മലമ്പുഴ കൂമ്പാച്ചി ചെറാട് മലയിൽ കുടുങ്ങിയ ബാബു കഞ്ചാവിന് അടിമയെന്ന് റിപ്പോർട്ട്

0

പാലക്കാട്: മലമ്പുഴ കൂമ്പാച്ചി ചെറാട് മലയിൽ കുടുങ്ങിയ ബാബു കഞ്ചാവിന് അടിമയെന്ന് റിപ്പോർട്ട്. യുവാവ് കഞ്ചാവ് ഉപയോഗിച്ച ശേഷം ലഹരി മൂത്ത് അക്രമാസക്തനാകുന്നതിന്റെയും സ്വന്തം അമ്മയെ ഉൾപ്പെടെ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. ലഹരി മൂത്ത ബാബു തന്നെ നിയന്ത്രിക്കാനെത്തിയ ചെറുപ്പക്കാരെയും ആക്രമിക്കുന്നുണ്ട്. താൻ ആത്മഹത്യ ചെയ്യാൻ പോകുന്നു എന്നലറിക്കൊണ്ടാണ് ബാബു അക്രമം കാട്ടുന്നത്.

2022 ഫെബ്രുവരി എട്ടിനാണ് ബാബു ചെങ്കുത്തായ ചെറാട് മലയിൽ കുടുങ്ങിയത്. ബാബുവും സുഹൃത്തുക്കളുമാണ് മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കിൽ കുടുങ്ങുകയായിരുന്നു. ബാബു തന്നെ അറിയിച്ചത് അനുസരിച്ച് ഉടൻ രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി. നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്‌സും രക്ഷപ്പെടുത്താൻ പലവിധ ശ്രമങ്ങൾ നടത്തിയെങ്കിലും വിഫലമായി. തുടർന്ന് സൈന്യവും എൻ ഡി ആർ എഫും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ബാബുവിനെ തിരിച്ചിറക്കിയത്.

പർവതാരോഹണ വിദഗ്ധരടക്കമുള്ള കരസേനാ സംഘം ബെംഗളൂരുവിൽനിന്ന് സുലൂർ വഴിയും മറ്റൊരു സൈനികസംഘം ഊട്ടി വെല്ലിങ്ടനിൽ നിന്നുമാണ് ബാബുവിന്റെ രക്ഷാപ്രവർത്തനത്തിന് എത്തിയത്. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ഹേമന്ത് രാജ് ഉൾപ്പെടെ 24 പേരടങ്ങുന്ന 2 സംഘങ്ങളാണ് രക്ഷാദൗത്യത്തിനായി മല മുകളിലേക്കു കയറിയത്. ഡ്രോൺ ഉപയോഗിച്ച് ബാബു ഇരുന്നിരുന്ന സ്ഥലം നിരീക്ഷിക്കുകയും ഭക്ഷണം എത്തിക്കാനും ശ്രമിച്ചിരുന്നു.

പൊലീസ്, അഗ്‌നിരക്ഷാസേന, വനം റവന്യു വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ബാബുവിന്റെ അടുത്ത് എത്താനായില്ല. അന്ന് രാത്രി ഇരുട്ടിയതോടെ രക്ഷാപ്രവർത്തനം നിർത്തി സംഘം മലമുകളിൽ ക്യാംപ് ചെയ്യുകയായിരുന്നു. പിറ്റേന്ന് രാവിലെ ആറ് മണിയോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. രാവിലെ 10 മണിയോടെ തന്നെ ബാബുവിനെ മലയിടുക്കിൽ നിന്ന് രക്ഷപ്പെടുത്തി മലമുകളിലെത്തിച്ചു.

പിന്നീട് ഹെലികോപ്ടർ മാർഗമാണ് ബാബുവിനെ താഴെയെത്തിച്ചത്. ഇവിടെ നിന്ന് ആംബുലൻസിൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. മലമ്പുഴ ചെറാട് കുമ്പാച്ചി മലയ്ക്ക് ആയിരം മീറ്റർ മീറ്റർ ഉയരമുണ്ട്. ചെങ്കുത്തായ മലനിരകളിലൂടെ നടക്കാൻ പോലും പ്രയാസമാണെന്നിരിക്കെ മല കയറുന്നതിനു നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

ഇതിനിടെ, ബാബുവിന്റെ ജീവിതം സിനിമയാക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാൽ, ഈ വാർത്തകൾ നിഷേധിച്ച് ഒമർ ലുലു തന്നെ പിന്നീട് രം​ഗത്തെത്തി. ബാബുവിന്റെ കഥ ഒമർ സിനിമയാക്കുന്നെന്നും സിനിമയിൽ പ്രണവ് മോഹൻലാൽ നായകനാകുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രതികരണം.

ബാബുവിനെ രക്ഷിക്കാൻ ചെലവായത് 17,315 രൂപയാണ് ചിലവായതെന്ന് പാലക്കാട് ജില്ലാ കളക്ടർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലയുടെ ചോദ്യത്തിന് പാലക്കാട് ജില്ലാ കളക്ടറാണ് ഇക്കാര്യം മറുപടിയായി അറിയിച്ചത്. രക്ഷാപ്രവർത്തനം നടത്തിയ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളുടെയും മറ്റ് രക്ഷാപ്രവർത്തകരുടെയും ഭക്ഷണത്തിനാണ് ഈ തുക ചെലവഴിച്ചതെന്ന് കളക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here