സൈലന്റ് വാലിസൈരന്ധ്രിയില്‍ കാണാതായ വനം വാച്ചര്‍ രാജന്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി സഹപ്രവര്‍ത്തകരുടെ മൊഴി

0

കൊച്ചി: സൈലന്റ് വാലിസൈരന്ധ്രിയില്‍ കാണാതായ വനം വാച്ചര്‍ രാജന്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി സഹപ്രവര്‍ത്തകരുടെ മൊഴി. ജോലിയില്‍നിന്നു പിരിച്ചുവിടുമോയെന്നായിരുന്നു സാമ്പത്തിക ബാധ്യതകളുള്ള രാജന്റെ ഭീതി. ”താന്‍ സര്‍വീസിലിരിക്കെ മരിച്ചാല്‍ ആശ്രിതര്‍ക്കു ജോലി കിട്ടുമോ” എന്നു പലരോടും ചോദിച്ചിരുന്നെന്നും വിവരം ലഭിച്ചു.
പിരിച്ചുവിടുന്നതിനു മുമ്പായി ജീവിതം അവസാനിപ്പിച്ച് ആശ്രിതര്‍ക്കു ജോലി കിട്ടാന്‍ സാഹചര്യമൊരുക്കുകയാണു രാജന്‍ ചെയ്തതെന്ന സംശയം ബലപ്പെടുകയാണ്. എന്നാല്‍, ദിവസവേതനക്കാരനായതിനാല്‍ ആശ്രിതനിയമനത്തിനു സാധ്യത കുറവാണെന്നാണു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
ദിവസവേതനാടിസ്ഥാനത്തില്‍ 20 വര്‍ഷമായി ജോലി ചെയ്യുന്ന രാജന് (55) ഇനി ഒരു വര്‍ഷമേ ജോലിയില്‍ തുടരാനാകൂ. 56 വയസാണു പ്രായപരിധിയെങ്കിലും തുടരുകയാണു പതിവ്. അതിനിടെ, വനം-വന്യജീവി വകുപ്പിനു കീഴിലെ ദിവസവേതന ജീവനക്കാരെ പിരിച്ചുവിടാന്‍ കഴിഞ്ഞ നവംബറില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവിറക്കിയിരുന്നു.
ചട്ടവിരുദ്ധമായി നിരവധിപേര്‍ ദീര്‍ഘകാലമായി ജോലിയില്‍ തുടരുന്നതായും ഇതു നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കും അഴിമതിക്കും കാരണമാകുന്നതായും ശ്രദ്ധയില്‍പ്പെട്ടതായി ഉത്തരവില്‍ പറയുന്നു. ആദ്യഘട്ടമെന്ന നിലയില്‍ പട്ടികജാതി- വര്‍ഗത്തില്‍ പെട്ടവര്‍, മരിച്ച ജീവനക്കാരുടെ ആശ്രിതര്‍, ഏതെങ്കിലും പ്രത്യേക ഉത്തരവിലോ നിര്‍ദേശപ്രകാരമോ ജോലി ചെയ്യുന്നവര്‍ എന്നിവരൊഴികെ 56 വയസു പിന്നിട്ട എല്ലാ ദിവസവേതനക്കാരുടെയും സേവനം ഉടന്‍ അവസാനിപ്പിക്കാനാണു നിര്‍ദേശം.
ദിവസവേതന നിയമം ദീര്‍ഘിപ്പിച്ചു നല്‍കിയതിലൂടെയോ പുനര്‍നിയമനത്തിലൂടെയോ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ വനംഓഫീസുകളില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സി.പി.ഐ. െകെകാര്യം ചെയ്തിരുന്ന വകുപ്പ് എന്‍.സി.പിക്കു ലഭിച്ചപ്പോള്‍ തങ്ങളുടെ പാര്‍ട്ടിക്കാരെ നിയമിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഉത്തരവിറക്കിയത്. ഇതോടെ വര്‍ഷങ്ങളായി ജോലി ചെയ്യന്നു നിരവധി പേര്‍ക്കു ജോലി നഷ്ടമാകുന്ന സ്ഥിതിയാണ്. ഉത്തരവു വന്നതോടെ പലരും കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നാണു ജീവനക്കാര്‍ പറയുന്നത്.
െസെലന്റ്‌വാലിയില്‍ ഇപ്പോള്‍ കഞ്ചാവ് കൃഷിയില്ലാത്തതിനാല്‍ ലഹരിമാഫിയ തട്ടിക്കൊണ്ടുപോയതാകാന്‍ സാധ്യതയില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. വന്യമൃഗങ്ങള്‍ ആക്രമിച്ചെങ്കില്‍ വസ്ത്രവും ചെരുപ്പുമൊക്കെ കാട്ടില്‍ അവശേഷിക്കണം. കാട് അരിച്ചുപെറുക്കിയിട്ടും യാതൊന്നും കണ്ടെത്താനായില്ല. അതിനിടെയാണ് അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനം.
മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച മേഖലയാണു െസെരന്ധ്രി കാടുകള്‍. വര്‍ഷങ്ങളായി ഇവിടെ ജോലി നോക്കുന്ന രാജനു കാട്ടുവഴിയെല്ലാം മനഃപാഠമാണെന്നും അച്ഛന്‍ കാടുവിട്ടു വേറെങ്ങും പോകില്ലെന്നുമാണു മകളും സഹോദരിയും പറയുന്നത്. മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയതാകാനുള്ള സാധ്യതയും അധികൃതര്‍ പരിശോധിച്ചിരുന്നു. അടുത്ത മാസം രാജന്റെ മകളുടെ വിവാഹമാണ്. അതിനുമുമ്പേ രാജനെ കണ്ടെത്തണമെന്നാണു കുടുംബത്തിന്റെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here