബ് പൊലീസ് പഞ്ചാബ്–ഹരിയാന ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ദ്വാരക കോടതിയെ സമീപിച്ച് വീണ്ടും അറസ്റ്റ് ചെയ്യാനായിരുന്നു പഞ്ചാബ് പൊലീസിന്റെ നീക്കം.

ബഗ്ഗയെ തട്ടിക്കൊണ്ടുപോകുന്നുവെന്നു ഡൽഹി പൊലീസ് അറിയിച്ചതനുസരിച്ചാണ് പഞ്ചാബ് പൊലീസിനെ തടഞ്ഞതെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞു. ‘കശ്മീർ ഫയൽസ്’ സിനിമയ്ക്കെതിരെ കേജ്‌രിവാൾ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് തേജീന്ദർ ബഗ്ഗ വിഡിയോയിലും ചില മാധ്യമങ്ങളോടും വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനെതിരെ ആംആദ്മി പാർട്ടി പ്രവർത്തകൻ പഞ്ചാബിലെ മൊഹാലിയിൽ പരാതി നൽകി. പഞ്ചാബ് പൊലീസ് 5 തവണ ബഗ്ഗയ്ക്കു നോട്ടിസ് നൽകിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്നായിരുന്നു അറസ്റ്റ്. അറസ്റ്റിനെതിരെ ഹരിയാന പൊലീസും ഇടപെട്ടതോടെ ഫലത്തിൽ ഇതു 3 സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾ തമ്മിലുള്ള പോരായി മാറി.

LEAVE A REPLY

Please enter your comment!
Please enter your name here